കൊല്ലം: ഉത്ര വധക്കേസിലെ രണ്ടാംപ്രതിയും മാപ്പുസാക്ഷിയുമായ ചാവര്‍കാട് സുരേഷ് ഇന്നലെ വിചാരണ കോടതിയില്‍ കണ്ണീരണിഞ്ഞു. താന്‍ രോഗിയാണെന്നും എന്നാല്‍ സത്യം തുറന്നുപറയാതെ മരിക്കാനില്ലെന്നുമായിരുന്നു ആദ്യവാചകം. ഒന്നാം പ്രതിയായ സൂരജ് കാട്ടിയ വഞ്ചനകളാണ് സുരേഷിന് പറയാനുണ്ടായിരുന്നത്.
കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജ് മുമ്പാകെ ഒന്നാം സാക്ഷിയായി വിസ്തരിച്ചപ്പോഴാണിത്. കൊട്ടാരക്കര സ്പെഷ്യല്‍ സബ് ജയിലിലായിരുന്നു സുരേഷ്. തന്റെ പേരും ഫോണ്‍നമ്പരും പോലീസ് സ്റ്റേഷനിലും സാമൂഹ്യമാധ്യമങ്ങളിലും ഉണ്ടെന്നും പാമ്പിനെ ജനവാസ മേഖലകളില്‍ കാണുമ്പോള്‍ പലരും ഫോണില്‍ വിളിക്കുന്നതനുസരിച്ച് പാമ്പിനെ പിടിച്ച് ഫോറസ്റ്റ് ഓഫീസ് വഴി കാട്ടില്‍ വിടുമെന്നും സുരേഷ് പറഞ്ഞു.
2020 ഫെബ്രുവരി 12ന് പ്രതി സൂരജ് തന്നെ ഫോണില്‍ വിളിച്ചാണ് പരിചയപ്പെട്ടത്. പിന്നീട് ചാത്തന്നൂരില്‍വച്ച് നേരില്‍കണ്ടു. അടൂരിലുള്ള തന്റെ വീട്ടില്‍ ഒരു ബോധവല്കരണക്ലാസ് എടുക്കണമെന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 26ന് വെളുപ്പിന് പ്രതിയുടെ വീട്ടില്‍ചെന്നു. ഒപ്പം കൊണ്ടുപോയ അണലിയെ 10,000 രൂപയ്ക്ക് സൂരജ് വാങ്ങി. ബോധവല്കരണത്തിനായി കൊണ്ടുപോയ കാട്ടുചേരയെ സൂരജ് അനായാസമാണ് കൈകാര്യം ചെയ്തത്. പിന്നീട് മാര്‍ച്ച് 21ന് പ്രതി തെറ്റിദ്ധരിപ്പിച്ച് മൂര്‍ഖനെ വാങ്ങി. അതിനുശേഷം പ്രതി തന്നെ ബന്ധപ്പെട്ടിട്ടില്ല.
ഉത്രയുടെ മരണവാര്‍ത്ത പത്രത്തില്‍ വായിച്ചപ്പോള്‍ പ്രതിയെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. പിറ്റേദിവസം മറ്റൊരു നമ്പരില്‍ നിന്നും സൂരജ് വിളിച്ചു. എന്തിനാടാ മിണ്ടാപ്രാണിയെ ഉപയോഗിച്ച് ഈ മഹാപാപം ചെയ്തതെന്ന് താന്‍ ചോദിച്ചപ്പോള്‍ മന്ദബുദ്ധിയായ ഭാര്യയുമായി ജീവിക്കാന്‍ വയ്യാത്തതുകൊണ്ട് ചെയ്തതാണെന്നും ചേട്ടന് ഇതാരോടും പറയരുതെന്നും അല്ലെങ്കില്‍ ചേട്ടനും കൊലക്കേസില്‍ പ്രതിയാകുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും സുരേഷ് മൊഴി നല്കി.
ജയിലില്‍ ഈ സംഭവമോര്‍ത്ത് കരഞ്ഞിരുന്ന തന്നോട് സത്യം കോടതിയെ അറിയിക്കാന്‍ സഹതടവുകാരാണ് പറഞ്ഞത്. താന്‍ രോഗാവസ്ഥ കൊണ്ട് മരിച്ചുപോയാല്‍ സത്യം പുറത്തുവരാതിരിക്കരുതെന്ന് കരുതിയാണ് മുഴുവന്‍ സത്യവും കോടതിയില്‍ പറഞ്ഞതെന്നും വികാരാധീനനായി സുരേഷ് വ്യക്തമാക്കി. സാക്ഷിയുടെ ക്രോസ് വിസ്താരം ഇന്നും തുടരും. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ്, കെ. ഗോപീഷ്കുമാര്‍, സി.എസ്. സുനില്‍ എന്നിവരും പ്രതിഭാഗത്തിനു വേണ്ടി അഡ്വ. അജിത് പ്രഭാവ്, എ അശോക് കുമാര്‍, ജിത്തു എസ് നായര്‍, ബ്രിജേന്ദ്രലാല്‍ എന്നിവരുമാണ് ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: