കെഎസ്എഫ്ഇയില്‍ റെയ്ഡ് നടന്നപ്പോള്‍ ഇത് ആരുടെ വട്ടെന്ന് ധനമന്ത്രി തോമസ് ഐസക്. ആരുടെയും വട്ടുമല്ല, റെയ്ഡുമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വട്ടുള്ള ആരും തനിക്ക് വട്ടില്ലെന്ന് ആവര്‍ത്തിക്കും. എന്നാല്‍ വട്ടുള്ള ആളുകള്‍ കാണുന്നവര്‍ക്ക് ആകെ വട്ടാണെന്നേ തോന്നൂ. കേരളത്തിലെ മന്ത്രിമാരിപ്പോള്‍ അങ്ങനെയൊക്കെയാണ്. മുന്നില്‍ കാണുന്നവര്‍ക്കെല്ലാം വട്ടാണെന്നേ പറയൂ. നെഹ്‌റുവിനെപറ്റി പറഞ്ഞുകേട്ട ഒരു സംഭവം കഥയാണോ എന്നറിയില്ല. അദ്ദേഹം ഒരു മാനസികാരോഗ്യകേന്ദ്രം സന്ദര്‍ശിക്കാനെത്തി. ആദ്യം രോഗിയോട് പരിചയപ്പെടാന്‍ മോഹം. ആദ്യം പേരു ചോദിച്ചു. ഏതോ ഒരു പേരു പറഞ്ഞു. നെഹ്‌റുവിനോട് താങ്കളുടെ പേരെന്താണെന്നാരാഞ്ഞു. എന്റെ പേര് നെഹ്‌റു. പ്രധാനമന്ത്രിയാണെന്നും നെഹ്‌റു. രോഗിയുടെ പ്രതികരണം ”ആദ്യം വന്നപ്പോള്‍ ഞാന്‍ പലരോടും പറഞ്ഞത് മഹാത്മാഗാന്ധിയെന്നാണ്” തൊപ്പിമാറ്റി കഷണ്ടിത്തലയൊന്ന് സ്വയം തലോടി നെഹ്‌റുവിന് ചിരിക്കാനേ കഴിഞ്ഞുള്ളൂ.
സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ നേതാക്കള്‍ മാത്രമല്ല മന്ത്രിമാര്‍ പോലും മാനസിക ആരോഗ്യകേന്ദ്രത്തിലെത്തിയ രോഗികളെ പോലെയാണ്. എന്താണ് പറയുന്നത്, എന്താണ് ചെയ്യുന്നത് എന്ന് അവര്‍ക്കും മനസ്സിലാകുന്നില്ല. ജനങ്ങളെല്ലാം അന്തംവിട്ട് നില്‍ക്കുന്നു.
മന്ത്രിസഭയുടെ കരുത്ത് കൂട്ടുത്തരവാദിത്തമാണ്. അത് നഷ്ടപ്പെട്ടിട്ട് കാലം കുറേയായി. മുഖ്യ പ്രതിപക്ഷ കക്ഷിയുടെ അവസ്ഥയും മറിച്ചല്ല. ഇരുകൂട്ടരേയും നിരീക്ഷിക്കുമ്പോള്‍ അവര്‍ ബോധ്യപ്പെടുത്തുന്നത് ‘ഞങ്ങള്‍ ഇങ്ങിനെയൊക്കെയാണ് ഭായി” എന്നാണ്. എല്ലാവര്‍ക്കും വട്ടിളകിയ അവസ്ഥ. അഴിമതിക്കെതിരെ വാളെടുത്തതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയും ഇടതു മുന്നണിയാകെയും. അതുതന്നെ ആവര്‍ത്തിച്ചു പ്രതിപക്ഷ മുന്നണിയും. തെരുവിലിറങ്ങി ഭരണമാകെ അഴിമതിയില്‍ മുങ്ങിയെന്ന് പ്രതിപക്ഷം പറയുന്നു. നിങ്ങളുടെ ആഭാസത്തരങ്ങള്‍ എണ്ണിപ്പറഞ്ഞ് കേസെടുത്തുകൊണ്ടിരിക്കുകയാണെന്ന് ഭരണപക്ഷവും. പണ്ടൊക്കെ അഴിമതിക്കെതിരെ നടപടിയെടുക്കാത്തതിനെതിരെയാണ് പാര്‍ട്ടികള്‍ തെരുവിലിറങ്ങുക. ഇന്നിപ്പോള്‍ അന്വേഷണമോ? അങ്ങിനെ പറ്റില്ലെന്ന് മന്ത്രി. ഒപ്പം മുഖ്യമന്ത്രിയും കുട്ടിയെ എടുക്കാന്‍ പറഞ്ഞാല്‍ അതേ ചെയ്യാവൂ. അമ്മയെ എടുക്കാന്‍ നോക്കേണ്ടെന്ന് അവരുടെ ന്യായം. ഇത്രകാലവും അന്വേഷിക്കാത്തവര്‍ എന്തിനിപ്പോള്‍ അന്വേഷിക്കുന്നതെന്ന് പ്രതിപക്ഷവും ആകെ കലങ്ങി മറിഞ്ഞിരിക്കുന്നു.
ഇടഞ്ഞ കാളയെപ്പോലെയായിരുന്നു ഐസക്ക് തുടക്കം മുതലേ. ആലപ്പുഴക്കാരനായ മന്ത്രി സുധാകരന്‍ കേന്ദ്രസര്‍ക്കാര്‍ മുമ്പെങ്ങുമില്ലാത്തവിധം കേരളത്തെ സഹായിക്കുന്നു എന്ന് ആവര്‍ത്തിക്കുന്നു. ധനമന്ത്രി ഐസക്കാകട്ടെ ”ഇവിടെയാരും വന്നില്ലേ ഇവിടെ ഒന്നും തന്നില്ലേ” എന്ന പല്ലവി ആവര്‍ത്തിച്ചു. ജിഎസ്ടിയുടെ ഗുണഗണങ്ങള്‍ വിവരിച്ച മന്ത്രി പിന്നീട് പറഞ്ഞതെല്ലാം പരസ്പരവിരുദ്ധം. മുഖ്യമന്ത്രി എന്താണോ പറയുന്നത്. നേരെ വിപരീതം ധനമന്ത്രി. മന്ത്രിസഭയിലെ രണ്ടാമനാക്കിയില്ലെന്ന് മാത്രമല്ല, കണ്ണൂര്‍ ലോബിക്ക് ഒന്നും അറിയില്ലെന്ന ഭാവത്തിലാണ് ഐസക്ക്.
കിഫ്ബിയെ കുറിച്ചുള്ള വിവാദം പുതിയ ഉദാഹരണം മാത്രം. സിഎജി റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍ പുറത്തു വിട്ടുകൊണ്ട് ഭരണഘനാ ലംഘനം നടത്തിയ തോമസ് ഐസക്ക് പച്ചക്കള്ളങ്ങളും പറഞ്ഞു. കരട് റിപ്പോര്‍ട്ടാണ് എന്നായിരുന്നു. ആദ്യം നല്‍കിയത് പൂര്‍ണ റിപ്പോര്‍ട്ടാണ് എന്ന് വ്യക്തമാക്കി സിഎജി പത്രക്കുറിപ്പിറക്കിയപ്പോള്‍ രക്ഷയില്ലാതെ കരടാണോ പൂര്‍ണമാണോ എന്ന് തനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്ന തൊടു ന്യായവുമായിട്ടാണ് എത്തിയത്. അന്തിമ റിപ്പോര്‍ട്ട് ആണെന്ന് പറഞ്ഞാല്‍ ഗുരുതരമായ തെറ്റാണെന്ന് അറിയാവുന്നതുകൊണ്ടാണ് ആദ്യം കരടാണെന്ന് പറഞ്ഞത്. കരടായാലും അന്തിമമായാലും ധനകാര്യമന്ത്രിക്ക് ഒരിക്കലും റിപ്പോര്‍ട്ട് കിട്ടില്ല. കിട്ടുക ധനകാര്യ സെക്രട്ടറിക്കാണ്. നില്‍ക്കള്ളിയില്ലാതെ ഇപ്പോള്‍ അന്തിമ റിപ്പോര്‍ട്ടിലെ വിവരങ്ങളാണെന്നു സമ്മതിച്ച ധനമന്ത്രി കരട് റിപ്പോര്‍ട്ടാണെന്ന് പറഞ്ഞത് ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ആണെന്നും പറയുന്നു.
സിഎജി റിപ്പോര്‍ട്ടിലെ കിഫ്ബിക്കെതിരായ പരാമര്‍ശം ആര്‍എസ്എസ് ഗൂഡാലോചനയാണെന്ന് ഒരടിസ്ഥാനവുമില്ലാതെ പറയാനുള്ള ഉളുപ്പില്ലായ്മയും ഐസക്ക് കാട്ടി. പൊട്ടക്കള്ളം പറഞ്ഞും വിഡ്ഢിത്തം വിളമ്പിയും നാണക്കേടുണ്ടാക്കുന്നതില്‍ മോശക്കാരനല്ല താന്‍ എന്ന് പണ്ടേ തെളിയിച്ച ആളാണ് ഐസക്ക്.
‘സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ വായ്പ എടുക്കേണ്ട. റിസര്‍വ് ബാങ്കിനോട് നോട്ട് അച്ചടിക്കാന്‍ പറഞ്ഞാല്‍ മതി. ഒരു ലക്ഷം കോടി രൂപ അധികമായി നോട്ട് അടിക്കുക’ എന്നായിരുന്നു ആഗോള ധനകാര്യ വിദഗ്‌ദ്ധന്‍ എന്നു പറഞ്ഞ് സിപിഎമ്മുകാര്‍ കൊണ്ടാടുന്ന ഐസക്കിന്റെ കേന്ദ്രത്തോടുള്ള ഉപദേശം. അപ്പോള്‍ തന്നെ തിരിച്ചറിയാം ആര്‍ക്കാണ് വട്ടെന്ന്.
പ്രളയകാലത്തും ധനമന്ത്രി എന്ന നിലയില്‍ തോമസ് ഐസക്ക് വട്ടപൂജ്യമെന്ന് തെളിഞ്ഞിരുന്നു. ധനമന്ത്രിയുടെ ‘കഴിവ്’ ബോധ്യപ്പെട്ട മുഖ്യമന്ത്രി ഏഴയലത്ത് അടുപ്പിച്ചില്ല. സ്വന്തമായി ഒരു സാമ്പത്തിക ഉപദേഷ്ടാവിനെ നിയമിച്ചുകൊണ്ട് മുഖ്യമന്ത്രി ധനമന്ത്രിയിലുള്ള ‘അവിശ്വാസം’ രേഖപ്പെടുത്തിയതിന്റെ വിദ്വേഷം നടപടികളിലൂടെയും പെരുമാറ്റത്തിലൂടെയും തീര്‍ക്കുകയായിരുന്നു ഐസക്ക്. അതിന് മറുപടിയാണ് കഴിഞ്ഞ ദിവസം വിജലന്‍സിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പറഞ്ഞത്. അതൊക്കെ സ്വാഭാവിക നടപടിയെന്ന്.
കെഎസ്എഫ്ഇയില്‍ വിജിലന്‍സ് നടത്തിയ പരിശോധന ‘ഓപ്പറേഷന്‍ ബചത്’ ന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനെന്ന് ആരോപണത്തില്‍ വലിയ കഴമ്പൊന്നുമില്ല. മുഖ്യമന്ത്രിക്ക് അതേ ചെയ്യാന്‍ പറ്റൂ. മുഖ്യമന്ത്രി വിജിലന്‍സിനെ ഇറക്കിയില്ലെങ്കില്‍ ഫയലെല്ലാം ഇഡി പൊക്കുമായിരുന്നു. മുഖ്യമന്ത്രി അറിയാതെ കെഎസ്എഫ്ഇ പോലൊരു സ്ഥാപനത്തില്‍ വിജിലന്‍സ് പരിശോധന നടത്തില്ലെന്ന് സിപിഎം നോതാക്കളും തിരിച്ചറിയുന്നു.
കള്ളപ്പണം വെളുപ്പിക്കാന്‍ കെഎസ്എഫ്ഇ ചിട്ടികളെ മറയാക്കുന്നുവെന്നാണ് വിജിലന്‍സിന് ലഭിച്ച പരാതി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു 35 കെഎസ്എഫ്ഇ ശാഖകളില്‍ പരിശോധന. പരാതി നല്‍കിയത് വന്‍ വ്യവസായിയുടെ ബിനാമിയായ വടകര സ്വദേശിയാണെന്നും ഇയാള്‍ മുഖ്യമന്ത്രിയുടെ ഏറ്റവും അടുപ്പക്കാരനെന്നുമാണ് പുറത്ത് വരുന്ന വിവരം. മുഖ്യമന്ത്രിയുടെ അറിവോടെയാണ് പരാതി തയ്യാറാക്കിയതെന്ന വിവരം പുറത്ത് വരുമ്പോള്‍ പരാതിക്കാരന്‍ ആരാണ് എന്ന് വിജിലന്‍സ് വ്യക്തമാക്കിയിട്ടുമില്ല. ആഭ്യന്തര വകുപ്പിനു കീഴിലുള്ള വിജിലന്‍സില്‍ മുഖ്യമന്ത്രിയുടെ അറിവില്ലാതെ വിജിലന്‍സ് ഇത്ര ഗൗരവമുള്ള പരിശോധന ആസൂത്രണം ചെയ്യില്ലെന്ന് സിപിഎം നേതാക്കളും വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയും തോമസ് ഐസക്കും നേരത്തെ തന്നെ രണ്ട് തട്ടിലാണ്. മുഖ്യമന്ത്രി സാമ്പത്തിക ഉപദേഷ്ടാവിനെ വച്ചത് മുതല്‍ ഐസക്-പിണറായി പോര് രൂക്ഷമായിരുന്നു. അന്താരാഷ്‌ട്ര സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിലുള്ളവര്‍ക്കും പങ്കുണ്ടെന്ന് വന്നതോടെ പിണറായിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കത്തിന് കോപ്പ് കൂട്ടിയത് ഐസക് ആയിരുന്നു. സിഎജി റിപ്പോര്‍ട്ട് പുറത്ത് വിട്ടതിന്റെ കൂട്ടത്തില്‍ ലാവ്‌ലിന്‍ അഴിമിതി കൂടി പരാമര്‍ശിച്ചതും പിണറായിയെ ചൊടിപ്പിച്ചു.
മാത്രമല്ല പോലീസ് ആക്ടിലെ ഭേദഗതി ഓഡിനന്‍സിനെതിരെയും ഐസക്ക് പാര്‍ട്ടിക്കുള്ളില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഇതിനെല്ലാം മറുപടി എന്നോണമാണ് വിജിലന്‍സിനെ കൊണ്ടുള്ള പരിശോധന. ഈ പോര് വരും ദിവങ്ങളില്‍ കൂടുതല്‍ രൂക്ഷമാകും. കേന്ദ്ര ഏജന്‍സികള്‍ കിഫ്ബി ഉള്‍പ്പെടെയുള്ള വികസനങ്ങളെ അട്ടിമറിക്കുന്നു എന്നാരോപിച്ച് പ്രതിരോധം സൃഷ്ടിക്കുന്നതിനിടയിലാണ് വിജിലന്‍സിന്റെ നീക്കം എന്നത് ശ്രദ്ധേയമാണ്. വിജിലന്‍സ് നടപടി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വേളയില്‍ സര്‍ക്കാരിനെ കൂടുതല്‍ വെട്ടിലാക്കിയിട്ടുണ്ട്. അതാണ് സിപിഎമ്മിനെ വിറളിപിടിപ്പിച്ചത്. ധനകാര്യമന്ത്രിയുടെ പരസ്യമായ പ്രസ്താവനയ്‌ക്ക് എതിരായി പാര്‍ട്ടി പ്രതികരിച്ചത് കഥ അറിയാതെ ആട്ടംകാണുന്നതുകൊണ്ടാണ്. എല്‍ഡിഎഫും യുഡിഎഫും ആരോപണ പ്രത്യാരോപണങ്ങളാല്‍ അനുദിനം നാറിക്കൊണ്ടിരിക്കുമ്പോഴാണ് വോട്ടെടുപ്പ് നടക്കാന്‍ പോകുന്നത്. ഇരുകൂട്ടരും ഞങ്ങള്‍ ഇങ്ങിനെയൊക്കെയാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്വാഭാവികമായും ഇരുപക്ഷത്തേയും പരീക്ഷിച്ച് പരാജയപ്പെട്ടവര്‍ക്ക് ഇന്ന് ഒരു വഴി തെളിയുന്നുണ്ട്. അതാണ് കേരളത്തില്‍ ഇതുവരെ മൂന്നാംപക്ഷമായിരുന്ന എന്‍ഡിഎയ്‌ക്ക് ഒന്നാം പക്ഷമാകാനുള്ള പഴുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: