ന്യൂദല്‍ഹി : എസ്എന്‍സി ലാവ്‌ലിന്‍കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. കേസിലെ രേഖകള്‍ ഹാജരാക്കാന്‍ സമയം വേണമെന്ന് സിബിഐ വീണ്ടും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി. ജനുവരി ഏഴിനാണ് കേസ് വീണ്ടും പരിഗണിക്കുക. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
അതേസമയം കേസ് വീണ്ടും വീണ്ടും മാറ്റിവെയ്‌ക്കുന്നതില്‍ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചു. അടുത്തമാസം ഏഴിനകം കേസ് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനും സിബിഐക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലാവലിന്‍ കേസ് ഇന്ന് പരിഗണനയ്‌ക്ക് എടുത്തപ്പോള്‍ തന്നെ വാദം ഉന്നയിക്കാന്‍ തയ്യാര്‍ ആണെന്ന് സിബിഐയ്‌ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ വിശദമായി വാദം കേള്‍ക്കേണ്ട കേസ് ആണിതെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വ്യക്തമാക്കി. ഉച്ചക്ക് ശേഷം മറ്റൊരു കേസില്‍ തനിക്ക് ഹാജരാകേണ്ടത് ഉണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
കൂടാതെ കേസില്‍ ചില അധിക രേഖകള്‍ ഫയല്‍ ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും അത് ഇതുവരെയും ഫയല്‍ ചെയ്തിട്ടില്ലെന്ന് കസ്തൂരിരംഗ അയ്യര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആര്‍. ബസന്ത് കോടതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് രേഖകള്‍ ഫയല്‍ ചെയ്യുകയാണെങ്കില്‍ അത് ഹാജരാക്കാനും ആവശ്യപ്പെട്ട് കോടതി കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റിവെയ്‌ക്കുകയായിരുന്നു. വിശദമായ വാദം കേള്‍ക്കേണ്ട കേസ് ആയതിനാല്‍ ജനുവരി ഏഴിന് ബെഞ്ച് പരിഗണിക്കുന്ന അവസാനത്തെ കേസായി ലിസ്റ്റ് ചെയ്യാനാണ് കോടതി നിര്‍ദ്ദേശം.
ഒക്ടോബര്‍ 8നു കേസ് ഇതിന് മുന്പ് പരിഗണിച്ചപ്പോള്‍, കേസിനെക്കുറിച്ച് ഒരു കുറിപ്പും വിവിധ ഹര്‍ജികളുമായി ബന്ധപ്പെട്ട രേഖകളും കോടതിക്കു നല്‍കാമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞിരുന്നു. രേഖകള്‍ സമാഹരിച്ചു നല്‍കാനാണ് സിബിഐ സാവകാശം ആവശ്യപ്പെട്ടത്. കേസ് 2017 ഒക്ടോബര്‍ 27നാണ് സുപ്രീം കോടതി ആദ്യം പരിഗണിച്ചത്. അതിനുശേഷം പല കാരണങ്ങളാല്‍ 17 തവണ മാറ്റിവെച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: