പൂണൂല് പൊട്ടിച്ചിട്ടും ജാതി വാല് മാറ്റാത്തയാളാണ് മാര്‍ക്സിസ്റ്റാചാര്യന്‍ ഇഎംഎസ് നമ്പൂതിരിപ്പാട്. നമ്പൂതിരിപ്പാടിനാകാമെങ്കില് വഞ്ചിയൂരിലെ സിപിഎം സ്ഥാനാര്‍ത്ഥി സഖാവ് ഗായത്രി ബാബുവിന് ഏരിയ മാറി പോസ്റ്ററടിമക്കുമ്പോള് അറ്റത്ത് അല്പം നായരായാലെന്താ കുഴപ്പം? നാല് വോട്ട് കിട്ടുമെങ്കില്‍ തരം പോലെ പോസ്റ്ററടിക്കും, കൊടിപിടിക്കും. മുദ്രാവാക്യവും മാറും. അതാണ് നയം.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചിത്രം തെളിയുമ്പോള്‍ കേരളമാകെ കാണുന്നത് സിപിഎമ്മിന്റെ ഇത്തരം അടവുനയങ്ങളാണ്. നേരത്തെയൊക്കെ അടിപ്പണിയായിരുന്നു ഹരമെങ്കില്‍ ഇപ്പോള്‍ പരസ്യമായിത്തന്നെയാകാതെ തരമില്ലെന്ന് ആയിരിക്കുന്നു. അത്രയ്ക്ക് ദയനീയമാണ് അന്തരീക്ഷം.
ഒറ്റ പോസ്റ്ററില്‍ പോലും മുഖം അടിക്കാനാവാത്ത വിധം വികൃതമാണ് മുഖ്യമന്ത്രി അടക്കമുള്ളവരുടെ ചിത്രങ്ങള്‍. സ്വര്‍ണം, സ്വപ്ന, ബിനീഷ്, ശിവശങ്കരന്, ലൈഫ്, കള്ളക്കടത്ത്, കഞ്ചാവ്, പെണ്‍വാണിഭം തുടങ്ങി സകലമാന തല്ലുകൊള്ളിത്തരങ്ങളുടെയും സിംബലായി മാറിയിരിക്കുകയാണ് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഇപ്പോള്‍ താല്‍ക്കാലിക കുപ്പായമിട്ട ഇനിഷ്യലില്‍ ‘എ’ ഉള്ള വിജയരാഘവനും.
ഒന്നും അത്ര വെടിപ്പല്ലാത്തതുകൊണ്ട് ‘എന്റെ തല, എന്റെ ഫുള്‍ ബോഡി’ എന്ന മട്ടില്‍ സ്ഥാനാര്‍ത്ഥികള്‍ സ്വയം സരോജ്കുമാറുമാരാവുകയാണ് പോസ്റ്ററുകളില്‍. പോസ്റ്ററില്‍ മാത്രമല്ല, പ്രചരണ വേദിയിലും കാണാനില്ല ഈ നേതാക്കളെ. പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ ഉദ്ഘാടിക്കുന്നത്.
മലപ്പുറത്ത് പച്ചച്ചെങ്കൊടി പിടിച്ച് പണ്ടേ നയം പ്രഖ്യാപിച്ച കൂട്ടരാണ്. അപ്പോള്‍പിന്നെ വോട്ടിനോടുള്ള ആര്‍ത്തി പറയേണ്ട കാര്യമില്ല. കേരളത്തിനു പുറത്ത് കോണ്‍ഗ്രസിന്റെ കൊടിക്കു കീഴിലാണ് ചെങ്കൊടി കെട്ടുന്നത്. രണ്ടു കൂട്ടരും കെട്ടിപ്പിടിച്ചാണ് പ്രചരണം. കേരളത്തിനുള്ളിലും സംഗതി വ്യത്യസ്തമൊന്നുമല്ല. കോണ്‍ഗ്രസില്‍ സീറ്റില്ലാത്തതിന് പുറത്താക്കിയവര്‍ക്ക് വരെ പിന്തുണയുമായി ഓടുകയാണ് സിപിഎം. കോട്ടയത്ത് ഒരു വാര്‍ഡില്‍ ഒരേ സ്ഥാനാര്‍ത്ഥിയുടെ പടമാണ് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും പോസ്റ്ററില്‍…
അഹങ്കാരവും താന്തോന്നിത്തവും പെരുകിയ പാര്‍ട്ടിയില്‍ നിന്ന് അന്തസ്സില്‍ കൊതിയുള്ളവരെല്ലാം പുറത്തേക്ക് ഒഴുകുകയാണ്. സിപിഎമ്മിന്റെ മുന്തിയ ചുമതലകളിലുള്ളവര്‍ പോലും പാര്‍ട്ടി വിട്ടു. വിട്ടവര്‍ പലരും ബിജെപിയുടെ സ്ഥാനാര്‍ത്ഥികളായി. ആകെ പിടി വിട്ട നിലയിലാണ് നേതാക്കള്‍. ജനങ്ങളെ നേരിടാനാവാത്ത വിധം നാണംകെട്ട് കഴിഞ്ഞാല്‍ പിന്നെ മുന്നും പിന്നും നോക്കേണ്ടതില്ല. കാണുന്ന വള്ളിയിലെല്ലാം കയറിപ്പിടിക്കുക തന്നെ.
അങ്ങനെയാണ് സ്ഥാനാര്‍ത്ഥികള്‍ ‘ഹരികൃഷ്ണന്‍സ്’ കളിക്കുന്നത്. ഏരിയ മാറിയാല്‍ ക്ലൈമാക്സും മാറും. കുറി തൊട്ടും തൊടാതെയും തൊപ്പിയിട്ടും ഇടാതെയും വേഷം മാറിയാണ് വോട്ട് പിടിത്തം. നേരത്തെ കോണ്‍ഗ്രസുകാരുടെ വേഷംകെട്ട് എന്ന് പരിഹസിച്ചവരാണ് ഇപ്പോള്‍ ഇങ്ങനെയൊക്കെ മാറുന്നത്. കാസര്‍കോട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയപ്പോള്‍ നെറ്റിയില്‍ പതിവായി ധരിക്കുന്ന കറുത്ത കുറി മായ്ച്ച് കളഞ്ഞ രാജ്മോഹന്‍ ഉണ്ണിത്താന്, സിപിഎം ട്രോളന്മാരുടെ ഇരയായിരുന്നുവെന്ന് ഓര്‍ക്കണം.
വോട്ട് കിട്ടുമെങ്കില്‍ ഒരു ചെയ്ഞ്ചൊക്കെ ആകുന്നതിലെന്താണ് തെറ്റ് എന്നതാണ് ഇലക്ഷന് കാപ്സ്യൂള്‍. അമ്പലങ്ങളില്‍ നല്കുന്ന എണ്ണയുണ്ടെങ്കില്‍ എത്ര പപ്പടം കാച്ചാമായിരുന്നു എന്ന് ചോദിച്ചു നടന്നവര്‍ കാര്‍ത്തിക വിളക്കിന് അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ ചിരാത് വെച്ച് തിരി തെളിച്ച് പ്രാര്‍ത്ഥന നടത്തിയത് കഴിഞ്ഞ ദിവസമാണ്. ‘മതമല്ല മതമല്ല മതമല്ല പ്രശ്നം, എരിയുന്ന വയറിന്റെ തീയാണ് പ്രശ്നം’ എന്നായിരുന്നു മുദ്രാവാക്യം. സ്ഥാനാര്ത്ഥിയാകണമെങ്കില് മതം നോക്കണം, വോട്ട് എത്രയെന്ന് കൂട്ടണം. അത് മൊത്തത്തില്‍ കീശയിലാക്കാന്‍ വെന്തിങ്ങയെങ്കില് വെന്തിങ്ങ, നിസ്കാരമെങ്കില്‍ നിസ്കാരം, ഇരുമുടിക്കെട്ടെങ്കില് ഇരുമുടിക്കെട്ട്….. എന്തും ചെയ്യും സുകുമാരന്മാരാവുകയാണ് ഇപ്പോള്‍ സഖാക്കന്മാര്.
സംഗതി അങ്ങനെയാണ്. തെരഞ്ഞെടുപ്പ് വരും വരെ മുടിഞ്ഞ യുക്തിവാദമാണ്. വോട്ട് തെണ്ടി നാട്ടിലിറങ്ങുമ്പോള്‍ കാള്‍മാര്‍ക്സിനെ വരെ വേണ്ടിവന്നാല്‍ കാവിയുടുപ്പിക്കും. ചെഗുവേരയെക്കൊണ്ട് കുര്‍ബാന ചൊല്ലിക്കും… വിഎസും വിജയനും വരെ പീലി വെയ്ക്കും… ഓടക്കുഴല്‍ വിളിക്കും… പൗണ്ഡ്രക വാസുദേവന്മാരുടെ അവതാരങ്ങളായി നിരത്തുകള്‍ നിറയും… മദനി മുതല്‍ ഇപ്പോള്‍ മറഡോണ വരെയുള്ളവര്‍ പടമായി പോസ്റ്ററില്‍ ഇടം പിടിക്കുന്നതിന്റെ സൂത്രപ്പണിയെയാണ് അവര്‍ അടവുനയമെന്നും ജനം അവസരവാദമെന്നും വിളിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: