കോഴിക്കോട് : സംസ്ഥാന സര്‍ക്കാരിന്റെ പിന്മാറ്റത്തെ തുടര്‍ന്ന് ശബരി റെയില്‍പാത ദക്ഷിണ റെയില്‍വേ മരവിപ്പിച്ചു. പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് ഒരു വര്‍ഷത്തിനിടെ പല തവണ ഫയല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുമ്പില്‍ എത്തിയെങ്കിലും നടപടി സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് മരവിപ്പിച്ചിരിക്കുന്നത്.
കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ തുല്യ പങ്കാളിത്തത്തിലാണ് ശബരി പദ്ധതിയുടെ നടത്തിപ്പ് ആസൂത്രണം ചെയ്തത്. എന്നാല്‍ 50:50 എന്ന തോതില്‍ ചെലവ് പങ്കിടാന്‍ ഇടത് സര്‍ക്കാര്‍ വിസമ്മതിക്കുകയായിരുന്നു. സ്ഥലമെടുപ്പിനും പ്രയാസം നേരിട്ടതോടെയാണ് ദക്ഷിണ റെയില്‍വേ പദ്ധതി മരവിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതോടെ രണ്ട് പതിറ്റാണ്ട് മുമ്പ് കേന്ദ്രാനുമതി ലഭിച്ച പദ്ധതിയാണ് ഒന്നും എത്താതെ നിന്നുപോവുന്നത്. പദ്ധതിയുടെ ചെലവ് വഹിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിക്കാതെ മുമ്പോട്ട് പോകാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ ദക്ഷിണ റെയില്‍വേ.
അങ്കമാലി മുതല്‍ എരുമേലി വരെയായിരുന്നു നിര്‍ദ്ദിഷ്ട ശബരി പാത. പദ്ധതിക്ക് അനുമതിയായി 23 വര്‍ഷം ആയിട്ടും അങ്കമാലി മുതല്‍ കാലടി വരെയുള്ള പാതയില്‍ 90 ശതമാനം മാത്രമാണ് പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടുള്ളത്. മധ്യകേരളത്തിലെ മൂന്ന് ജില്ലകളെ ബന്ധിപ്പിച്ച് യാത്രാസൗകര്യം കൂട്ടുന്നതാണ് ശബരി പാത. ഇത് പ്രാവര്‍ത്തികമാകുന്നതോടെ ശബരിമല വികസനത്തിനും സഹായകമാകുമെന്നാണ് വിലയിരുത്തല്‍. പാത നിര്‍മാണത്തിനായുള്ള എഞ്ചിനീയറിങ് ഓഫീസ് ഇപ്പോഴും കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
2015-16 മുതലാണ് റെയില്‍ വികസനത്തിന് പകുതി തുക വഹിക്കാമെന്ന് ധാരണാപത്രത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ചത്. 2012ല്‍ 2800 കോടി ചിലവ് കണക്കാക്കപ്പെട്ടിരുന്ന പാത പൂര്‍ത്തിയാവണമെങ്കില്‍ ഇപ്പോള്‍ 5000 കോടിയെങ്കിലും ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്കമാലി,കാലടി, മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ, പാലാ, രാമപുരം, എരുമേലി വഴിയുള്ള ശബരി റെയിലിന് 14 സ്റ്റേഷനുകളാണ് തീരുമാനിച്ചിരുന്നത്. വര്‍ഷം ഇത്രയും പിന്നിട്ടിട്ടും ഇതില്‍ കാലടി സ്റ്റേഷന് മാത്രമാണ് നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ശബരിക്കായി അങ്കമാലിക്കായി നിലവിലെ സ്്റ്റേഷന് തന്നെയാകും ഉപയോഗിക്കുക.
116 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയ്ക്കായി മൊത്തം 180.51 കോടി രൂപയാണ് ഇതുവരെ ചിലവഴിച്ചിട്ടുള്ളത്. കേരളത്തിന്റെ റെയില്‍ വികസനം സംബന്ധിച്ച് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടന്നെങ്കിലും തുക അനുവദിക്കുന്നതില്‍ ധാരണയായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: