ഇടുക്കി: ദേവികുളം ഗ്യാപ്പ് റോഡില്‍ ആഗസ്റ്റിലുണ്ടായ ഉരുള്‍പൊട്ടലില്‍ കൃഷി നശിച്ചവര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന പരാതിയുമായി പ്രദേശവാസികള്‍ രംഗത്ത്.
ഇത് സംബന്ധിച്ച് ഗ്രീന്‍ കെയര്‍ കേരള എന്ന സംഘടന സംസ്ഥാന നിയമ സഭയുടെ പരിസ്ഥിതി കമ്മിറ്റിക്ക് വിശദമായ റിപ്പോര്‍ട്ട് കൈമാറി.
തുടര്‍ച്ചയായ മലിയിടിച്ചിലിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ ആണ് ജില്ലാ കളക്ടര്‍ ഇടപെട്ട് കൊച്ചി-ധനുഷ്കോടി ദേശീയപാതയുടെ നിര്‍മ്മാണങ്ങള്‍ നിര്‍ത്തിയത്. പിന്നാലെ ആഗസ്റ്റിലുണ്ടായ രണ്ട് ഉരുള്‍പൊട്ടലില്‍ 50 ഏക്കറോളം കൃഷിയിടം നശിച്ചു. ഇതോടെ സ്ഥലത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കര്‍ഷകരുടെ രോക്ഷത്തെ തുടര്‍ന്ന് തുടങ്ങാനായില്ല. തീരുമാനമാകാതെ വന്നതോടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇടപെട്ടു. പിന്നാലെ ഇടത് നേതാക്കള്‍ വിഷയം ഒത്തു തീര്‍പ്പാക്കുകയായിരുന്നു. ഇത് പ്രകാരമുള്ള കര്‍ഷകരുടെ ലിസ്റ്റും നല്കി.
എന്നാല്‍ ഇതിനെതിരെയാണ് സ്ഥലത്തെ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. അര്‍ഹതപ്പെട്ടവരെ പലരേയും ഒഴുവാക്കിയതായും മഴയെത്തിയാല്‍ തങ്ങള്‍ക്ക് അടിവാരത്തെ വീടുകളില്‍ കിടന്നുറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്നും പറയുന്നു.
പരിസ്ഥിതി സംഘടനായ ഗ്രീന്‍ കെയര്‍ കേരളയുടെ പ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചു. സംഘടനയുടെ ജില്ലാ പ്രസിഡന്റ് മിനി റോയി, ജന. സെക്രട്ടറി കെ. ബുള്‍ബേന്ദ്രന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതി ഗതികള്‍ വിലയിരുത്തി. അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമായ ചൊക്രമുടി മലനിരകളില്‍പ്പെട്ട സ്ഥലത്തെ അശാസ്ത്രീയ നിര്‍മ്മാണവും വലിയ തോതിലുള്ള പാറപ്പൊട്ടിക്കലുമാണ് വില്ലനായത്.
100 വര്‍ഷം മുമ്പ് ഇവിടെ റോഡ് പണിതപ്പോള്‍ കാണിച്ച ജാഗ്രത പോലും ഇപ്പോള്‍ ഉണ്ടായിട്ടില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി, ഇതാണ് സ്ഥിതി വശളാക്കിയത്. ബൈസണ്‍വാലി, ചൊക്രമുടി, മുട്ടുകാട് മേഖലയിലെ ടൂറിസവും നിലച്ച അവസ്ഥയിലാണ്. സ്ഥലത്ത് നിര്‍മ്മാണം തുടര്‍ന്നാല്‍ അത് വലിയ ദുരന്തമാകും ഭാവിയില്‍ താഴെയുള്ള ജനവാസ മേഖലകളെ കാത്തിരിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
സ്ഥലത്ത് മലയിടിച്ചിലിനെയും ഉരുള്‍പൊട്ടലിനെയും തുടര്‍ന്ന് ഒഴികിയെത്തിയ കരിങ്കല്ല് പൊട്ടിച്ച് നീക്കുന്ന നടപടിയാണ് പുരോഗമിക്കുന്നത്. ജനങ്ങള്‍ ഇതിനെതിരെ സമരവുമായി രംഗത്തിറങ്ങാന്‍ ഒരുങ്ങുകയാണ്. ഈ കല്ലുകള്‍ ഇവിടെ തന്നെ നിര്‍മ്മാണങ്ങള്‍ക്ക് ഉപയോഗിക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്. സംഭവത്തില്‍ അടിയന്തരമായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് ഗ്രീന്‍ കെയര്‍ കേരള ജില്ലാ ജന. സെക്രട്ടറി കെ. ബുള്‍ബേന്ദ്രന്‍ പറഞ്ഞു. മുമ്പും വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു.
അതേ സമയം കര്‍ഷകര്‍ തന്നെ തന്ന ലിസ്റ്റാണ് കൈവശമുള്ളതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയതെന്നും ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അവസാനിക്കുന്ന മുറക്ക് വിഷയം പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: