പാണ്ഡ്യരാജാക്കാന്മാരുടെ തലസ്ഥാനമെന്ന് പുകഴ്പെറ്റ മധുരയെ കുലശേഖര പാണ്ഡ്യനാണ് നിര്‍മിച്ചത്. ശിവഭക്തരായ പാണ്ഡ്യന്മാരില് പ്രമുഖനായ കുലശേഖരന് സോമസുന്ദര രൂപത്തില്‍ സ്വപ്ന ദര്‍ശനത്തിലൂടെ ഭഗവാന് നഗര നിര്‍മിതിക്ക് ആജ്ഞനല്കിയെന്നും, സ്വയംഭൂവായി അവതരിച്ചുവെന്നും ഐതിഹ്യം പറയുന്നു.
കദംബവനമായിരുന്ന മധുരയെ വിടര്‍ന്ന താമരപ്പൂവിന്റെതുപോലെയുള്ള നഗരമാക്കി നിര്‍മിക്കുകയായിരുന്നു. ചിത്തിര, തൈ, മാശി തുടങ്ങിയ 12 തമിഴ് മാസങ്ങളുടെ പേരില്‍ 12 ചുറ്റുകളായാണ് നഗരം ആസൂത്രണം ചെയ്തിരിക്കുന്നത്. ഓരോ മാസവും അവയുടെ പേരിലുള്ള ചുറ്റില്‍ ഉത്സവങ്ങള്‍ ഇന്നും നടത്തപ്പെടുന്നു. വൃത്രാസുരനെ വധിച്ച പാപമോചനത്തിനായി ഇന്ദ്രന് മധുരയില്‍ തപസു ചെയ്തു എന്നു വിശ്വസിക്കപ്പെടുന്നു. ഭൂകൈലാസം, കന്യാപുരം, മധുരയംപതി, നാന്മാട കൂടല്‍ എന്നീ പേരുകളിലും പൗരാണിക കാലത്ത് മധുര അറിയപ്പെട്ടിരുന്നു. ആധുനിക കാലത്ത് തൂങ്കാനഗരം (ഉറങ്ങാത്ത നഗരം) എന്നും മധുര അറിയപ്പെടുന്നു. മധുരയെ നോക്കി നഗരാസൂത്രണം നടത്തണമെന്നൊരു ചൊല്ലുതന്നെയുണ്ട്.
15 ഏക്കറില്‍ സ്ഥിതിചെയ്യുന്ന മീനാക്ഷി-സുന്ദരേശ്വര ക്ഷേത്ര സമുച്ചയം പല കാലങ്ങളിലായി പല രാജാക്കന്മാരാല് പോഷിപ്പിക്കപ്പെട്ടിട്ടുണ്ട്. മുഗള്‍ ആക്രമണത്തില്‍ തകര്‍ന്ന ക്ഷേത്രം 15-ാം നൂറ്റാണ്ടില്‍ വീണ്ടും നവീകരിച്ചു. ക്ഷേത്ര സ്വത്തുക്കള്‍ കവര്‍ന്ന അക്രമകാരികള്‍ ക്ഷേത്ര ശില്‍പ്പങ്ങള്‍ക്ക് കാര്യമായ കേടുവരുത്തിയില്ല. മരഗത കല്ലുകള്‍ കൊണ്ടുണ്ടാക്കിയ മീനാക്ഷി വിഗ്രഹം മണ്ണ് മൂടി, കല്ലുകള്‍കൊണ്ട് അറയുണ്ടാക്കി രക്ഷപ്പെടുത്തുകയായിരുന്നു. വിജയനഗര സാമ്രാജ്യത്തിന്റെ പതാകാവാഹകനായിരുന്ന കൃഷ്ണദേവരായരാല് അയയ്ക്കപ്പെട്ട വിശ്വനാഥനായ്ക്കരാണ് മധുരാക്ഷേത്രത്തിന്റെ പ്രൗഢി വീണ്ടെടുത്തത്.
ഭാരതത്തില്‍ 108 ശക്തിപീഠങ്ങളില്‍ കാഞ്ചിയില്‍ കാമാക്ഷി എന്നും കാശിയില്‍ വിശാലാക്ഷി എന്നും മധുരയില്‍ മീനാക്ഷി എന്ന പേരിലും ദേവി അറിയപ്പെടുന്നു. ക്ഷേത്രത്തില്‍ ആകെ 32,000 ശില്‍പ്പങ്ങളുണ്ട്. ആയിരംകാല്‍മണ്ഡപം, കിളിക്കുണ്ടു മണ്ഡപം, നന്ദി മണ്ഡപം, കമ്പത്തടി മണ്ഡപം എന്നിങ്ങനെ മണ്ഡപങ്ങള്‍. ശിവപുരാണം വിവരിക്കുന്ന 64 തിരുവിളയാടലുകള്‍ നടന്നത് മധുരയിലെന്നു പറയപ്പെടുന്നു. മൂന്നു ചുറ്റുകളിലായി നിര്‍മിച്ചിരിക്കുന്ന മഹാക്ഷേത്രത്തിന് 12 ഗോപുരങ്ങളുണ്ട്. രണ്ട് സ്വര്‍ണ്ണ വിമാനങ്ങള്‍ (ശ്രീകോവില്‍ താഴികക്കുടം) ഉണ്ട്.
തമിഴ് വേദമായി കരുതുന്ന തിരുവള്ളുവര്‍ രചിച്ച ‘തിരുക്കുറള്‍’ അരങ്ങേറിയത് മധുര ക്ഷേത്രത്തിലാണ്. അവതരണാനുമതി ലഭിക്കാതെ വിഷമിച്ച തിരുവള്ളുവരെ കൂട്ടി മധുരയിലെത്തിയ തമിഴ് ഭക്തിസാഹിത്യത്തിലെ അഗ്രഗണ്യയായ ഔവ്വയാര്‍ സോമസുന്ദരനോടു തിരുക്കുറളിന്റെ മാഹാത്മ്യം രാജാവിനു ബോധ്യപ്പെടുത്താന്‍ പ്രാര്‍ത്ഥിച്ച് ഗ്രന്ഥം താമരക്കുളത്തില്‍ വലിച്ചെറിഞ്ഞു. സ്വര്‍ണ്ണ താമരയില്‍ ഗ്രന്ഥം ഉയര്‍ന്നുവന്നുവെന്നും, തദ്വാരാ തിരുക്കുറള്‍ മഹാഗ്രന്ഥമെന്ന് വിഖ്യാതമാവുകയും ചെയ്തുവത്രേ. പൊന്‍താമരക്കുളത്തിന്റെ കിഴക്കേ പ്രാകാരത്തില്‍ 1300 കുറളുകള്‍ രേഖപ്പെടുത്തിയിരിക്കുന്നു. ക്ഷേത്രത്തില്‍ 400 ശിലാ ശിഖിതങ്ങളുണ്ട്. ഹൊയ്സാല രാജാവ് സോമേശ്വരന്‍ ഗോലാല നിര്‍മിച്ചു. വലതുകാല്‍ ഉയര്‍ത്തി നൃത്തം ചെയ്യുന്ന രൂപത്തില്‍ രജതസഭയില്‍ നടരാജന് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. തിരുജ്ഞാന സംബന്ധര്‍, അപ്പര്പെരുമാള് തുടങ്ങിയ ശൈവധര്മ പ്രചാരകര്‍ മധുരയെ അലങ്കരിച്ചു.
മരഗതവല്ലി, അംഗയര്ക്കന്നി തുടങ്ങിയ പേരുകളിലും മീനാക്ഷി അറിയപ്പെടുന്നു. മലയധ്വജപാണ്ഡ്യന്റെ പുത്രിയായി തടാതക എന്ന പേരില്‍ അവതരിച്ച മീനാക്ഷിയും, പാണ്ഡ്യന്മാരുടെ കുലദൈവമായ സോമസുന്ദരനുമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകള്‍. മുക്കുരുണി പിള്ളയാര്‍ എന്ന പേരില്‍ ഗണപതിയും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. സംഘകാല തമിഴ് സാഹിത്യം മധുരയിലാണ് വളര്‍ച്ച പ്രാപിച്ചത്. സംഘകാലത്ത് തമിഴ് കവികള്‍ക്ക് രാജാവിനു തുല്യമായ സ്ഥാനം നല്‍കിയാണ് പാണ്ഡ്യന്മാര് ആദരിച്ചത്.
ശില്‍പ്പകലയും പുഷ്കലമായിരുന്നു. മധുരയില്‍ ഏഴ് സപ്തസ്വര തൂണുകള്‍ ക്ഷേത്രത്തെ അലങ്കരിക്കുന്നു. വസന്തമണ്ഡപം എന്ന പേരില്‍ അതിഗംഭീരമായ ഒരു മണ്ഡപം തിരുമലനായ്ക്കന്മാര് നിര്‍മിച്ചിട്ടുണ്ട്. ഒരു ഏക്കര്‍ വലിപ്പത്തിലാണ് താമരക്കുളം നിര്‍മിച്ചിരിക്കുന്നത്. സ്ഥലവൃക്ഷമായ കദംബം ക്ഷേത്രത്തില്‍ പരിപാലിക്കപ്പെട്ടുന്നു. വൈഗൈ നദിയുടെ തെക്കുഭാഗത്താണ് മധുര നഗരം സ്ഥാപിക്കപ്പെട്ടത്.
അവനിവെന്റ പാണ്ഡ്യന് എന്നറിയപ്പെട്ട മഹാവര്‍മ്മന്‍ സുന്ദരപാണ്ഡ്യന്‍ നിര്‍മിച്ച 1000 കാല് മണ്ഡപത്തിന് യഥാര്‍ത്ഥത്തില്‍ 985 തൂണുകളാണുള്ളത്. ആയിരം കാല് മണ്ഡപം ഇപ്പോള്‍ ക്ഷേത്ര മ്യൂസിയമാക്കിയിരിക്കുന്നു. ഉത്ഖനനത്തില്‍ ലഭിച്ച വിഗ്രഹങ്ഹള്, താളിയോലകള്‍ പ്രാചീന നാണയങ്ങള്‍ എന്നിവ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
ഗ്രീക്ക് അമ്പാസഡറായിരുന്ന മെഗസ്തനീസ് മധുരയെക്കുറിച്ച് എഴുതിയിരിക്കുന്നു. തിരുജ്ഞാന സംബന്ധരുടെ പതികങ്ങള്‍, തിരുവിളയാടല്‍ പുരാണം, ഹാലാസ്യമാഹാത്മ്യം തുടങ്ങിയവയില്‍ മധുരയുടെ വര്‍ണനകള്‍ കാണാം. തിരുജ്ഞാന സംബന്ധര്‍ മലയധ്വജ പാണ്ഡ്യനും കാഞ്ചനമാലയ്ക്കും മകളായി അവതരിച്ച മീനാക്ഷിയെ ‘അങ്കയര്ക്കന്നി’ എന്നും സംബോധന ചെയ്തിരിക്കുന്നു.
ക്ഷേത്രത്തിന്റെ നാല് ഗോപുരങ്ങള്‍ ഒമ്പത് നിലകളും, ഒരു ഗോപുരം (ചിത്തിര ഗോപുരം) ഏഴ് നിലകളും, അഞ്ച് ഗോപുരങ്ങള്‍ അഞ്ച് നിലകളും, രണ്ട് ഗോപുരങ്ങള്‍ മൂന്ന് നിലകളും ഉള്ളതാണ്. പുറത്തെ ചുറ്റിലെ നാല് ഗോപുരങ്ങളില്‍ മാത്രമായി 4000 പുരാണ സന്ദര്‍ഭങ്ങള്‍ ഒരുക്കിയിരിക്കുന്നു.
മൂന്നുനില ഗോപുരങ്ങള്‍ വെമ്പട്ടുരാര ആനന്ദ തമ്പി നിര്‍മിച്ചു. അഞ്ച് നില ഗോപുരങ്ങള്‍ വാസുവപ്പന്, മല്ലപ്പന്‍ എന്നീ ഭരണാധികാരികളുടെ നിര്‍മിതിയാണ്. രണ്ടാം പ്രാകാരത്തിലെ ഗോപുരങ്ങള്‍ വിശ്വപ്പനായ്ക് നിര്‍മിച്ചു. കടകഗോപുരം തുമ്പിച്ചിനായ്ക്കരാണ് നിര്‍മിച്ചത്. തെക്കേ ഗോപുരവും ഇടക്കെട്ട് ഗോപുരവും ശിരാമലൈ ശെവ്വന്തിമൂര്ത്തി ചെട്ടി നിര്‍മിച്ചു. ചിന്നപ്പനായ്ക്കര് സ്ഥാപിച്ച 100 കാല് മണ്ഡപത്തിലാണ് നാടരാജ മൂര്‍ത്തിയുള്ളത്. കൃഷ്ണവീരപ്പ നായ്ക്കര്‍ സ്ഥാപിച്ച കമ്പത്തടി മണ്ഡപത്തില്‍ ശിവന്റെ എട്ടു ഭാവങ്ങള്‍ .
അര്‍ദ്ധനാരീശ്വരന്‍, രുദ്രന്, ഭിക്ഷാടനമൂര്‍ത്തി, ദക്ഷിണാമൂര്‍ത്തി, ലിംഗോദ്ഭവമൂര്‍ത്തി, സോമസ്കന്ദമൂര്‍ത്തി, ചന്ദ്രശേഖരന്, നടരാജര്‍ ശില്പ്പമായി രചിച്ചിരിക്കുന്നു. അഷ്ടശക്തി മണ്ഡപത്തില്‍ ദേവിയുടെ കൗമാരി, രൗദ്രി, വൈഷ്ണവി, മഹാലക്ഷ്മി, ജ്ഞാനരൂപി, ശ്യാമള, മഹേശ്വരി, മനോന്മണി എന്നീ എട്ട് രൂപങ്ങള്‍ നിര്‍മിച്ചിരിക്കുന്നു.
മധുരയിലെ ക്ഷേത്ര തന്ത്രം ഇരിങ്ങാലക്കുട തരണനല്ലൂര്‍ ഇല്ലത്തിനായിരുന്നു. മഹാവിദ്വാന്മാരായ തരണനല്ലൂര്‍ ഇല്ലക്കാര് പരദേശികളെന്ന വാദവുമായി ചിലര്‍ പാണ്ഡ്യരാജാവിനെ സമീപിച്ചു. രാജസമക്ഷം കാര്യങ്ങള്‍ വിശദീകരിച്ച തന്ത്രി തന്റെ പൂജയില്‍ അമ്മ തൃപ്തയാണെന്ന് അറിയിച്ചു. തെളിവുവേണമെന്നായി പാണ്ഡ്യന്. ദുഃഖം സഹിക്കാതെ ‘അമ്മേ’ എന്നു വിളിച്ചു തന്ത്രി കരഞ്ഞു. ശ്രീകോവിലിനുള്ളില്‍നിന്നു മീനാക്ഷി വിളികേട്ടുവെന്നും ഐതിഹ്യപെരുമ. അടുത്ത തലമുറയ്ക്ക് ഇത്തരം പരീക്ഷണങ്ങള്‍ ഹിതമാവില്ലെന്നും അതിനാല്‍ മധുരയിലെ തന്ത്രം ഒഴിയുന്നുവെന്നും രാജാവിനെ അറിയിച്ച് തരണനല്ലൂര്‍ ഇല്ലക്കാര് തന്ത്രം ഒഴിഞ്ഞുവെന്നും പറയപ്പെടുന്നു.
മധുര മീനാക്ഷിയെ ദര്‍ശിച്ചാല്‍ സകല ഐശ്വര്യവും കൈവരുമെന്നാണ് വിശ്വാസം. മത്സ്യം നോട്ടം കൊണ്ട് കുട്ടികളെ സംരക്ഷിക്കുമെന്നതുപോലെ മീനാക്ഷിയുടെ ദൃഷ്ടി പതിഞ്ഞാല്‍ സായുജ്യമെന്ന രൂഢമൂലമായ വിശ്വാസം നിലനില്ക്കുന്നു. കോടിക്കണക്കിനു ഭക്തരാണ് മധുരക്ഷേത്രം ദര്‍ശിക്കാനും അവിടുത്തെ നിര്‍മാണ കുശലത അനുഭവിക്കാനും വര്‍ഷംതോറും മധുരയിലെത്തുന്നത്.
കാലാതിവര്‍ത്തിയായ മധുര മീനാക്ഷി ക്ഷേത്ര സന്നിധി കാണുമ്പോള്‍ ക്ഷേത്രം നിര്‍മിച്ച് പരിപാലിച്ച രാജാക്കന്മാര്ക്കൊപ്പം ക്ഷേത്ര നിര്‍മിതിയിലെ പങ്കാളികളായ വിശ്വകര്‍മ്മ പരമ്പരയിലെ മഹാശില്പ്പികള്ക്കും പ്രണാമം അര്‍പ്പിക്കാം.
ആര്.ആര്.ജയറാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: