തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ റെയ്ഡിനെത്തുടര്‍ന്ന് സിപിഎമ്മില്‍ വിഭാഗീയത രൂക്ഷമായി. ഇന്നലെച്ചേര്‍ന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് ധനമന്ത്രി തോമസ് ഐസക്കിനെ തള്ളിപ്പറഞ്ഞെങ്കിലും ഏറ്റുമുട്ടല്‍ ശക്തമായി തുടരുന്നതിന്റെ സൂചനയാണ് പ്രസ്താവനകളില്‍ നിന്ന് ലഭിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പായതുകൊണ്ട് തല്ക്കാലം മിണ്ടുന്നില്ല, അഭിപ്രായം പാര്‍ട്ടിയില്‍ പറയും. തെരഞ്ഞെടുപ്പിനു ശേഷം തുറന്നു പറയും എന്നാണ് തോമസ് ഐസക്കിന്റെ പ്രതികരണം.
സിപിഎം അവയ്ലബിള് സെക്രട്ടേറിയറ്റോടെ തോമസ് ഐസക് പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടെന്ന പ്രതീതിയാണ് പുറത്തു വരുന്നത്. വിജിലന്‍സ് റെയ്ഡിനെക്കുറിച്ച് പരസ്യ പ്രതികരണം നടത്തിയത് ശരിയായില്ല എന്ന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന തോമസ് ഐസക്ക്, ആനത്തലവട്ടം ആനന്ദന് എന്നിവരെ ലക്ഷ്യമിട്ടായിരുന്നു.
കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധന സംബന്ധിച്ചുണ്ടായ ചില പ്രതികരണങ്ങള്‍ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. കെഎസ്ഫ്ഇ പോലെ മികവാര്‍ന്ന സ്ഥാപനത്തിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഈ പരിശോധനയെ ചിലര്‍ ഉപയോഗിക്കുന്നതു കണ്ട് നടത്തിയ പ്രതികരണങ്ങളായിരുന്നു അത്. എന്നാല്‍, അത്തരം പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു.
പാര്‍ട്ടിയിലും സര്‍ക്കാരിലും ഭിന്നിപ്പുണ്ട് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് പ്രസ്താവന മുന്നറിയിപ്പു നല്കുന്നു. പാര്‍ട്ടിയും, എല്‍ഡിഎഫും ഒറ്റക്കെട്ടാണെന്നും ഇത് രാഷ്ട്രീയ എതിരാളികളെ നിരാശരാക്കുന്നുണ്ടെന്നുമാണ് സെക്രട്ടേറിയറ്റിന്റെ കണ്ടെത്തല്‍. എന്തും വിവാദമാക്കാന്‍ ശ്രമിക്കുന്നവര്‍ ഉണ്ടെന്ന തിരിച്ചറിവ് പ്രധാനമാണെന്ന് പാര്‍ട്ടിയിലെ വിമര്‍ശകരെ പ്രസ്താവന ഓര്‍മിപ്പിക്കുന്നുമുണ്ട്.
തോമസ് ഐസക് പരാജയമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് പൂര്‍ണ പരാജയമെന്ന് ആരോപിച്ച് സിപിഎം അവയ്ലബിള് സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം. കെഎസ്എഫ്ഇയില്‍ വിജിലന്‍സ് പരിശോധനയെ തുടര്‍ന്ന് പരസ്യ പ്രതികരണം നടത്തിയ ധനമന്ത്രി തോമസ് ഐസക്കിനെ സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി രൂക്ഷമായാണ് വിമര്‍ശിച്ചത്. എന്നാല്‍ നല്ല ഉദ്ദേശ്യത്തോടെയാണു വിജിലന്‍സിന്റെ നടപടിക്കെതിരെ പ്രതികരിച്ചതെന്നായിരുന്നു ഐസക്കിന്റെ മറുപടി.
ഐസക്കും ആനത്തലവട്ടം ആനന്ദനും നടത്തിയ പരസ്യ വിമര്‍ശനം ഒഴിവാക്കേണ്ടതായിരുന്നു. സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള ആയുധമായി പരസ്യ പ്രതികരണം മാറിയെന്നു മുഖ്യമന്ത്രി പറഞ്ഞു. ഒരു സാധാരണ പരിശോധന എന്ന നിലയിലാണ് കെഎസ്എഫ്ഇയില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്. ഇത് എല്ലാ വകുപ്പിനും
ബാധകമാണ്. മന്ത്രിയില്‍ നിന്നുണ്ടായ പ്രതികരണം സര്‍ക്കാരിന് ചേര്‍ന്നതല്ലെന്നും പിണറായി വിജയന് സെക്രട്ടേറിയറ്റ് യോഗത്തില്‍ പറഞ്ഞു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഉത്തരവാദിത്വപ്പെട്ടവര്‍ പരസ്യമായി പ്രതികരിക്കുന്നത്. ഇത് പാര്‍ട്ടിക്കും സര്‍ക്കാരിനും ദോഷമേ ഉണ്ടാക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു ശേഷം വിവാദങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: