കല്‍പ്പറ്റ: തോട്ടം മേഖലയിലെ ജീവിതം നരക തുല്യമാണെന്ന് വയനാട് എസ്റ്റേറ്റ് മസ്ദൂര്‍ സംഘം ജില്ല. ജന. സെക്രട്ടറി പി.കെ. മുരളീധരന്. ഇത്തവണ തോട്ടം തൊഴിലാളികളുടെ വോട്ട് നിര്‍ണായകമാകും. വയനാട്ടിലെ തോട്ടം തൊഴിലാളികളുടെ നിത്യ ജീവിതം പോലും വഴിമുട്ടുന്ന അവസ്ഥയിലാണ്.
ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ത്ത് ലൈഫ് മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയെങ്കിലും നാളിതുവരെ നടപ്പിലാക്കുവാന്‍ കഴിഞ്ഞിട്ടില്ല. ഭവനനിര്‍മ്മാണത്തിന് ആവശ്യമായ ഭൂമി തോട്ടമുടമകള്‍ സൗജന്യമായി വിട്ടു നല്‍കണമെന്നായിരുന്നു സര്‍ക്കാരിന്റെ നിബന്ധന. ഇതില്‍ എത്രമാത്രം ആത്മാര്‍ത്ഥതയുണ്ടെന്ന് നാം മനസ്സിലാക്കണം. ഒട്ടുമിക്ക എസ്റ്റേറ്റുകളും പാട്ട ഭൂമി ആണെന്നതിനാല്‍ തന്നെ ഈ നിബന്ധന പാലിക്കുവാന്‍ തോട്ടം ഉടമകള്‍ക്ക് കഴിയുമായിരുന്നില്ല.
പ്രഖ്യാപിച്ച ലൈഫ് മിഷന് പദ്ധതി തോട്ടം മേഖലയിലും നടപ്പിലാക്കിയെന്ന് വരുത്തി തീര്‍ക്കുവാന്‍ ദേവികുളത്ത് കേവലം പത്തു വീടുകള്‍ മാത്രം നിര്‍മ്മിച്ചു നല്കി എന്നത് അഞ്ച് വര്‍ഷം തികയ്ക്കാന്‍ പോകുന്ന സര്‍ക്കാറിന് നേട്ടമായി ചൂണ്ടിക്കാണിക്കാം. എന്നാല്‍ സംസ്ഥാനത്ത് മൂന്നര ലക്ഷത്തിലധികം വരുന്ന തോട്ടം തൊഴിലാളികളും കുടുംബങ്ങളും ഉണ്ടെന്നുള്ള വസ്തുത സര്‍ക്കാര്‍ മറക്കരുത്. എക്കാലത്തും തോട്ടം തൊഴിലാളികള്‍ അടിമകളായി തന്നെ കഴിയണമെന്ന മുന്‍വിധിയാണ് ഇത് സൂചിപ്പിക്കുന്നത്.
തോട്ടം തൊഴിലാളികളുടെ ന്യായമായ പല ആവശ്യങ്ങളും സര്‍ക്കാര്‍ അവഗണിക്കുകയാണ്. ഇതിനെതിരെ തൊഴിലാളികള്‍ ഉണര്‍ന്നു ചിന്തിക്കുന്ന കാലം അതിവിദൂരമല്ല.സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും എന്ന കവി വാക്യം ഇവിടെ ഏറെ പ്രസക്തമാകുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: