ഇ. എന്‍. വാസുദേവന്‍
കൂടിയാട്ടത്തിനും നങ്ങ്യാര്‍കൂത്തിനും ആഗോളതലത്തില്‍ പ്രശസ്തി നേടിക്കൊടുത്ത മാര്‍ഗി സതിയുടെ വേര്പാടിന് ഇന്ന് അഞ്ചാണ്ട് പിന്നിടുന്നു. ജീവിതപ്രതിസന്ധികളെ അരങ്ങിലെ അവതരണങ്ങളിലൂടെ തരണം ചെയ്ത മാര്‍ഗി സതി ഈ ലോകത്തു നിന്നു വിടപറഞ്ഞത് 2015 ഡിസംബര്‍ ഒന്നിന്.
സംസ്കൃത പണ്ഡിതനായ സുബ്രഹ്മണ്യന് എമ്പ്രാതിരിയുടേയും പാര്‍വതി അന്തര്‍ജനത്തിന്റേയും മകളായി ജനിച്ച സതി പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പാരമ്പര്യകലകളായ കൂടിയാട്ടവുംനങ്ങ്യാരമ്മകൂത്തും അഭ്യസിക്കുവാന്‍ കേരളകലാമണ്ഡലത്തില്‍ ചേര്‍ന്നു. അവിടെ ഗുരു പൈങ്കുളം രാമചാക്യാര്‍, ഗുരു മാണി മാധവചാക്യാര്‍,ഗുരു അമ്മന്നൂര്‍ മാധവചാക്യാര്‍ എന്നീ കൂടിയാട്ട കുലപതികളുടെ ശിഷ്യയാവാന്‍ അവസരം ലഭിച്ചു. കലാമണ്ഡലത്തിലെ എട്ടു വര്‍ഷത്തെ കൂടിയാട്ട പഠനത്തിനുശേഷം 1988ല്‍ തിരുവനന്തപുരത്തെ മാര്‍ഗി കൂടിയാട്ടവിദ്യാലയത്തില്‍ ചേര്‍ന്നു. ഡി.അപ്പുകുട്ടന്‍നായര്‍, അയ്യപ്പപണിക്കര്‍ തുടങ്ങി നിരവധി മഹത് വ്യക്തികളുടെ ശ്രമഫലമായി തലസ്ഥാനത്ത് മാര്‍ഗിയിലൂടെ കൂടിയാട്ടത്തിന് ഒരു സ്ഥിരം അരങ്ങ് രൂപപ്പെട്ടു. അവതരണങ്ങളിലൂടെ കൂടിയാട്ടമെന്ന കലയെസംരക്ഷിക്കുന്നതില്‍ മാര്‍ഗിയിലെ മറ്റു കലാകാരന്മാരോടൊപ്പം സതിയുമുണ്ടായിരുന്നു. ഗുരു പാണിവാദതിലകന്‍ പദ്മശ്രീ പി.കെ.നാരായണന് നമ്പ്യാര്‍,ഗുരു പദ്മശ്രീ മൂഴിക്കുളം കൊച്ചുകുട്ടന് ചാക്യാര്‍ എന്നിവരുടെ ശിക്ഷണത്തില്‍ ശ്രീകൃഷ്ണ ചരിതം നങ്ങ്യാര്‍കൂത്തിന്റെയും മറ്റു കൂടിയാട്ടങ്ങളുടേയും സമ്പൂര്‍ണ്ണാവതരണം മാര്‍ഗിയുടെ അരങ്ങുകളില്‍ അവതരിപ്പിക്കാന്‍ സാധിച്ചതും സതി എന്ന കലാകാരിയെ മാര്‍ഗി സതി എന്ന് അറിയപ്പെടുന്നതിന് കാരണമായി.
മാര്‍ഗിസതിയുടെ അവതരണങ്ങളിലൂടെ നങ്ങ്യാര്‍കൂത്തിനും കൂടിയാട്ടത്തിനും കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ പ്രചാരം ലഭിച്ചു. തുടര്‍ന്ന് കേരളത്തിനകത്തും പുറത്തും വിദേശത്തും മാര്‍ഗി സതിയുടെ പ്രശസ്തി വ്യാപിച്ചു. 2001ല്‍ പാരീസിലെ യുനസ്കോ ആസ്ഥാനത്ത് നടന്ന അവതരണം, ജിംഹെ ഫെസ്റ്റിവലിലെ അവതരണം, ദുബായ്യില് നടന്ന ഇന്തോ- അറബ് ഫെസ്റ്റിവലിലെ അവതരണം,സിംഗപ്പൂര്‍ സൂര്യ ഫെസ്റ്റിവലിലെ അവതരണം എന്നിവ മാര്‍ഗിസതിയുടെ വിദേശത്തെ ശ്രദ്ധേയമായ ചില അരങ്ങുകള്‍.
ശ്രീകൃഷ്ണകഥകളെ മാത്രം ആസ്പദമാക്കി നടന്നിരുന്ന നങ്ങ്യാര്‍കൂത്തിന് മാര്‍ഗി സതി നല്കിയ മഹത്തായ സംഭാവനയാണ് ശ്രീരാമചരിതം നങ്ങ്യാര്‍കൂത്ത് എന്ന ഗ്രന്ഥം. അതിലൂടെ രാമകഥകളും രംഗത്തവതരിപ്പിക്കാന് തുടങ്ങി. കൂടാതെ കണ്ണകിചരിതം, സീതായനം തുടങ്ങി നിരവധി നങ്ങ്യാര്‍കൂത്തുകളും ഈ കലയളവില്‍ ചിട്ടപ്പെടുത്തി രംഗത്തവതരിപ്പിച്ചു. മാര്‍ഗി സതിയുടെ അഭിനയം ചലച്ചിത്ര ലോകവും പ്രയോജനപ്പെടുത്തി. സ്വപാനം, ഇവന് മേഘരൂപന്‍, ദൃഷ്ടാന്തം, നോട്ടം തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ഭൗതികസാന്നിധ്യം ഇല്ലെങ്കിലും അരങ്ങുകളിലെ അദൃശ്യ സാന്നിധ്യമായി ആരാധകരുടേയും ശിഷ്യരുടേയും മനസുകളില്‍ നിറഞ്ഞു നില്ക്കുന്നു മാര്‍ഗി സതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: