കൊച്ചി: മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും കേരള രാഷ്ട്രീയത്തിലെ അര്‍ബുദമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സംഘടനയുടെ ഔദ്യോഗിക മാധ്യമമായ യോഗനാദം മാസികയില്‍ പേരു വച്ചെഴുതിയ മുഖപ്രസംഗത്തിലാണ് ഈ വിമര്‍ശനം. ചികിത്സ ഇനിയെങ്കിലും തുടങ്ങിയില്ലെങ്കില്‍ ഈ സംസ്ഥാനം അരാജകത്വത്തിലേക്ക് നീങ്ങുമെന്നും കേരളത്തില്‍ ഹിന്ദുക്കള്‍ക്ക് കശ്മീരിലെ പണ്ഡിറ്റുകളുടെ ഗതിവരുമെന്നും എന്‍എന്‍ഡിപി ജനറല്‍ സെക്രട്ടറി എഴുതുന്നു.
2020 ഡിസംബര്‍ ഒന്ന് ലക്കത്തിലെ യോഗനാദം എഡിറ്റോറിയലിലാണ് രൂക്ഷവിമര്‍ശം. മൂടുപടമൊന്നുമില്ലാതെ ജനാധിപത്യത്തിന് മേല്‍ മതാധിപത്യം സമൂലം പിടിമുറുക്കിയതിന്റെ ഉത്സവമാണ് ഈ കൊവിഡുകാലത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ നടക്കുന്നതെന്ന് മുഖപ്രസംഗം പറയുന്നു. ഇനിയെങ്കിലും ഉണര്‍ന്നില്ലെങ്കില്‍ സാക്ഷര കേരളമേ, ഈഴവരാദി പിന്നാക്ക വിഭാഗങ്ങളേ, പട്ടികജാതി, പട്ടികവര്‍ഗക്കാരേ, സവര്‍ണ ഹിന്ദുക്കളേ, നിങ്ങള്‍ക്ക് കാലം മാപ്പുതരില്ല. ജമ്മു കശ്മീരിലെ പണ്ഡിറ്റുകളുടെ ദുര്‍ഗതി നിങ്ങളെയും പിന്‍തലമുറയെയും തേടിയെത്തിയേക്കാവുന്ന കാലം അതിവിദൂരമല്ല. സത്യം ആരെങ്കിലും തുറന്നു പറഞ്ഞല്ലേ പറ്റൂ, വെള്ളാപ്പള്ളി ചോദിക്കുന്നു.
ഈ തെരഞ്ഞെടുപ്പില്‍ ഇടതു, വലതു മുന്നണികളുടെ സ്ഥാനാര്‍ത്ഥി പട്ടിക ഒന്നു പരിശോധിക്കൂ. ഇവിടെ പിന്നാക്ക ഹിന്ദുക്കള്‍ വോട്ടുകുത്തല് യന്ത്രങ്ങളും രാഷ്ട്രീയ തൊഴിലാളികളും മാത്രമാണോ? രാഷ്ട്രീയാധികാരം ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമായി മാറുകയാണോ? സംസ്ഥാനത്തെ സംവരണ സമുദായ മുന്നണിയിലെ പ്രബല പങ്കാളികളായ മുസ്ലീങ്ങളുടെയും ഈഴവ സമുദായത്തിന്റെയും നേതാക്കള്‍ ഭായി ഭായി പറഞ്ഞ് മുന്നേറിയപ്പോള്‍ ഭരണത്തില്‍ പങ്കാളികളായ മുസ്ലിം ലീഗ് ഈഴവരെ വഞ്ചിക്കുകയും ഒറ്റുകൊടുക്കുകയുമായിരുന്നു.
മതേതരത്വത്തിന്റെ പേരും പറഞ്ഞ് മതരാഷ്ട്രീയം കളിക്കുന്ന ഇരുകൂട്ടരെയും പടിയടച്ച് പിണ്ഡം വയ്ക്കാനുള്ള ദൗത്യം മതേതരവാദികള്‍ ഏറ്റെടുത്തേ പറ്റൂ. ഇവരുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുനല്കില്ലെന്ന് പ്രഖ്യാപിക്കാനുള്ള ചങ്കൂറ്റം രാഷ്ട്രീയ ഭേദമന്യേ മതേതരവാദികള്‍ സ്വീകരിച്ചില്ലെങ്കില്‍ പിന്നീട് ദുഃഖിക്കേണ്ടി വരും. എന്ത് മതേതരത്വമാണ് മുസ്ലിം പാര്‍ട്ടികള്‍ക്കും ക്രിസ്ത്യന്‍ പാര്‍ട്ടികള്‍ക്കും മുന്നോട്ടുവയ്ക്കാനുള്ളതെന്ന് മുഖപ്രസംഗം ചോദിക്കുന്നു.
വടക്കന്‍ കേരളത്തില്‍ ഇതാണ് സ്ഥിതിയെങ്കില്‍ കിഴക്കന്‍ മേഖല കേരളകോണ്ഗ്രസുകളിലൂടെ ക്രൈസ്തവാധിപത്യം കൈവരിച്ചു കഴിഞ്ഞു. ഇടതുമുന്നണിയുടെ വോട്ടുബാങ്ക് പിന്നാക്ക ഹൈന്ദവരാണെന്നത് രഹസ്യമേയല്ല. അവര്‍ അധികാരത്തിലെത്തുമ്പോഴാണ് കേരള ഭരണത്തില്‍ അല്‍പ്പകാലമെങ്കിലും ന്യൂനപക്ഷ മേല്‍ക്കോയ്മയുടെ രൂക്ഷത കുറയുന്നത്.
അക്കാലവും അസ്തമിക്കുകയാണ്. അധികാര ദുര്‍മോഹത്താല്‍ കേരളകോണ്‍ഗ്രസ് ജോസ് കെ. മാണി പക്ഷം ഇടതുമുന്നണിയിലേക്ക് വരുമ്പോള്‍ നഷ്ടം ഹൈന്ദവര്‍ക്ക് തന്നെ. സ്വന്തം അവസരങ്ങള്‍ ത്യജിച്ച് ഇത്തരം വര്‍ഗീയ കോമരങ്ങളെ വോട്ടുനല്‍കി വിജയിപ്പിക്കേണ്ട ഗതികേട് ഹിന്ദുക്കള്‍ക്ക് അല്ലാതെ വേറെയാര്‍ക്കുണ്ട്. ഒരേയൊരു പരിഹാരമേയുള്ളൂ. ന്യൂനപക്ഷങ്ങളെ കണ്ടു പഠിക്കുക. അവരുടെ മാര്‍ഗം പിന്തുടരുക.
അധികാരം വിലപേശി വാങ്ങുന്ന രീതിയില്‍ നിന്ന് ഇനി മാറിനില്‍ക്കുന്നത് പരമാബദ്ധമാണെന്ന് മുഖപ്രസംഗം ഓര്‍മിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: