അഴിമതിക്കേസുകളില്‍ ആടിയുലയുന്ന ഇടതുമുന്നണി സര്‍ക്കാര്‍ ചേരിപ്പോരിന്റെ പിടിയിലമര്‍ന്നിട്ട് നാളുകളേറെയായി. ചേരിപ്പോര് പൊട്ടിത്തെറിയായി മാറിയതാണ് കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിനെതിരെയുള്ള ധനമന്ത്രി തോമസ് ഐസക്കിന്റെ രോഷാകുലമായ പ്രതികരണങ്ങള്‍. റെയ്ഡിന് നിര്‍ദ്ദേശിച്ചത് ഏത് വട്ടനാണെന്നുള്ള ഐസക്കിന്റെ ചോദ്യവും, ഇനി പരിശോധനയ്ക്കെത്തിയാല്‍ അത് തടയണമെന്ന് കെഎസ്എഫ്ഇക്ക് കൊടുത്തിട്ടുള്ള നിര്‍ദ്ദേശവും കാണിക്കുന്നത് മന്ത്രിസഭയിലെ തുറന്ന ഏറ്റുമുട്ടല്‍ തന്നെയാണ്. വിജിലന്‍സ് മുഖ്യമന്ത്രി പിണറായി വിജയനു കീഴിലുള്ള അന്വേഷണ ഏജന്‍സിയായതിനാല്‍ ആരെയാണ് ഐസക് ലക്ഷ്യം വയ്ക്കുന്നതെന്ന് വ്യക്തം. പ്രശ്നം ആഭ്യന്തരമായി ചര്‍ച്ച ചെയ്യുന്നതിനു പകരം ഐസക് പരസ്യമായ പ്രതികരണത്തിന് മുതിര്‍ന്നതുതന്നെ ആലോചിച്ചുറച്ചാണ്. കെഎസ്എഫ്ഇയിലെ റെയ്ഡിനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് പല കഥകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഉത്തരവാദിത്വം മുഖ്യമന്ത്രിക്കു തന്നെയാണ്. ഇത് അറിയാത്തയാളല്ല ഐസക്. എന്നിട്ടും രാഷ്ട്രീയ എതിരാളികളെ വെല്ലുവിളിക്കുന്നതുപോലെയായിരുന്നു ഐസക്കിന്റെ വാക്കുകള്‍. വ്യക്തമായ പരാതിയുടെ അടിസ്ഥാനത്തില്‍ കൃത്യമായ ആസൂത്രണത്തോടെയാണ് വിജിലന്‍സ് കെഎസ്എഫ്ഇയില്‍ റെയ്ഡ് നടത്തിയിട്ടുള്ളത്. മിന്നല്‍ പരിശോധനയ്ക്ക് ഓപ്പറേഷന് ബചത് എന്ന പേരു നല്കിയതും, ഇരുപതിലേറെ ബ്രാഞ്ചുകള്‍ അതിനായി തെരഞ്ഞെടുത്തതും യാദൃച്ഛികമല്ല. പരിശോധനയില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തിരിക്കുന്നു.
കെഎസ്എഫ്ഇ ധനകാര്യ വകുപ്പിന് കീഴിലുള്ള സാമ്പത്തിക സ്ഥാപനമാണ്. അതിനെതിരെ പരാതിയുണ്ടെങ്കില്‍ അക്കാര്യം തോമസ് ഐസക് അറിയേണ്ടതാണ്. പരാതി നേരിട്ട് ലഭിച്ചിട്ടുള്ളത് വിജിലന്‍സിനോ മുഖ്യമന്ത്രിക്കോ ആണെങ്കിലും ധനമന്ത്രിയെ വിവരം ധരിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ ഇവിടെ അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ലെന്നതിന് ഐസക്കിന്റെ രോഷപ്രകടനം തന്നെ തെളിവ്. അപ്പോള്‍ ഡന്മാര്ക്കില് എന്തോ ചീഞ്ഞുനാറുന്നു എന്നാണ് കരുതേണ്ടത്. ‘കിഫ്ബി’യുടെ കാര്യത്തില്‍ ഒക്കച്ചങ്ങായിമാരായി സിഎജിക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും യുദ്ധം പ്രഖ്യാപിച്ച മുഖ്യമന്ത്രിയും ധനമന്ത്രിയും ഇത്രവേഗം വര്‍ഗ ശത്രുക്കളെപ്പോലെ പെരുമാറാനുള്ള കാരണം ദുരൂഹമായി അവശേഷിക്കുന്നു. മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവാണ് കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡിനു പിന്നിലെന്നും, മുഖ്യമന്ത്രിക്ക് ഇതിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും മറ്റുമുള്ള വിശദീകരണങ്ങള്‍ വിലപ്പോവില്ല. ചിട്ടിപ്പണം ട്രഷറിയില്‍ നിക്ഷേപിക്കുന്നില്ല, പൊള്ളച്ചിട്ടി നടത്തുന്നു, ബിനാമി പേരുകളില്‍ ഉദ്യോഗസ്ഥര്‍ ചിട്ടി നടത്തുന്നു, കള്ളപ്പണം വെളുപ്പിക്കുന്നു എന്നിങ്ങനെയുള്ള ഗുരുതരമായ ക്രമക്കേടുകളാണ് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. ഇതിനു പിന്നില്‍ ആരൊക്കെയാണെന്ന് അറിയാനുള്ള അവകാശം നിക്ഷേപകര്‍ക്കും ജനങ്ങള്‍ക്കുമുണ്ട്. ഇപ്പോള്‍ ലഭിച്ച വിവരങ്ങള്‍ പൂഴ്ത്തിവയ്ക്കാമെന്നോ, തുടര്‍ നടപടികള്‍ മരവിപ്പിക്കാമെന്നോ സര്‍ക്കാര്‍ കരുതരുത്. സിഎജിയുടെ ഓഡിറ്റിനു വിധേയമായ ഒരു സ്ഥാപനത്തില്‍ പലതരത്തിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അരങ്ങേറുന്നത് കേന്ദ്രസര്‍ക്കാരിന് നോക്കിനില്‍ക്കാനാവില്ല.
അഴിമതിക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കേണ്ട ഏജന്‍സിയാണ് വിജിലന്‍സ്. എന്നാല്‍ പിണറായിയുടെ ഭരണത്തിന് കീഴില്‍ അഴിമതിക്കാരെ ഏതറ്റം വരെയും പോയി സംരക്ഷിക്കുന്നതിന് ഈ ഏജന്‍സിയെ ഉപയോഗിക്കുകയാണ്. പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന് അഴിമതിക്കേസില്‍ സിബിഐയുടെ അന്വേഷണത്തെ ചെറുക്കുന്നതിനായി വിജിലന്‍സ് കേസെടുത്തതും, ഫയലുകള്‍ പിടിച്ചെടുത്തതും ജനങ്ങള്‍ കണ്ടതാണ്. ഇതുപോലുള്ള ഒരു നീക്കമാണോ കെഎസ്എഫ്ഇയില്‍ വിജിലന്‍സിനെ ഇറക്കിയതിനു പിന്നിലെന്ന സംശയം ബലപ്പെട്ടിരിക്കുന്നു. കെഎസ്എഫ്ഇയെ ഉപയോഗിച്ച് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ചെയ്ത ബന്ധപ്പെട്ടവരെ മുന്‍കൂറായി രക്ഷിക്കാനുള്ള അതിബുദ്ധിയാണോ ഇതെന്ന് ആരെങ്കിലും കരുതിയാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. പക്ഷേ എന്തൊക്കെ കുതന്ത്രങ്ങള്‍ പയറ്റിയാലും സത്യം പുറത്തുവരും. സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും അഴിമതിക്കൈകള്ക്ക് എത്തിപ്പിടിക്കാനാവുന്നതിനുമപ്പുറത്താണ് കേന്ദ്ര ഏജന്‍സികള്‍. അഴിമതികള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കാതിരിക്കാന്‍ പിണറായിയുടെയും ഐസക്കിന്റെയും സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കുകളല്ല കിഫ്ബിയും കെഎസ്എഫ്ഇയും. ഐസക്കിന്റെത് സര്‍ക്കാരിനെതിരായ യുദ്ധപ്രഖ്യാപനം തന്നെയാണ്. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് ചൂണ്ടിക്കാട്ടിയതുപോലെ ഇടതുമുന്നണി സര്‍ക്കാരിന് കൂട്ടുത്തരവാദിത്വം നഷ്ടമായിരിക്കുന്നു. ഐസക് രാജിവയ്ക്കണം. സിപിഎമ്മില്‍ എന്തുമാവാം, അതൊക്കെ സര്‍ക്കാരിലും ആവര്‍ത്തിക്കാമെന്ന് കരുതരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: