തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയേക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ അടിയന്തര ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ജില്ലയിലെ എല്ലാ ദുരന്ത നിവാരണ വിഭാഗങ്ങളും പൂര്‍ണ പ്രവര്‍ത്തന സജ്ജമായി. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ കര, നാവിക, വ്യോമ സേനകളുടേയും ദേശീയ ദുരന്ത നിവാരണ സേനയുടേയും സഹായം ഉറപ്പാക്കിയിട്ടുണ്ടെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു.
ജില്ലയില്‍ ഡിസംബര്‍ മൂന്നിന് അതിതീവ്ര മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ടിനും നാലിനും ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതു മുന്‍നിര്‍ത്തി ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.
അടിയന്തര സാഹചര്യമുണ്ടായാല്‍ ആളുകളെ ഒഴിപ്പിക്കാന്‍ റവന്യൂ – തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ ഒരുക്കം തുടങ്ങി. ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിക്കേണ്ട സ്ഥലങ്ങളുടേയും സ്ഥാപനങ്ങളുടേയും വിശദമായ പട്ടിക തയാറാക്കി. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പു കേന്ദ്രങ്ങളായി നിശ്ചയിച്ചിരിക്കുന്ന സ്ഥാപനങ്ങള്‍ ഒഴിവാക്കിയാണു ദുരിതാശ്വാസ ക്യാംപുകളുടെ പട്ടിക തയാറാക്കിയിരിക്കുന്നത്. ക്യാംപുകള്‍ തുറക്കേണ്ടിവന്നാല്‍ ഇവിടങ്ങളില്‍ വൈദ്യുതിയും വെള്ളവും ഭക്ഷണ സാധനങ്ങളുമെത്തിക്കാന്‍ യഥാക്രമം, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, സിവില്‍ സപ്ലൈസ് വകുപ്പുകള്‍ക്കു നിര്‍ദേശം നല്കി.
അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ വെള്ളപ്പൊക്ക സാധ്യത മുന്നില്‍ക്കണ്ട് ജില്ലയിലെ പ്രധാന നദികളിലെ ജലനിരപ്പ് അപ്പപ്പോള്‍ നിരീക്ഷണ വിധേയമാക്കാന്‍ കളക്ടര്‍ ഹൈഡ്രോളജി വകുപ്പിന് നിര്‍ദേശം നല്കി. നിലവില്‍ രാവിലെ എട്ടിനും ഉച്ചയ്ക്കു 12നും വൈകിട്ട് നാലിനുമാണ് നദികളിലെ ജലനിരപ്പ് പരിശോധിക്കുന്നത്. വരുന്ന മൂന്നു ദിവസങ്ങളില്‍ വൈകിട്ട് ആറിനും എട്ടിനും കൂടി പരിശോധിക്കും. നെയ്യാര്‍, കിള്ളിയാര്‍, കരമനയാര്‍ എന്നിവിടങ്ങളിലെ ജലനിരപ്പാകും ഈ രീതിയില്‍ പരിശോധിക്കുക.
വെള്ളക്കെട്ട് നിവാരണത്തിന് ഇറിഗേഷന്‍ വകുപ്പിന്റെ വെള്ളായണി മധുപാലം പമ്പ് ഹൗസിലെ അഞ്ചു മോട്ടോറുകള്‍ പൂര്‍ണ പ്രവര്‍ത്തനക്ഷമമാക്കി. പൂവാര്‍, വേളി പൊഴികളുടെ കടലിലേക്കുള്ള ഒഴുക്ക് കൂടുതല്‍ സുഗമമാക്കും. മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കനാലുകള്‍ വൃത്തിയാക്കുന്ന നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിനും നിര്‍ദേശം നല്കി.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ, എ.ഡി.എം. വി.ആര്. വിനോദ്, ജില്ലാ പൊലീസ് മേധാവി ബി. അശോകന്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഇ. മുഹമ്മദ് സഫീര്‍, കര, വ്യോമ സേനാ വിഭാഗങ്ങളുടേയും കോസ്റ്റ് ഗാര്‍ഡിന്റേയും പ്രതിനിധികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഡാമുകളില്‍നിന്നു പരമാവധി ജലം ഒഴുക്കിവിടും
അതിതീവ്ര മഴയുണ്ടാകുമെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ പ്രധാന അണക്കെട്ടുകളില്‍നിന്നു പരമാവധി ജലം തുറന്നുവിടാന്‍ ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ നിര്‍ദേശം നല്കി. ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കിയാകണം ഡാമുകള്‍ തുറക്കേണ്ടത്. രാത്രി ഡാം തുറക്കേണ്ട സാഹചര്യം പരമാവധി ഒഴിവാക്കണമെന്നും കളക്ടര്‍ പറഞ്ഞു.
നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകളില്‍ നിലവില്‍ 20 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്. നാളെ (ഡിസംബര്‍ 02) രാവിലെ എട്ടിന് പത്തു സെന്റിമീറ്റര്‍ കൂടി ഷട്ടറുകള്‍ ഉയര്‍ത്തി കൂടുതല്‍ ജലം തുറന്നുവിടും. നിലവില്‍ 84.05 മീറ്ററാണ് ഡാമിന്റെ ജലനിരപ്പ്. 84.75 മീറ്ററാണ് ഫുള്‍ റിസര്‍വോയര്‍ ലെവല്‍.
അരുവിക്കര ഡാമിന്റെ ആറു ഷട്ടറുകളില്‍ ഒരെണ്ണം നിലവില്‍ 20 സെന്റിമീറ്റര്‍ തുറന്നിട്ടുണ്ട്. നിലവില്‍ 46.41 മീറ്ററാണ് അരുവിക്കരയിലെ ജലനിരപ്പ്. 46.6 മീറ്ററാണു പരമാവധി ജലനിരപ്പ്. പേപ്പാറ ഡാമില്‍ നിലവില്‍ 106.6 മീറ്ററാണു ജലനിരപ്പ്. 107.5 മീറ്ററാണു പരമാവധി ജലനിരപ്പ്.
48 വില്ലേജുകളില്‍ പ്രത്യേക ശ്രദ്ധ
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ 48 വില്ലേജുകളില്‍ പ്രത്യേക ശ്രദ്ധ നല്കാന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ റവന്യൂ, പൊലീസ്, തദ്ദേശ സ്വയംഭരണ അധികൃതര്‍ക്കു നിര്‍ദേശം നല്കി.
കരിംകുളം, കാഞ്ഞിരംകുളം, അതിയന്നൂര്‍, വെങ്ങാനൂര്‍, കുളത്തുമ്മല്‍ കള്ളിക്കാട്, ആര്യനാട്, വെള്ളനാട്, ഉഴമലയ്ക്കല്‍, തൊളിക്കോട്, കോട്ടുകാല്‍, പള്ളിച്ചല്‍, മലയിന്‍കീഴ്, മാറനല്ലൂര്‍, കല്ലിയൂര്‍, വിളപ്പില്‍, വിളവൂര്‍ക്കല്‍, കാരോട്, പാറശാല, തിരുപുറം, ചെങ്കല്‍, കുളത്തൂര്‍, കൊല്ലയില്‍, ആനാവൂര്‍, പെരുങ്കടവിള, കീഴാറൂര്‍, ഒറ്റശേഖരമംഗലം, വാഴിച്ചല്‍, അരുവിക്കര, ആനാട്, പനവൂര്‍, വെമ്പായം, കരിപ്പൂര്‍, തെന്നൂര്‍, കുരുപ്പുഴ, കോലിയക്കോട്, പാങ്ങോട്, കല്ലറ, കോട്ടുകാല്‍, വെള്ളറട, കരകുളം, പുല്ലമ്പാറ, വാമനപുരം, പെരുമ്പഴുതൂര്‍, വിതുര, മണക്കാട്, അമ്പൂരി, മണ്ണൂര്‍ക്കര വില്ലേജുകളിലാണു പ്രത്യേക ശ്രദ്ധ നല്കാന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ഇവിടങ്ങളില്‍ റവന്യൂ വകുപ്പിന്റെ പ്രത്യേക സംഘം നിരീക്ഷണം തുടങ്ങി. തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. താലൂക്ക് അടിസ്ഥാനത്തില്‍ 24 മണിക്കൂര്‍ കണ്ട്രോള് റൂമുകളും തുറന്നിട്ടുണ്ട്.
കടലില്‍ പോകുന്നതിനു കര്‍ശന നിരോധനം
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കടല്‍ അതിപ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലയുടെ തീരപ്രദേശങ്ങളില്‍നിന്ന് കടലില്‍ പോകുന്നതിന് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. നിലവില്‍ മത്സ്യബന്ധനത്തിനു പോയിട്ടുള്ളവര്‍ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തണമെന്നും കളക്ടര്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: