ശ്രീഹരി ഭുവനചന്ദ്രന്
ചിന്നപ്പംപട്ടി മുതല്‍ കാന്‍ബറ വരെ… ആ യാത്രക്ക് സമാനതകളില്ല. ആരേയും സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്ന ദരിദ്രനില്‍ നിന്ന് കോടീശ്വരനിലേക്കുള്ള യാത്ര… തമിഴ്നാട്ടിലെ സേലത്ത് ഒറ്റമുറി വീട്ടില്‍ വളര്‍ന്ന് ടെന്നീസ് ബോളില്‍ കളി പഠിച്ച നടരാജന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള യാത്ര ഐതിഹാസികമായിരുന്നു. ഇരുപതാം വയസില്‍ ആദ്യമായി യഥാര്‍ത്ഥ ക്രിക്കറ്റ് ബോള്‍ കൈകൊണ്ട് തൊട്ട തങ്കരസു നടരാജന് ഇന്ന് ഇന്ത്യന്‍ ടീമിന്റെ തനി തങ്കമാണ്.
ജെ.പി. നട്ടുവെന്ന ജയപ്രകാശിനോട് ഒരു ജനതയാകെ ഇന്ന് കടപ്പെട്ടിരിക്കുന്നു. സേലത്തെ ചേരികളില്‍ ടെന്നീസ് ബോളെറിഞ്ഞ് നടന്ന നടരാജനെ അന്താരാഷ്ട്ര തലത്തിലേക്ക് വളര്‍ത്തിയതില്‍. നടാരജന്റെ ഇടത്തെ കയ്യില്‍ കൈപ്പത്തിക്ക് താഴെ ഒരു പേര് പച്ചകുത്തിയിരിക്കുന്നത് കാണാം, ജെപി എന്ന്. ചെറുപ്പകാലം മുതല്‍ നടരാജന്റെ കൂടെനടന്ന് സ്വപ്നം കാണാന്‍ പഠിപ്പിച്ച സഹയാത്രികനാണ് ജയപ്രകാശ്. നടരാജനോട് ചോദിച്ചാല്‍ ഗോഡ്ഫാദര് എന്ന് പറയും.
തന്റെ കളി ഇഷ്ടമാണോയെന്ന് നടരാജന് ഒരിക്കലും അമ്മയോടോ സഹോദരിമാരോടോ ചോദിക്കാറില്ല. ക്രിക്കറ്റിലെ സ്വപ്നങ്ങളെ കുറിച്ച് സംസാരിക്കാറില്ല. കാരണം അവര്‍ക്ക് ക്രിക്കറ്റ് എന്താണെന്ന് പോലും അറിയില്ല. റേഡിയോയില്‍ ചിലപ്പോള്‍ മാത്രം കേട്ടു പരിചയിച്ച പേര്. എങ്കിലും ഇന്ന് ആ അമ്മയ്ക്ക് സന്തോഷിക്കാം. മകന് ലോകോത്തര വേദിയിലെത്തിയിരിക്കുന്നു. കീഴടക്കാന്‍ ദൂരം ഇനിയും ബാക്കിയുണ്ടെന്നറിയാം. എങ്കിലും യഥാര്‍ത്ഥ കഴിവിനെ കൂട്ടുപിടിച്ചുള്ള 29 കാരനായ നടരാജന്റെ വരും കാല യാത്രക്ക് ഒരു ജനതയുടെയാകെ പ്രാര്‍ത്ഥനയുണ്ടാകും.
സാരി നിര്‍മ്മാണ യൂണിറ്റിലെ ദിവസ വേദനക്കാരനാണ് അച്ഛന് തങ്കരാസ്. അമ്മ ശാന്ത വഴിയരികില്‍ ചെറു കടികള്‍ വില്‍ക്കുന്നു. മൂന്ന് സഹോദരിമാരും ഇളയ സഹോദരനുമുണ്ട്. അഞ്ച് മക്കളില്‍ മൂത്തവനായി ജനിച്ച നടരാജന്റെ ചെറുപ്പം ദാരിദ്ര്യം നിറഞ്ഞതായിരുന്നു. 2011ലാണ് നടരാജന്റെ ജീവിതം മാറിമറിയുന്നത്. ടെന്നീസ് ബോളില്‍ നിന്നും രാജ്യാന്തര വേദിയിലേക്കുള്ള ചുവടുമാറ്റം. തമിഴ്നാട്ടിലെ നാലാം ഡിവിഷണില്‍ ടെന്നീസ് ബോള്‍ ടൂര്‍ണമെന്റുകളില്‍ അത്ഭുതം കാട്ടിയ നടരാജന് മൂന്നാം ഡിവിഷനിലേക്ക് വിളിയെത്തി. ജെപി എന്ന ജയപ്രകാശായിരുന്നു വഴികാട്ടി. പിന്നീട് നടന്നതെല്ലാം ചരിത്രമാണ്. ചിന്നപ്പാംപെട്ടിയില്‍ നിന്ന് കാന്‍ബറവരെയുള്ള ചരിത്രം. തമിഴ്നാട്ടില്‍ അവസാന ഓവറുകളില്‍ ആരെയും വിറപ്പിക്കുന്ന സൂപ്പര്‍ ബോളറായി നടരാജന് മാറിയതോടെ ഐപിഎല്ലില്‍ അവസരമൊരുങ്ങി.
2017ല്‍ കിങ്സ് ഇലവന് പഞ്ചാബ് നടരാജനെ വാങ്ങിയത് മൂന്ന് കോടി രൂപയ്ക്ക്. എന്നാല്‍ അവിടെ തിളങ്ങാനായില്ല. ആറ് മത്സരങ്ങള്‍ കളിച്ച നടരാജന് എറിഞ്ഞിട്ടത് രണ്ട് വിക്കറ്റുകള്‍ മാത്രം. ഇതോടെ പഞ്ചാബ് നടരാജനെ കൈവിട്ടു. പിന്നീട് തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ നടരാജന് തകര്‍ത്തെറിഞ്ഞു. ഒന്നിന് പുറകെ ഒന്നായി യോര്‍ക്കറുകള്‍ തീതുപ്പിയതോടെ സണ്‍റൈസേഴ്സ് ഹൈദരാബാദിലേക്ക് വിളിയെത്തി. സ്പിന്‍ ഇതിഹാസം ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് താരത്തെ ഹൈദരാബാദിലേക്ക് വിളിച്ചത്. ആദ്യ സീസണില്‍ അവസരങ്ങള്‍ ലഭിച്ചില്ലെങ്കിലും കഴിഞ്ഞ സീസണില്‍ ടീമിന്റെ സ്റ്റാര്‍ കാമ്പെയ്നറായി.
ഓസ്ട്രേലിയയുടെ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറുടെ തോളില്‍ കൈയിട്ടു നില്ക്കുന്ന നടരാജന്റെ ചിത്രം ഇന്നും കായിക പ്രേമികള്‍ മറക്കാന്‍ ഇടയില്ല. വാര്‍ണര്‍ വലംകൈയ്യായി കൂടെ നിര്‍ത്തിയതോടെ നടരാജനിലെ പ്രതിഭ വീണ്ടും മിന്നിത്തിളങ്ങി. അഫ്ഗാനിസ്ഥാന് താരം റഷീദ് ഖാന് പിന്നില്‍ ടീമിലെ രണ്ടാമത്തെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായി നടരാജന് മാറി. യോര്‍ക്കര്‍ നടരാജനെന്ന വിളിപ്പേരും ഒപ്പം കൂട്ടി.
ഇതിനിടെ ഓസ്ട്രേലിയയിലേക്ക് വിമാനം കയറിയതും സമാനതകളില്ലാത്ത യാത്രയായി. ടീമിനെ തെരഞ്ഞെടുത്ത ആദ്യ പട്ടികയില്‍ നടരാജനെ ഉള്‍പ്പെടുത്തിയിരുന്നില്ല. നെറ്റ് ബൗളറായി ഇന്ത്യന്‍ താരങ്ങള്‍ക്ക് പരിശീലിക്കാന്‍ മാത്രം ഓസ്ട്രേലിയയിലേക്ക്. എന്നാല്‍ ടീമിലുണ്ടായിരുന്ന വരുണ്‍ ചക്രവര്‍ത്തിക്ക് പരിക്കേറ്റതോടെ ടീമിലുള്‍പ്പെട്ടു. ആദ്യ മത്സരങ്ങളില്‍ ഇന്ത്യ പരാജയപ്പെട്ടതോടെ അവസാന മത്സരത്തില്‍ നടരാജന് നറുക്ക് വീണു. ഇന്ത്യയുടെ ഐതിഹാസികമായ ക്രിക്കറ്റ് ചരിത്രത്തിലെ പതിനൊന്നാമത്തെ മാത്രം ഇടംകൈയ്യന്‍ പേസറായി ചരിത്രം നടരാജനെ രേഖപ്പെടുത്തി. ഓസ്ട്രേലിയയുടെ മുന്‍ നിര താരം മാര്‍നസ് ലെബുഷെയ്നെ പുറത്താക്കി ഏകദിന അരങ്ങേറ്റം ആഘോഷമാക്കി. സേലത്തെ തെരുവുകളില്‍ കളിച്ചു നടന്ന തമിഴ്നാട് പയ്യന് ഏതറ്റം വരെയും സ്വപ്നം കാണാമെന്ന് തെളിയിച്ച നിമിഷം.
കൃത്യതയാര്‍ന്ന യോര്‍ക്കറുകളാണ് നടരാജന്റെ കരുത്ത്. അവസാന ഓവറുകളില്‍ ആഞ്ഞടിക്കാന്‍ വെമ്പുന്ന ബാറ്റ്സ്മാന്മാരെ ക്രീസിന്റെ ഒത്ത നടുവില്‍ പന്തെറിഞ്ഞ് വട്ടം കറക്കുന്ന ബൗളര്‍. ഈ കരുത്താകും വരും പരമ്പരകളില്‍ ഇന്ത്യക്ക് വേണ്ടതും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ നീല കുപ്പായം അണിയുന്ന നടരാജന്റെ ചിത്രവും സേലത്തെ ഗ്രാമങ്ങള്‍ സ്വപ്നം കണ്ട് തുടങ്ങിയിരിക്കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: