തിരുവനന്തപുരം : കെഎസ്എഫ്ഇ ശാഖകളിലെ വിജിലന്‍സ് റെയ്ഡില്‍ അസാധാരണമായി ഒന്നുമില്ല. തന്റെ വകുപ്പിലും വിജിലന്‍സ് തെരച്ചില്‍ നടത്തിയിട്ടുണ്ട്. അതില്‍ ദുഷ്ടലാക്കൊന്നുമില്ലെന്ന് മന്ത്രി ജി. സുധാകരന്‍. വിജിലന്‍സിന് ഏത് സമയത്തും തെരച്ചില്‍ നടത്താമെന്നും ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി ജി. സുധാകരന്‍ അറിയിച്ചു.
കെഎസ്എഫ്ഇ ശാഖകളില്‍ വിജിലന്‍സ് തെരച്ചില്‍ നടത്തി ക്രമക്കേട് കണ്ടെത്തിയത് എതിരാളികള്‍ക്ക് അവസരം ഉണ്ടാക്കി നല്‍കിയതാണെന്നാണ് ധനമന്ത്രി നേരത്തെ പ്രസ്താവന നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് മുന്നണിക്കുള്ളില്‍ സമവായത്തില്‍ എത്തി എന്ന് അറിയിച്ചെങ്കിലും പാര്‍ട്ടിക്കുള്ളില്‍ എതിരഭിപ്രായം നിലനില്‍ക്കുന്നുണ്ടെന്നതാണ് സുധാകരന്റെ പ്രസ്താവനയില്‍ നിന്നും വ്യക്തമാകുന്നത്.
വിജിലന്‍സ് തെരച്ചിലില്‍ അസാധാരണയായി ഒന്നുമില്ല. എല്ലാ വകുപ്പുകളിലും ഇത് സാധാരണയാണ്. അന്വേഷണ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ അവര്‍ തന്നെ റിപ്പോര്‍ട്ടായി വകുപ്പ് മന്ത്രിക്ക് നല്‍കും. അതൊക്കെ പതിവ് കാര്യമാണ്.
താന്‍ കൈകാര്യം ചെയ്യുന്ന പൊതുമരാമത്ത് വകുപ്പിലും സ്ഥിരമായി വിജിലന്‍സ് പരിശോധന നടക്കാറുണ്ട്. താന്‍ തന്നെ 300 ഫയലുകള്‍ വിജിലന്‍സിന് അങ്ങോട്ട് കൊടുത്തിട്ടുണ്ട്. പലപ്പോഴും പത്രവാര്‍ത്തയിലൂടെയാണ് വിജിലന്‍സ് പരിശോധന നടന്ന വിവരം താന്‍ അറിയാറുള്ളത്. ഇതൊക്കെ സ്വാഭാവികമായ കാര്യമാണ്. ഇതൊന്നും മന്ത്രിമാരെ ബാധിക്കില്ല.
പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് മൂന്ന് തരം അന്വേഷണത്തിന് താന്‍ അനുമതി നല്‍കിയിട്ടുണ്ട്. കെഎസ്എഫ്ഇ നല്ല പേരെടുത്ത സ്ഥാപനമാണ്. അവിടെ അന്വേഷണം ഉണ്ടായപ്പോള്‍ എന്തു കൊണ്ട് എന്ന ചോദ്യം മാത്രമാണ് ഉയര്‍ന്നിരിക്കുന്നത്. ഇവിടെ ധനകാര്യ പരിശോധന വിഭാഗവും വിജിലന്‍സും എല്ലാം വേണം. എങ്കില്‍ മാത്രമേ കാര്യങ്ങള്‍ നന്നായി നടക്കൂ. സ്വകാര്യ ധനകാര്യസ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ കൊടുക്കുന്നത് തന്റെ വകുപ്പാണ്. അവര്‍ തെറ്റായി പ്രവര്‍ത്തിക്കാതെ നോക്കിയാല്‍ മതി. അല്ലാതെ അവരുടെ പ്രവര്‍ത്തനം തടയാന്‍ പറ്റുമോ. വിജിലന്‍സ് റെയ്ഡ് കൊണ്ട് കെഎസ്എഫ്ഇക്ക് എന്ത് സംഭവിക്കാനാണ്. അതൊരു ബൃഹത്തായ സ്ഥാപനമാണ്.
അതേസമയം ഊരാളുങ്കലില്‍ ഇഡി പരിശോധന നടത്തിയിട്ട് ഒരു കാര്യവുമില്ല. യുഎല്‍സിസിക്ക് ഏറ്റവും കൂടുതല്‍ പദ്ധതി കൊടുത്തത് യുഡിഎഫ് സര്‍ക്കാരാണ്. മലപ്പുറത്ത് ആറ് മണ്ഡലത്തിലൂടെ പോകുന്ന ഒരു റോഡിന്റെ നവീകരണം ഒറ്റ പദ്ധതിയായി യുഎല്‍സിസിക്ക് കൊടുത്തു. ആറാട്ടുപുഴ തെക്കേക്കര മുതല്‍ കൊല്ലം വരെ 162 കോടിയുടെ റോഡ് പദ്ധതി യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് യുഎല്‍സിസിക്ക് കൊടുത്തു. അതു പിന്നെ നടപ്പാക്കിയത് എല്‍ഡിഎഫിന്റെ കാലത്താണ്. ഫെബ്രുവരിയില്‍ ആ പദ്ധതിയിപ്പോള്‍ ഉദ്ഘാടനം ചെയ്യുമെന്നും ജി. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: