തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ തെക്ക് കിഴക്കന്‍ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമാകും എന്ന മുന്നറിയിപ്പിന് പിന്നാലെ ഏഴ് ജില്ലകളില്‍ കനത്ത മഴ മുന്നറിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച തെക്കന്‍ ജില്ലകളില്‍ ഡിസംബര്‍ 3ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് വ്യാഴാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദമായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് ഉറപ്പിക്കുകയാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇപ്പോള്‍ ന്യൂനമര്‍ദം ശ്രീലങ്കന്‍ തീരത്ത് നിന്ന് ഏകദേശം 750 കി.മീ ദൂരത്തിലും കന്യാകുമാരിയില്‍നിന്ന് ഏകദേശം 1150 കി.മീ ദൂരത്തിലുമാണ്. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്നും തമിഴ്നാട്, കേരള തീരം വഴി അറബിക്കടലിലെത്തി ഒമാന്‍ തീരത്തേക്കു നീങ്ങുമെന്നുമാണു പ്രവചനം. കൃത്യമായ ദിശ 24 മണിക്കൂറിനുള്ളില്‍ ലഭ്യമാകും. ഇതോടെ, ബുര്‍വി ചുഴലിക്കാറ്റ് കേരളത്തെ എത്രമാത്രം ബാധിക്കുമെന്ന് വ്യക്തമാകും.
അന്തരീക്ഷ മര്‍ദത്തിന്റെ ഫലമായി ദിശമാറിയാല്‍ അതു കേരളത്തിനു ഭീഷണിയാകുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. ഇപ്പോള്‍ ഭീഷണിയില്ലാത്ത പാത ആണെങ്കിലും മറിച്ചായാല്‍ സാധ്യതയുള്ള രണ്ടു പാതകളും കേരളത്തിന്റെ തെക്കന്മേഖലയെ ബാധിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് അറബിക്കടലിലേക്ക് ചുഴലിക്കാറ്റ് കടക്കാനുള്ള സാധ്യത ഏറെയാണ്. അങ്ങനെ വന്നാല്‍ അതു തെക്കന്‍കേരളത്തിലൂടെയാകും. അതിലും വലിയ ഭീഷണിയായി മാറും കേരളത്തിലെ തീരപ്രദേശത്തു കൂടി കാറ്റിന്റെ ഗതി മാറിയാല്‍. അത്തരത്തിലുണ്ടായാല്‍ അത് മറ്റൊരു ഓഖിക്ക് സമാനമാകുമെന്നാണ് റിപ്പോര്‍ട്ട്.
ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരള തീരത്തുനിന്നു കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. നവംബര്‍ 30 അര്‍ധരാത്രി മുതല്‍ നിലവില്‍ വരുന്ന വിലക്ക് എല്ലാതരം മല്‍സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. നിലവില്‍ മല്‍സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ ഇന്ന് അര്‍ധരാത്രിയോട് കൂടി തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരേണ്ടതാണ്. ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ അനുവദിക്കുന്നതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: