മുംബൈ: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ ഫോമുകളില്‍നിന്ന് ‘ഹിന്ദു’ എന്ന ഓപ്ഷൻ മഹാരാഷ്‌ട്ര സര്‍ക്കാര്‍ നീക്കിയെന്ന് ആരോപണം. ആരോപണമുന്നയിച്ച ബിജെപി എംഎല്‍എ അതുല്‍ ഭട്ഖാല്‍കര്‍ പരീക്ഷാഫോമിന്റെ പകര്‍പ്പും പുറത്തുവിട്ടു. അടുത്ത ബോര്‍ഡ് പരീക്ഷകള്‍ക്കായി പുറത്തിറക്കിയിരിക്കുന്ന പുതിയ പരീക്ഷാഫോമുകളിൽ ഹിന്ദു എന്നതിനുപകരം ‘ന്യൂനപക്ഷമല്ല’ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
24 മണിക്കൂറിനുള്ളില്‍ ഹിന്ദു എന്ന വാക്ക് പരീക്ഷാഫോമില്‍ തിരികെ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ഫോമുകള്‍ കത്തിക്കുന്നതുള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികള്‍ സംസ്ഥാനത്തുടനീളം ബിജെപി സംഘടിപ്പിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. അതേസമയം ബിജെപി എംഎല്‍എ ഉന്നയിച്ച ആരോപണത്തെപ്പറ്റി മഹാരാഷ്‌ട്ര സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
പാര്‍ട്ടി സ്ഥാപക നേതാവ് ബാല്‍ താക്കറെ പ്രചരിപ്പിച്ച ഹിന്ദുത്വ ആദര്‍ശങ്ങള്‍ ശിവസേന ഉപേക്ഷിച്ചുവെന്നും വോട്ട് ബാങ്ക് രാഷ്‌ട്രീയമാണ് തുടരുന്നതെന്നും മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു. മുസ്ലിം കുട്ടികള്‍ക്കായി ബാങ്കുവിളി മത്സരം നടത്തണമെന്ന സേനാ നേതാവിന്റെ നിര്‍ദേശവുമായി ബന്ധപ്പെട്ട വിവാദത്തോട് നാഗ്പൂരില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കപട മതേതരവാദിയായി ശിവസേന മാറി. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും പാര്‍ട്ടി എംപി സഞ്ജയ് റാവത്തും വിഷയത്തില്‍ മൗനം വെടിയണമെന്നും ഫട്‌നാവിസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: