തൃശൂര്‍: വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തില്‍ ബിജെപി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത് ഭൂരിപക്ഷം നേടുമെന്ന ആത്മവിശ്വാസത്തില്‍. മൊത്തം 22 വാര്‍ഡുകളില്‍ 10 മുതല്‍ 14 സീറ്റുകള്‍ വരെ നേടി ഇപ്രവാശ്യം അധികാരത്തിലേറുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ നിലവില്‍ 7 സീറ്റുകള്‍ ബിജെപിക്കുണ്ട്. യുഡിഎഫ്-8, എല്‍ഡിഎഫ്-7 എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില.
കഴിഞ്ഞ പ്രാവശ്യം ബിജെപിയിലെ കൃഷ്ണന്‍കുട്ടി പൊട്ടനാട്ട് ആയിരുന്നു പഞ്ചായത്തിലെ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്. ജില്ലയിലെ വലിയ പഞ്ചായത്തുകളിലൊന്നായ വരന്തരപ്പിള്ളിയില്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ബിജെപിയ്ക്ക് ശക്തമായ പ്രാതിനിധ്യമുണ്ട്. കഴിഞ്ഞ തവണ 7 സീറ്റുകള്‍ നേടിയതിനൊപ്പം അഞ്ചു വാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. നിലവില്‍ പഞ്ചായത്തിലുടനീളം ബിജെപി അനുകൂല തരംഗമാണ് അലയടിക്കുന്നത്. അതിനാല്‍ ഇത്തവണ പകുതിയിലേറെ സീറ്റുകളുമായി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ഭരണം പിടിച്ചെടുക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപിയുടെ പോരാട്ടം.
വാര്‍ഡ് 16 (മാഞ്ഞൂര്‍), 14 (പീടിക്കപറമ്പ്), 15 (കുഞ്ഞക്കര), 17 (കരയാംപാടം), 21 (വരന്തരപ്പിള്ളി), 2 (കോരനൊടി), 13 (കലവറകുന്ന്) എന്നിവിടങ്ങളിലാണ് കഴിഞ്ഞ തവണ ബിജെപി വിജയിച്ചത്. വാര്‍ഡ് 19 (ആറ്റപിള്ളി), 18 (നന്തിപുലം), 20 (മാട്ടുമല), 3 (വടക്കുമുറി), 10 (ഇഞ്ചകുണ്ട്) എന്നിവിടങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ രണ്ടാം സ്ഥാനത്തുമെത്തി. നന്തിപുലത്ത് നേരിയ വോട്ടുകള്‍ക്കാണ് ബിജെപി പരാജയപ്പെട്ടത്. നന്തിപുലം അടക്കമുള്ള വാര്‍ഡുകളില്‍ സിപിഎം-കോണ്‍ഗ്രസ് അവിഹിത കൂട്ടുക്കെട്ടാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടാനുള്ള കാരണം. പലയിടത്തും സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം വോട്ടുകള്‍ മറിക്കുകയായിരുന്നു. ഇത്തവണയും ഇത്തരത്തില്‍ വോട്ടുകള്‍ മറിക്കാന്‍ സാധ്യതയുണ്ടെങ്കിലും ഇതിനെ മറികടന്ന് തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
കാര്‍ഷിക-മലയോര മേഖലയായ വരന്തരപ്പിള്ളിയുടെ പശ്ചാത്തലം കണക്കിലെടുത്ത് കൃഷിക്കും കാര്‍ഷിക മേഖലയ്ക്കും പ്രാമുഖ്യം നല്‍കുന്നതടക്കമുള്ള വികസന അജണ്ടയാണ് തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കുള്ളത്. ചിമ്മിനി ഡാം, മുനിയറകളുള്ള മുനിയാട്ടുകുന്ന് എന്നിവ വരന്തരപ്പിള്ളി പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നതിനാല്‍ ടൂറിസത്തിന് വളരെ സാധ്യതകളുണ്ട്. അവഗണനയില്‍പ്പെട്ട് കിടക്കുന്ന ടൂറിസം വികസനം ബിജെപി യാഥാര്‍ത്ഥ്യമാക്കും. കനാലുകളില്ലാത്ത ഏക ഡാമായ ചിമ്മിനി ഡാമിന്റെ ടൂറിസം വികസനം പതിറ്റാണ്ടുകളിലായി കടലാസിലാണ്. മാറി മാറി ഭരിച്ച ഇടതു-വലതു മുന്നണികള്‍ ചിമ്മിനി ഡാമിനെ അവഗണിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രമായി ചിമ്മിനി ഡാമിനെ മാറ്റുമെന്ന് ബിജെപി ചൂണ്ടിക്കാട്ടി. പഞ്ചായത്തിലൂടെ ഒഴുകുന്ന കുറുമാലി പുഴയിലെ വെള്ളം കോള്‍മേഖലയിലേക്ക് മാത്രമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. പുഴയിലെ വെള്ളം ഉപയോഗിക്കാന്‍ അനുമതി ലഭിച്ചാല്‍ നിരവധി കുടിവെള്ള പദ്ധതികള്‍ പഞ്ചായത്തില്‍ നടപ്പാക്കാനാകും.
ബിജെപി ഭരണത്തിലെത്തിയാല്‍ ബന്ധപ്പെട്ട അധികൃതരെ സമീപിച്ച് ഇതിനുള്ള നടപടികളെടുക്കും. പതിറ്റാണ്ടുകളായി മുടങ്ങി കിടക്കുന്ന തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയും നടപ്പാക്കും. പഞ്ചായത്ത് ഇതുവരെ ഭരിച്ച ഇടതു-വലതു മുന്നണികള്‍ പദ്ധതിയ്ക്ക് മുഖം തിരിഞ്ഞു നില്‍ക്കുകയായിരുന്നു. പദ്ധതി പ്രാവര്‍ത്തികമായാല്‍ പുതുക്കാട് നിയോജക മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും നിരവധി കുടിവെള്ള പദ്ധതികള്‍ നടപ്പാക്കാനാകുമെന്ന് ബിജെപി വ്യക്തമാക്കി. കഴിഞ്ഞ രണ്ടു ടേമുകളില്‍ യുഡിഎഫാണ് പഞ്ചായത്ത് ഭരിച്ചതെങ്കില്‍ അതിനു മുമ്പ് തുടര്‍ച്ചയായി 30 വര്‍ഷം എല്‍ഡിഎഫിനായിരുന്നു ഭരണം. വികസനം മുരടിച്ച് കിടക്കുന്ന വരന്തരപ്പിള്ളി പഞ്ചായത്തില്‍ മിന്നുന്ന വിജയവുമായി അധികാരത്തിലെത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി പ്രചരണ രംഗത്ത് മുന്നേറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: