തിരുവനന്തപുരം: സിപിഎം നേതാക്കളുടെ എല്ലാ ബിനാമി ബന്ധങ്ങളും പുറത്തുവരണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. കെഎസ്എഫ്ഇയിലെ എല്ലാ ക്രമക്കേടുകളും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടപ്പെട്ട ധനകാര്യമന്ത്രി ടി എം തോമസ് ഐസക്ക് രാജിവയ്ക്കാന്‍ തയ്യാറാകണം.
അല്ലെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കണം. നിരുത്തരവാദപരമായ രീതിയില്‍, അവാസ്തവമായ കാര്യങ്ങള്‍ അപവാദ പ്രചാരണം നടത്തുന്നുവെന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. മാധ്യമങ്ങളെയാണ് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയത്. പക്ഷേ അപവാദ പ്രചാരണം നടത്തിയത് ധനകാര്യമന്ത്രിയാണെന്ന് എം ടി രമേശ് ചൂണ്ടിക്കാട്ടി. അതിനാല്‍ ധനകാര്യമന്ത്രിക്കെതിരായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.
ധനമന്ത്രിയില്‍ വിശ്വാസം നഷ്ടപ്പെട്ട സ്ഥിതിക്ക്, സര്‍ക്കാരിനെതിരെ പരസ്യമായി അപവാദപ്രചാരണം നടത്തുന്ന അദ്ദേഹത്തെ എങ്ങനെയാണ് മുഖ്യമന്ത്രി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയെന്നും എം ടി രമേശ് ചോദിച്ചു. അതുകൊണ്ട് ധനകാര്യമന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ബിജെപി ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: