ആലപ്പുഴ: സിപിഎം അഭിമാന ചിഹ്നമായി ഒരു കാലത്ത് കരുതിയിരുന്ന അരിവാള്‍ ചുറ്റിക നക്ഷത്രം ഇന്ന് സഖാക്കള്‍ക്ക് അപമാനമായി മാറുന്നു. വോട്ട് ലഭിക്കണമെങ്കില്‍ അരിവാള്‍ ഉപേക്ഷിക്കേണ്ട ഗതികേടില്‍. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ വരെ അടവു നയത്തിന്റെ ഭാഗമായി അഭിമാന ചിഹ്നത്തെ ഉപേക്ഷിച്ച് മൊബെല്‍ ഫോണും, ശംഖും ഒക്കെ ചിഹ്നമായി സ്വീകരിക്കേണ്ട ഗതികേടില്‍.
കേരളത്തെ ഒരു കാലത്ത് ചുവപ്പിച്ച ആലപ്പുഴ ജില്ലയില്‍ പോലും സഖാക്കള്‍ക്ക് ‘അരിവാള്‍’ വേണ്ട. പുറക്കാട് ഗ്രാമപഞ്ചായത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം, ബ്രാഞ്ച് സെക്രട്ടറി, രണ്ടു പാര്‍ട്ടി അംഗങ്ങള്‍ എന്നിവര്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുന്നു. 18-ാം വാര്‍ഡില്‍ മത്സരിക്കുന്ന എ.എസ്. സുദര്ശനന് പുറക്കാട് ലോക്കല്‍ കമ്മിറ്റി അംഗവും 17-ാം വാര്‍ഡില്‍ മത്സരിക്കുന്ന അന്‍വര്‍ സാദത്ത് 16-ാം വാര്‍ഡ് ബ്രാഞ്ച് സെക്രട്ടറിയും 16-ാം വാര്‍ഡില്‍ മത്സരിക്കുന്ന ഡി. മനോജും ഒന്നാം വാര്‍ഡില്‍ മത്സരിക്കുന്ന ശ്രീദേവി ബിജിത്തും പാര്‍ട്ടി മെമ്പര്‍മാരുമാണ്.
സുദര്‍ശനനും അന്‍വര്‍ സാദത്തും മനോജും മൊബൈല്‍ ചിഹ്നത്തിലും ശ്രീദേവി ബിജിത്ത് ശംഖ് ചിഹ്നത്തിലുമാണു മത്സരിക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബ്ലോക്ക് പഞ്ചായത്ത് തോട്ടപ്പള്ളി ഡിവിഷനില്‍ ശ്രീദേവി ബിജിത്ത് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചു പരാജയപ്പെട്ടിരുന്നു. തീരദേശം ഉള്‍പ്പെടുന്ന വാര്‍ഡുകളില്‍ പാര്‍ട്ടി ചിഹ്നം വിട്ട് മത്സരിക്കാന്‍ തീരുമാനിച്ചത് അടവുനയത്തിന്റെ ഭാഗമാണെന്നാണ് ന്യായീകരണം. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 13-ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശരണ്യ ആര്. നായരും ശംഖ് ചിഹ്നത്തിലാണ് മത്സരിക്കുന്നത്. സിപിഎം നേതാവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ജി. വേണുലാല്‍ പാര്‍ട്ടി ചിഹ്നത്തില്‍ ജയിച്ച വാര്‍ഡിലാണു പാര്‍ട്ടി സ്വതന്ത്ര സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നത്.
സിപിഎം ചേര്‍ത്തല ഏരിയ കമ്മിറ്റി അംഗവും മുന്‍ നഗരസഭാധ്യക്ഷയുമായ ഏലിക്കുട്ടി ജോണ്‍ ചേര്‍ത്തല നഗരസഭ 27-ാം വാര്‍ഡില്‍ മൊബൈല്‍ ഫോണ്‍ ചിഹ്നത്തിലാണു മത്സരിക്കുന്നത്. സിപിഐ അംഗവും മുന്‍ നഗരസഭ അംഗവുമായ പെണ്ണമ്മ തോമസ് 33-ാം വാര്‍ഡില്‍ ഇതേ ചിഹ്നത്തില്‍ സ്വതന്ത്രയാണ്.
മാവേലിക്കര നഗരസഭയില്‍ മത്സരിക്കുന്ന ഇടതു സ്വതന്ത്രരില്‍ നാലു പേര് സിപിഎം, പോഷക സംഘടന ഭാരവാഹികളാണ്. വാര്‍ഡ് മൂന്നിലെ എച്ച്. പ്രവീണ്‍ സിപിഎം മാവേലിക്കര ടൗണ്‍ തെക്ക് ലോക്കല്‍ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ ടൗണ്‍ തെക്ക് സെക്രട്ടറിയുമാണ്. ഓട്ടോറിക്ഷയാണു പ്രവീണിന്റെ ചിഹ്നം. സിപിഎം മാവേലിക്കര ടൗണ്‍ തെക്ക് ലോക്കല്‍ കമ്മിറ്റിയംഗവും ജനാധിപത്യ മഹിള അസോസിയേഷന് മാവേലിക്കര മേഖല പ്രസിഡന്റുമായ അജന്ത പ്രസാദ് നാലാം വാര്‍ഡില്‍ മത്സരിക്കുന്നതും ഓട്ടോറിക്ഷ ചിഹ്നത്തിലാണ്. വാര്‍ഡ് എട്ടിലെ സ്ഥാനാര്‍ഥി ബിബിന്‍ ഡാനിയേല്‍ ഡിവൈഎഫ്ഐ തഴക്കര യൂണിറ്റ് പ്രസിഡന്റാണ്. ബിബിനും ഓട്ടോറിക്ഷയാണു ചിഹ്നം. വാര്‍ഡ് ഒന്‍പതില്‍ സിപിഎം മാവേലിക്കര ടൗണ്‍ വടക്ക് ലോക്കല്‍ കമ്മിറ്റിയംഗം തോമസ് മാത്യു കാര്‍ ചിഹ്നത്തിലാണു മത്സരിക്കുന്നത്.
തലവടി ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി രത്നമ്മ ഗോപി ക്ലോക്ക് ചിഹ്നത്തില്‍ മത്സരിക്കുന്നു. നിലവില്‍ സിപിഎം തലവടി ലോക്കല്‍ കമ്മിറ്റി അംഗമാണ്. തുറവൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം ലോക്കല്‍ കമ്മിറ്റി മുന്‍ അംഗവുമായ ആര്. ശിവദാസന്‍ ഒന്‍പതാം വാര്‍ഡില്‍ കായ്ഫലമുള്ള തെങ്ങ് ചിഹ്നത്തിലാണ് മത്സരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: