എല്‍ഡിഎഫും യുഡിഎഫും കേരളം ഭരിച്ചിരുന്ന കാലത്തെല്ലാം ശബരിമലയുടെ നേരെ അതിക്രമങ്ങളും കൈയേറ്റങ്ങളും നടന്നിട്ടുണ്ട്. ശബരിമലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നത് ഈ രണ്ട് സര്‍ക്കാരുകളുടേയും കാലത്താണ്. 1983ല്‍ യുഡിഎഫിന്റെ ഭരണകാലത്ത് കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് നിലക്കല്‍ പ്രക്ഷോഭം ഉണ്ടായത്. 1983ല്‍ ശബരിമല ക്ഷേത്രത്തിന്റെ പൂങ്കാവനം കൈയേറ്റം നടത്തിയതിനെ അനുകൂലിച്ചും അവര്‍ക്ക് അനുകൂലമായ എല്ലാ പരിരക്ഷയും നല്‍കിയുമാണ് അന്നത്തെ മുഖ്യമന്ത്രി കരുണാകരന്‍ രംഗത്തു വന്നത്. അന്ന് ശബരിമലയ്‌ക്ക് എതിരെ കൈയേറ്റമായി ഭക്തജനങ്ങള്‍ ഇതിനെ കരുതിയെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ ഇതിനെ ന്യായീകരിക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ നടത്തി.
2018ല്‍ ശബരിമലയില്‍ നിരോധനം ഏര്‍പ്പെടുത്തി ആചാരങ്ങള്‍ മുഴുവന്‍ ലംഘിക്കാന്‍ കൂട്ടുനിന്നുകൊണ്ടാണ് എല്‍ഡിഎഫിന്റെ ശബരിമല വിരുദ്ധ സമീപനം വെളിച്ചെത്തുവന്നത്. രണ്ട് സന്ദര്‍ഭങ്ങളിലും കേരളത്തിലെ അയ്യപ്പ ഭക്തന്മാര്‍ വേദനയോടെയാണ് ആ സന്ദര്‍ഭങ്ങളെല്ലാം കഴിച്ചുകൂട്ടേണ്ടി വന്നത്. എല്‍ഡിഎഫും യുഡിഎഫും ശബരിമലയുടെ കാര്യത്തില്‍ യാതൊരുവിധ അനുകൂല നിലപാടുകളും സ്വീകരിച്ചിരുന്നില്ല. ശബരിമല ഇന്നുകാണുന്ന വിധത്തില്‍ യാതൊരു വികസനപ്രവര്‍ത്തനങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെ നിരവധി പ്രശ്‌നങ്ങള്‍ കൊണ്ട് ഭക്തജനങ്ങള്‍ പൊറുതി മുട്ടേണ്ടിവന്ന സാഹചര്യത്തിന്റെ സൃഷ്ടികര്‍ത്താക്കള്‍ എല്‍ഡിഎഫും യുഡിഎഫും തന്നെയാണ്.
ശബരിമലയിലെ യാതൊരു അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ശബരിമല എന്നുപറയുന്ന അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രം ഉള്ളതുകൊണ്ടാണ് ഇന്ന് കേരള സര്‍ക്കാരിന്റെ സാമ്പത്തിക നില പോലും ഭദ്രമാകുന്നതെന്ന പരമാര്‍ത്ഥം അംഗീകരിക്കാന്‍ പോലും തയാറല്ല. കേരളത്തില്‍ മൂന്നു കോടിയോളം അയ്യപ്പഭക്തന്മാര്‍ പല വഴികളിലൂടെ എത്തുന്നു എന്ന കണക്ക് ആരും നിഷേധിച്ചിട്ടില്ല. അങ്ങനെ അയ്യപ്പന്മാര്‍ കേരളത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ അവര്‍ ചെലവഴിക്കുന്ന തുകയില്‍ നല്ലൊരു ഭാഗം നികുതിയായി കേരളത്തിന്റെ ഖജനാവിലേക്ക് എത്തുന്നുണ്ട്. നമുക്കറിയാം, ഒരു വര്‍ഷം ലക്ഷക്കണക്കിന് വാഹനങ്ങളാണ് ഈ കേരളത്തിന്റെ വീഥികളിലൂടെ കടന്നു പോകുന്നത്.
പെട്രോള്‍ അടിക്കുമ്പോള്‍ ഈ സര്‍ക്കാരിന് നല്ലൊരു ഭാഗം ടാക്‌സായി ലഭിക്കുന്നുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ആ വഴിയാണ് ഏറ്റവും അധികം വരുമാനം ഈ സര്‍ക്കാരിന് ഉണ്ടാകുന്നത്. മറ്റൊരു കണക്ക് നോക്കുമ്പോള്‍ കെഎസ്ആര്‍ടിസിക്കും വാട്ടര്‍ അതോറിട്ടിക്കും കെഎസ്ഇബിക്കും മറ്റും വലിയൊരു വരുമാനമാണ് ശബരിമലയില്‍ നിന്നും ലഭിക്കുന്നത്. ഇങ്ങനെയെല്ലാം കൊള്ള ലാഭം ഉണ്ടാക്കുകയാണ് ഇവര്‍ ചെയ്യുന്നത്.
ഇപ്പോള്‍ ശബരിമല തീര്‍ത്ഥാടനത്തിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ആചാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. ശബരിമല വിനോദസഞ്ചാരമല്ല. കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് പമ്പാ സ്‌നാനം വിലക്കുന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. ആചാരങ്ങളെ സംബന്ധിച്ച് എപ്പോഴും അഭിപ്രായം പറയാനുള്ള അവകാശം തന്ത്രിക്കാണ്. എല്ലാവരുമായി കൂടിയാലോചിച്ചേ തീരുമാനമെടുക്കാന്‍ സാധിക്കൂ. ആചാരങ്ങള്‍ തടയാന്‍ മതേതര സര്‍ക്കാരിന് അവകാശമില്ല. എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണ്.
സ്ത്രീ സമത്വത്തിനായി ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ നടന്ന പിണറായി സര്‍ക്കാര്‍ അയ്യപ്പന്മാരെ തല്ലിച്ചതച്ചു. കള്ളക്കേസെടുത്ത് ജയിലിലാക്കി. സുപ്രീം കോടതി വിധി എന്നു പറഞ്ഞായിരുന്നു അതെല്ലാം ചെയ്തത്. സുപ്രീംകോടതി വിധി ഇപ്പോഴും നിലവിലുണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ എന്താണ് ശബരിമലയില്‍ പഴയ നിലപാട് തുടരാത്തത്? ഈ തദ്ദേശ തെരഞ്ഞെടുപ്പിലും ശബരിമല പ്രധാന വിഷയമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: