വടകര: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനുമായി ബന്ധപ്പെട്ട ബിനാമി ഇടപാടുകളെക്കുറിച്ച് വടകര മടപ്പള്ളിയിലെ ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് സൊസൈറ്റി ആസ്ഥാനത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. കൊച്ചി, കോഴിക്കോട് യൂണിറ്റുകളിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. രാവിലെ ഒന്‍പതിന് ആരംഭിച്ച പരിശോധന നാലു മണിക്കൂര്‍ നീണ്ടു. സി.എം. രവീന്ദ്രന്റെ ബിനാമി ഇടപാടുകളില്‍ അന്വേഷണം കൂടുതല്‍ ഊര്‍ജ്ജിതമാകുന്നതിന്റെ ഭാഗമാണ് പരിശോധന എന്നാണ് സൂചന. ഊരാളുങ്കല്‍ സൊസൈറ്റിക്ക് ലഭിച്ച കരാറുമായി ബന്ധപെട്ടു രവീന്ദ്രന് ബന്ധമുണ്ടോ എന്നാണ് ഇ ഡി പരിശോധന നടത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളില്‍ കൂടുതല്‍ കരാറുകള്‍ ലഭിച്ചത് ഊരാളുങ്കല്‍ സൊസൈറ്റിക്കാണ്. ഇതുമായി ബന്ധപ്പെട്ട നടപടികളേയും കരാറുകളെയും കുറിച്ചും ഇ ഡി വിവരം ശേഖരിച്ചെന്നാണ് വിവരം. അന്വേഷണത്തിന്റെ ഭാഗമായി ആവശ്യമായ രേഖകള്‍ ഇ ഡി ഓഫീസില്‍ എത്തിക്കാന്‍ സൊസൈറ്റി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ഇ ഡി റെയ്ഡ് നടന്നിട്ടില്ലെന്നും ചില വിവരങ്ങള്‍ മാത്രം അന്വേഷിക്കുകയാണ് ചെയ്തതെന്നും ഊരാളുങ്കല്‍ സൊസൈറ്റി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം സി. എം. രവീന്ദ്രന്റെ ബിനാമി ഇടപാടുകള്‍ സംബന്ധിച്ച് വടകരയിലെ ആറ് സ്ഥാപനങ്ങളില്‍ ഇ ഡി പരിശോധന നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: