വാസ്കോ: ശക്തരായ ഹൈദരാബാദ് എഫ്സിയെ ഐഎസ്എല്ലില്‍ ജംഷഡ്പൂര്‍ എഫ്സി സമനിലയില്‍ തളച്ചു (1-1). അമ്പതാം മിനിറ്റില്‍ അഡ്രിയന്‍ സന്റാന ഹൈദരാബാദിനെ മുന്നിലെത്തിച്ചു. 85-ാം മിറ്റില്‍ ജംഷഡ്പൂരിന്റെ സ്റ്റെഫാന്‍ എസ്സെ ഗോള്‍ മടക്കി. ഹൈദരാബാദിന്റെ തുടര്‍ച്ചയായ രണ്ടാം സമനിലയാണിത്. കഴിഞ്ഞ മത്സരത്തില്‍ ഹൈദരാബാദ് ബെംഗളൂരു എഫ്സിയുമായി സമനില പിടിച്ചിരുന്നു. മൂന്ന് മത്സരങ്ങളില്‍ അഞ്ചു പോയിന്റുള്ള ഹൈദരാബാദ് നാലാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളില്‍ രണ്ട് പോയിന്റുള്ള ജംഷഡ്പൂര്‍ എട്ടാം സ്ഥാനത്തും.
ആദ്യ പകുതിയില്‍ കളി വിരസമായിരുന്നു. ഒറ്റപ്പെട്ട അവസരങ്ങള്‍ മാത്രമാണ് ഇരു ടീമുകള്‍ക്കും ലഭിച്ചത്. തുടക്കത്തില്‍ ജംഷഡ്പൂര്‍ മികച്ച നിന്നു. കളി പുരോഗിച്ചതോടെ ഹൈദരാബാദ് കളിക്കളം കൈയ്യടക്കി. പതിനെട്ടാം മിനിറ്റില്‍ ഹൈദരാബാദിന്റെ അഡ്രിയാന സന്റാനയ്ക്ക് നല്ലൊരു അവസരം ലഭിച്ചു. യാസിര്‍ നല്കിയ പാസ് അഡ്രിയാന്‍ കണക്ട്ചെയ്യുമുമ്പ് ജംഷഡ്പൂര്‍ ഗോളി പവന് കുമാര്‍ പന്ത് തട്ടിയകറ്റി.
41-ാം മിനിറ്റില്‍ നര്‍സാരിക്കും അവസരം മുതലാക്കാനായില്ല. ജംഷഡ്പൂര്‍ പ്രതിരോധനിരയെ തകര്‍ത്ത് മുന്നേറിയ നര്‍സാരിയുടെ ഷോട്ട് പുറത്തേക്ക് പോയി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഹൈദരാബാദ് ലീഡ് നേടി. ഹിതേഷ് ശര്‍മയുടെ നീക്കമാണ് ഗോളിന് വഴിയൊരുക്കിയത്. ഹിതേഷ് പന്ത് നര്‍സാരിക്ക് പാസ് ചെയ്തു. നര്‍സാരി ഷോട്ടെടുത്തെങ്കിലും ജംഷഡ്പൂര്‍ ഗോളി പന്ത് തട്ടിത്തെറിപ്പിച്ചു. പന്ത് നേരെ ആഡ്രിയാന്‍ സന്റാനയുടെ കാലുകളിലേക്കാണ് എത്തിയത്. മികച്ച ഒരു ഷോട്ടിലൂടെ സന്റാന പന്ത് വലയിലാക്കി.
ഗോള്‍ വീണതോടെ ഉണര്‍ന്ന് കളിച്ച ജംഷഡ്പൂള് കളി അവസാനിക്കാന്‍ അഞ്ചു മിനിറ്റ് ശേഷിക്കെ ഗോള്‍ മടക്കി. സ്റ്റെഫാന്‍ എസ്സെയാണ് ഹൈദരാബാദിന്റെ വല കുലുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: