ശ്ലോകം 275
അനാത്മവാസനാജാലൈഃ
തിരോഭൂതാത്മവാസനാ
നിത്യാത്മനിഷ്ഠയാ തേഷാം
നാശേ ഭാതി സ്വയം സ്ഫുടാ
എണ്ണമറ്റ അനാത്മ വസ്തുക്കളുടെ നേരെയുള്ള അഭിനിവേശം മൂലം ആത്മസാക്ഷാത്കാരത്തിനുള്ള ആഗ്രഹം മറഞ്ഞു പോകുന്നു. നിരന്തരമായ ആത്മാനുസന്ധാനത്താല് വിഷയാശ നശിക്കുമ്പോള്‍ ആത്മാവ് സ്വയം തെളിഞ്ഞ് പ്രകാശിക്കും. ലോക, ദേഹ, ശാസ്ത്ര വാസനകളാകുന്ന അനാത്മ വാസനകളുടെ കൂട്ടത്താല്‍ ആത്മ വാസന മറയ്ക്കപ്പെടുന്നു.
നിത്യമായ ആത്മനിഷ്ഠയാല് അനാത്മ വാസനകള്‍ നശിച്ച് ആത്മസ്വരൂപം പ്രകാശിക്കും.ആത്മാവിന്റെ സുഗന്ധം മറഞ്ഞിരിക്കുകയാണ്. അനാത്മ വസ്തുക്കളെ അനുഭവിക്കാനുള്ള അതിയായ കൊതി ആത്മാവിനെ പൊടിയും മാറാലയുമായി മറയ്ക്കുന്നു.
ചില്ല് ജനാലയില്‍ പൊടിയോ അഴുക്കോ ചിലന്തിവലയോ മറ്റോ പറ്റിപ്പിടിച്ചാല്‍ ജനലിന് അപ്പുറമുള്ള സൗന്ദര്യം വേണ്ട പോലെ കാണാനാവില്ല.
പുറം കാഴ്ചകള്‍ മങ്ങലോടെയാകും കാണുക.
ശരീരം, മനസ്സ,് ബുദ്ധി എന്നിവയിലൂടെ വിഷയ വികാരവിചാരങ്ങളെ അനുഭവിക്കാനുള്ള വ്യഗ്രത അപകടമാണ്. തടുക്കാനാവാത്ത അധമമായ ലൗകിക വാസനകളാണ് നമ്മെ ഉത്കൃഷ്ട ലക്ഷ്യത്തില്‍ നിന്ന് തടയുന്നത്.
ആസുരീ സമ്പത്തുകളെന്ന മാനസവാസനകളും വാസനാ ജാലത്തില്‍ ഉള്‍പ്പെടും.
നിരന്തരമായ ആത്മാനുസന്ധാനം വഴി ആത്മമഹിമയെ മറച്ചിരിക്കുന്ന പൊടിയും മാറാലയുമൊക്കെ നീക്കാം. ശാസ്ത്ര പഠനം, ധ്യാനാഭ്യാസം, ഈശ്വരഭജനം, നിഷ്കാമ കര്‍മ്മം എന്നിവ ആത്മാര്‍ത്ഥമായി അനുഷ്ഠിക്കുന്നവര്‍ സാധനയില്‍ വിജയിക്കും. ജീവിതം ധന്യമാകും. മേഘങ്ങള്‍ നീങ്ങുമ്പോള്‍ സൂര്യന് തെളിഞ്ഞ് പ്രകാശിക്കും പോലെ വാസനകള്‍ നീങ്ങിയാല്‍ ആത്മാവ് സ്വയം പ്രകാശത്താല്‍ പ്രകടമാകും.
ശ്ലോകം 276
യഥാ യഥാ പ്രത്യഗവസ്ഥിതം മനഃ
തഥാ തഥാ മുഞ്ചതി ബാഹ്യവാസനാഃ
നിശ്ശേഷമോക്ഷേ സതി വാസനാനാം
ആത്മാനുഭൂതിഃ പ്രതിബന്ധശൂന്യാ
മനസ്സ് എത്രത്തോളം അന്തരാത്മാവില്‍ അടങ്ങുന്നുവോ അത്രത്തോളം ബാഹ്യ വിഷയങ്ങളില്‍ നിന്ന് പിന്‍വലിയുന്നു.
വാസനകളില്‍ നിന്ന് പൂര്‍ണ്ണമായി മുക്തമാകുമ്പോള്‍ ഒരു തടസ്സവുമില്ലാതെ ആത്മാനുഭൂതി കൈവരുന്നു. മനസ്സ് അന്തരാത്മാവില്‍ ലീനമാകുമ്പോള്‍ പിന്നെ ഭോഗവാസനകള്‍ അവശേഷിക്കുകയില്ല. എല്ലാ വാസനകളും നശിച്ചാല്‍ അകത്തും പുറത്തും നിരന്തരമായ ആത്മാനുഭൂതിയില്‍ മുഴുകാനാവും.
അഭ്യാസം, വൈരാഗ്യം മുതലായവയാല്‍ മനസ്സ് ആത്മാവില്‍ ഉറയ്ക്കുമ്പോള്‍ ഏഷണകളും മമതയും നീങ്ങും. വാസനകള്‍ അവയുടെ ആശ്രയമായ മൂല അജ്ഞാനത്തോടെ നഷ്ടമാകുമ്പോള്‍ ആത്മാനുഭൂതി ലഭിക്കും.
വാസനകള്‍ കുറയുമ്പോള്‍ മനസ്സിലെ വിക്ഷേപങ്ങളും തീര്‍ന്ന് തുടങ്ങും. അപ്പോള്‍ ആത്മവിചാരം ചെയ്യാനുള്ള ബുദ്ധിയുടെ കഴിവ് കൂടി വരും. വാസനകള്‍ മുഴുവന്‍ ഇല്ലാതായാല്‍ മനസ്സ് നിശ്ചലവും പ്രശാന്തവുമാകും. ധ്യാനത്തിന്റെ ഉന്നതിയിലെത്തും. അത് ആത്മാനുഭൂതിയിലേക്ക് നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: