മാഡ്ഗാവ്: ഐഎസ്എല്‍ ഏഴാം സീസണില്‍ ആദ്യ വിജയം ലക്ഷ്യമിട്ടിറങ്ങിയ എഫ്സി ഗോവയെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സമനിലയില്‍ പിടിച്ചുനിര്‍ത്തി. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. 40-ാം മിനിറ്റില്‍ ഇന്ദ്രിസ സൈല നോര്‍ത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ചു. 43-ാം മിനിറ്റില്‍ ഗോവന്‍ താരം ഇഗോര്‍ അംഗുളോ ഗോള്‍ മടക്കി.
ഈ സമനിലയോടെ മൂന്ന് മത്സരങ്ങളില്‍ അഞ്ചു പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് രണ്ടാം സ്ഥാനത്ത് തുടരുകയാണ്. അതേസമയം എഫ്സി ഗോവ മൂന്ന് മത്സരങ്ങളില്‍ രണ്ട് പോയിന്റുമായി ഏഴാം സ്ഥാനത്താണ്.
തുടക്കത്തില്‍ ഗോവ മികച്ച കളിയാണ് പുറത്തെടുത്തത്. ഇരു വിങ്ങുകളിലൂടെയും അവര്‍ നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍ മുഖത്ത് ഭീഷണി ഉയര്‍ത്തി. ബ്രാന്‍ഡണ്‍, നോഗ്യൂറ, സേവിയര്‍ ഗാമ എന്നിവരാണ് ഗോവയുടെ ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ആറാം മിനിറ്റില്‍ മെന്‍ഡോസ ഗോള്‍ ലക്ഷ്യമാക്കി മിന്നല്‍ ഷോട്ട് തൊടുത്തുവിട്ടെങ്കിലും നോര്‍ത്ത് ഈസ്റ്റ് ഗോളി സുഭാശിഷ് റോയ് പന്ത് കൈപ്പിടിയിലൊതുക്കി.
മുപ്പത്തിനാലാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് താരം ഇന്ദ്രിസ സൈല അവസരം തുലച്ചു. ഫനായി നല്കിയ ക്രോസില്‍ സൈല തലവെച്ചെങ്കിലും പന്ത് പുറത്തേക്ക് പോയി.
തൊട്ടു പിന്നാലെ സൈല നോര്‍ത്ത് ഈസ്റ്റിന് ലീഡ് നേടിക്കൊടുത്തു. ബോക്സിനകത്തേക്ക് പന്തുമായി കയറിയ സൈലയെ ഗോവന്‍ പ്രതിരോധതാരം വലിച്ചിട്ടു. റഫറി പെനാല്‍റ്റിയും വിധിച്ചു. കിക്കെടുത്ത സൈലയ്ക്ക് പിഴച്ചില്ല. പന്ത് വലയില്‍ കയറി. ഈ സീസണില്‍ സൈലയുടെ രണ്ടാം ഗോളാണിത്. ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റിന്റെ തൊണ്ണൂറ്റി ഒമ്പതാം ഗോളും. എന്നാല്‍ ഗോള്‍ ആരവം അവസാനിക്കും മുമ്പ് എഫ്സി ഗോവ ഗോള്‍ മടക്കി. 43-ാം മിനിറ്റിലാണ് ഗോവ സ്കോര്‍ ചെയ്തത്. ബ്രാന്‍ഡണിന്റെ നീ്ക്കമാണ് ഗോളില്‍ കലാശിച്ചത്. ബ്രാന്‍ഡണ്‍ നല്കി പാസ് ഇഗോര്‍ അംഗുളോ വലയിലേക്ക് തിരിച്ചുവിട്ടു. രണ്ടാം പകുതിയില്‍ ഇരു ടീമുകളും തകര്‍ത്തു കളിച്ചു. പക്ഷെ ഗോള്‍ പിറന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: