2018ലെ മണ്ഡലകാല ആരംഭം മുതല്‍ യുവതികളെ ശബരിമലയില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ പരിശ്രമിച്ചുകൊണ്ടിരുന്നു. രാപകലില്ലാതെ ഭക്തര്‍ ശബരിമലയ്ക്ക് കാവല്‍ നിന്നു. എല്ലാ ദിവസവും രാത്രിയില്‍ നാമജപവുമായി അവര്‍ ശബരീശ സന്നിധിയില്‍ അയ്യന്റെ ദാസരായി കണ്ണിമ ചിമ്മാതെ കാവലിരുന്നു. മണ്ഡലവിളക്ക് തീരുന്നത് വരെ പൂങ്കാവനം പരിപാവനമായി കാത്തു.
കേരളത്തില്‍ നിന്നുള്ളവരെ ശബരിമലയില്‍ എത്തിക്കാനാകാതെ വന്നതോടെയാണ് തമിഴ്നാട്ടില്‍ നിന്നുള്ള യുവതികളെ എത്തിക്കാന്‍ സര്‍ക്കാര്‍ തിരക്കഥ തയാറാക്കിയത്. മനീതി സംഘത്തെ കൂട്ടുപിടിച്ചു. സര്‍ക്കാരും സിപിഎമ്മും പൂര്‍ണ പിന്തുണ നല്കി. ഡിസംബര്‍ 22ന് മധുരയില്‍ നിന്ന് പതിനൊന്നംഗ മനീതി സംഘം യാത്ര തിരിക്കുമ്പോള്‍ മുതല്‍ പിണറായി പോലീസ് സുരക്ഷയൊരുക്കി. പക്ഷേ പമ്പ ഗണപതി ക്ഷേത്രത്തില്‍ കെട്ടുനിറയ്ക്കാന്‍ മനീതികള്‍ ശ്രമിച്ചപ്പോള്‍ മേല്‍ശാന്തി ഉള്‍പ്പടെയുള്ളവര്‍ പ്രതിരോധം സൃഷ്ടിച്ചു. തുടര്‍ന്ന് സ്വന്തമായി കെട്ടുനിറച്ച് മലകയറാന്‍ ഒരുങ്ങിയപ്പോള്‍ ഭക്തര്‍ പ്രതിഷേധ മലതീര്‍ത്തു. പിണറായിയുടെ പോലീസും മനീതി സംഘവും പമ്പയില്‍ നിന്ന് തോറ്റോടി.
ഡിസംബര്‍ 24ന് വീണ്ടും ആചാരലംഘനത്തിന് സര്‍ക്കാര്‍ ശ്രമം നടത്തി. തീവ്ര ഇടത് മാവോയിസ്റ്റ് ബന്ധമുള്ള ബിന്ദുവും കനകദുര്‍ഗയും മലകയറാന്‍ എത്തി. നിലവിളിക്കുന്ന അമ്മമാരേയും കുട്ടികളെയും തള്ളിമാറ്റി, ഭക്തരെ ഷീല്‍ഡുകള്‍ കൊണ്ട് ഇടിച്ചു മാറ്റി ചന്ദ്രാനന്ദന്‍ റോഡിന്റെ പകുതി വരെ എത്തിച്ചു. അപ്പോഴേക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരും പ്രതിരോധം സൃഷ്ടിച്ചു. ശരണം വിളികള്‍ വാനോളം ഉയര്‍ന്നപ്പോള്‍ പോലീസ് ഇരുവരെയും കൊണ്ട് തിരിച്ചു മലയിറങ്ങി.
ജനുവരി മൂന്നിന് പുലര്‍ച്ചെ നെഞ്ചുതകര്‍ന്നാണ് ഓരോ വിശ്വാസിയും ആ വാര്‍ത്തകേട്ടത്. കോടിക്കണക്കിന് അയ്യപ്പഭക്തരെയും വിശ്വാസികളെയും വഞ്ചിച്ച് പിണറായി സര്‍ക്കാര്‍ ബിന്ദുവിനെയും കനകദുര്‍ഗയെയും സന്നിധാനത്ത് ഒളിപ്പിച്ചുകടത്തി. ശത്രുരാജ്യത്തോട് എന്ന തരത്തിലാണ് പോലീസ് വിശ്വാസ സമൂഹത്തോടു പെരുമാറിയത്.
രഹസ്യ സങ്കേതത്തില്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പരിശീലനം നല്കി. ഏഴ്ദിവസം പോലീസ് വിശദമായ പദ്ധതി തയാറാക്കി. തിരക്ക് കുറഞ്ഞ സമയമായ പുലര്‍ച്ചെ ഗണപതി ഹോമം നടക്കുന്ന സമയം തെരെഞ്ഞെടുത്തു. പദ്ധതി നടപ്പിലാക്കിയത് പോലീസ് അസോസിയേഷനിലെ കണ്ണൂര്‍ ലോബി ആയിരുന്നു. പുരുഷ വേഷത്തില്‍ ഇരുവരെയും പമ്പയില്‍ എത്തിച്ചു. പമ്പയില്‍ ആരെയോ പന്നികുത്തിയെന്ന് പറഞ്ഞ് സന്നിധാനത്തുള്ള വനംവകുപ്പിന്റെ ആംബുലന്‍സ് വിളിച്ചു വരുത്തി. അതില്‍ കയറ്റി ഇരുവരെയും ചരല്‍മേട് എത്തിച്ചു. തിരക്കും വെളിച്ചവും കുറവായതിനാല്‍ ആരും പെട്ടന്ന് തിരിച്ചറിഞ്ഞില്ല. സംശയം തോന്നി ചോദിച്ചവരോട് ട്രാന്‍സ്ജന്‍ഡേഴ്സ് എന്ന് പറഞ്ഞു. ചന്ദ്രാനന്ദന്‍ റോഡ് വഴി അരവണ പ്ലാന്റിന് സമീപത്ത് ഭസ്മക്കുളത്തിന് അടുത്തുള്ള ഗേറ്റിന് സമീപം എത്തിച്ചു. അതു വഴി വടക്കേ നടയിലേക്കുള്ള സ്റ്റാഫ് ഗേറ്റിലേക്കും.
സന്നിധാനത്തെ പോലീസിനോട് ഐജിയുടെ അതിഥികള്‍ എന്ന് പറഞ്ഞു. വടക്കേ നടവഴി ബലിപ്പുരയ്ക്ക് ഉള്ളിലൂടെ വിശ്വാസികളുടെ നെഞ്ചില്‍ ചവുട്ടി ശ്രീകോവിലിലെ ഏറ്റവും പിന്നിലെ ക്യൂവിലെത്തി. വിശ്വാസികള്‍ എന്ന് സര്‍ക്കാര്‍ വിശേഷിപ്പിച്ച ഇവര്‍ അയ്യപ്പനെ തൊഴുതത് പോലും ഇല്ല. നിമിഷനേരം കൊണ്ട് ഭസ്മക്കുളത്തിലേക്ക് ഇറങ്ങുന്ന ഗേറ്റ് വഴി പുറത്തേക്ക് കടന്നു. ഇതെല്ലാം ഒപ്പം ഉണ്ടായിരുന്ന പോലീസുകാര്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചു. ആ ദൃശ്യങ്ങളിലെ സംഭാഷണങ്ങള്‍ തെളിവ് ശേഖരിക്കുക എന്ന സര്‍ക്കാര്‍ ഗൂഢാലോചന പുറത്തു കൊണ്ടുവന്നു.
സംഭവം മുഖ്യമന്ത്രി സ്ഥിരീകരിച്ചതോടെ അയ്യപ്പഭക്തരെ കണ്ണീരിലാഴ്ത്തികൊണ്ട് നെയ്യഭിഷേകം നിര്‍ത്തിവച്ച് അയ്യന്റെ ശ്രീകോവില്‍ അടച്ചു. ശുദ്ധികലശം നടത്തി. അയ്യപ്പഭക്തരുടെ കണ്ണീരിലായിരുന്നു ശുദ്ധികലശം. അമ്മമാരും വിശ്വാസികളും നാമജപങ്ങളുമായി തെരുവില്‍ ഇറങ്ങി. ആയിരക്കണക്കിന് ഭക്തരുടെ പേരില്‍ കേസെടുത്തു. പോലീസുകാര്‍ വീടുകള്‍ കയറി ഇറങ്ങി അയ്യപ്പഭക്തരെ വലിച്ചിഴച്ച് ജയിലിലടച്ചു. ഒന്നും മറക്കരുത്….കനലായി എരിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: