ന്യൂദല്‍ഹി: മുന്‍ രാഷ്ട്രപതി ഡോക്ടര്‍ എ പി ജെ അബ്ദുള്‍ കലാമില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളാനും,ശക്തവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സ്വാശ്രയവുമായ ഒരു ഇന്ത്യയ്ക്കായി പ്രയത്നിക്കാനും ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു യുവാക്കളോട് ആഹ്വാനം ചെയ്തു.ഡോക്ടര്‍ അബ്ദുല്‍ കലാമിനെ പോലെ വ്യത്യസ്തമായി ചിന്തിക്കാന്‍ അദ്ദേഹം യുവാക്കളോട് ആവശ്യപ്പെട്ടു.രാജ്യത്തിന്റെ വലിയൊരു വിഭാഗം ജനങ്ങളെയും ബാധിക്കുന്ന സാമൂഹിക,സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് പരിഹാരം കാണാനും ഉപരാഷ്ട്രപതി പറഞ്ഞു.
ഡോ. ശിവ താണുപിള്ള രചിച്ച ’40 ഇയേഴ്സ് വിത്ത് അബ്ദുല്‍ കലാം അണ് ടോള്‍ഡ് സ്റ്റോറിസ്’ എന്ന പുസ്തകത്തിന്റെ വെര്‍ച്വല്‍ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു യഥാര്‍ത്ഥ കര്‍മ്മയോഗിയായിരുന്ന ഡോ. കലാം, ഓരോ ഇന്ത്യക്കാരനും പ്രചോദനമാണെന്നും വെങ്കയ്യനായിഡു പറഞ്ഞു.
ഡോ. കലാം, ഡി ആര് ഡി ഓ യില്‍ ഉണ്ടായിരുന്ന സമയത്തും പിന്നീട് രാഷ്ട്രപതി ആയപ്പോഴും നിരവധിതവണ അദ്ദേഹവുമായി ആശയവിനിമയം നടത്താന്‍ തനിക്ക് അവസരം ലഭിച്ചിട്ടുള്ളതായി ഉപ രാഷ്ട്രപതി പറഞ്ഞു. ഓരോ തവണ സംസാരിക്കുമ്പോഴും അദ്ദേഹത്തിന്റെ അഗാധ പാണ്ഡിത്യവും , രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുത്താനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹവും തന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളതായും വെങ്കയ്യനായിഡു അനുസ്മരിച്ചു.
‘ഷില്ലോങ് ഐഐഎമ്മില്‍ വെച്ച് ഡോക്ടര്‍ കലാം നടത്തിയ അവസാന പ്രസംഗത്തില്‍, പറഞ്ഞത് നമുക്ക് അനുസ്മരിക്കാം. സൗരയൂഥത്തില്‍ ജീവന് അനുയോജ്യമായ ഒരു ഗ്രഹം മാത്രമേയുള്ളൂ എന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു. ഭാവിതലമുറയ്ക്ക് കൂടി ജീവിക്കാന്‍ അനുയോജ്യമായ വിധത്തില്‍ ഭൂമിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.’ ഡോ. കലാമിന്റെ വിലയേറിയ ഉപദേശം സ്വീകരിച്ചുകൊണ്ട് സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ വികസന മാതൃക നാം കൈക്കൊണ്ടിട്ടുണ്ട് എന്നും വെങ്കയ്യനായിഡു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: