കൊച്ചി: സ്വര്‍ണക്കടത്ത് പോലെ നടത്തിയ വിദേശ കറന്‍സി കടത്തില്‍ ‘വമ്പന്‍ സ്രാവുകള്‍’ ഉണ്ടെന്നും രഹസ്യാത്മകത സൃഷ്ടിക്കേണ്ടതിനാല്‍ വെളിപ്പെടുത്താനാവില്ലെന്നും കോടതി. കസ്റ്റംസ് സമര്‍പ്പിച്ച, എം. ശിവശങ്കറിന്റെ കസ്റ്റഡി നീട്ടല്‍ അപേക്ഷ പരിഗണിച്ച് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച വിധിയിലാണ് വെളിപ്പെടുത്തല്‍.
സ്വപ്ന സുരേഷ്, സരിത് എന്നിവരുടെ രഹസ്യമൊഴി കസ്റ്റംസ് കോടതിക്ക് നല്‍കിയിരുന്നു. ആ രേഖകള്‍ പരിശോധിച്ചാണ് കോടതി വിധിയിലെ പരാമര്‍ശം. ”മൂന്ന് മൊഴികള്‍ കോടതിക്ക് മുദ്രവച്ച കവറില്‍ കിട്ടി. അതില്‍ വമ്പന്‍ സ്രാവുകളുടെ പങ്ക് വെൡപ്പെടുത്തുന്നു. അതിലെ വിവരങ്ങളും ആളുകളുടെ പേരും രഹസ്യാത്മകത സൂക്ഷിക്കേണ്ടതിനാല്‍ പുറത്തുപറയുന്നില്ല. പറയപ്പെടുന്ന പങ്കാളിത്തം മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്, തീര്‍ച്ചയായും ആഴത്തിലുള്ള അന്വേഷണം ആവശ്യപ്പെടുന്നതുമാണ്. പുതിയ വെളിപ്പെടുത്തലുകള്‍ പ്രകാരം, യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും ഈ വ്യക്തികളും തമ്മില്‍ മുമ്പും പിടിക്കപ്പെടാത്ത ബന്ധം സ്ഥാപിച്ച് കള്ളക്കടത്ത് നടത്തിയിട്ടുണ്ട്.”
അന്വേഷണ ഏജന്‍സിക്ക് ലഭിച്ച പുതിയ ഡിജിറ്റല്‍ തെളിവുകളും പ്രതികളുടെ പുതിയ മൊഴികളും കൂടുതല്‍ അന്വേഷിക്കേണ്ടതുണ്ട്. ആരോപിക്കപ്പെട്ട കുറ്റം ഗൗരവതരമാണ്.
വന്‍തോതിലുള്ള സ്വര്‍ണക്കടത്ത്, അതും നയതന്ത്ര സംവിധാനം ദുരുപയോഗപ്പെടുത്തി, നടത്തുന്നത് മുമ്പുണ്ടായിട്ടില്ലാത്തതാണ്. പ്രതികള്‍ പരസ്പരം നല്കിയ സഹകരണം എങ്ങനെയെല്ലാമായിരുന്നുവെന്ന് കണ്ടെത്തേണ്ടതുണ്ട്. ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: