ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരും ദല്‍ഹി പോലീസും ക്രമീകരിച്ച ബുറാഡിയിലെ മൈതാനത്തേക്ക് കര്‍ഷക സമരം മാറ്റില്ലെന്ന് കര്‍ഷക സംഘടനകള്‍. ദല്‍ഹിയിലേക്കുള്ള മുഴുവന്‍ വഴികളും തടഞ്ഞ് സമരം ശക്തമാക്കുമെന്ന് പ്രതിപക്ഷ കര്‍ഷക സംഘടനകള്‍ അറിയിച്ചു.കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് പോകില്ലെന്നും സര്‍ക്കാരിന് വേണമെങ്കില്‍ സമരം നടക്കുന്നിടത്ത് ചര്‍ച്ചയ്ക്ക് എത്താമെന്നുമാണ് കര്‍ഷക സംഘടനകളുടെ നിലപാട്. അതിനിടെ, സമരത്തിന്റെ ഭാഗമായി നടന്ന അക്രമങ്ങള്‍ക്ക് പഞ്ചാബ് കിസാന്‍ യൂണിയന് പ്രസിഡന്റ് സുര്‍ജീത് സിങ് ഫുല് മാപ്പു ചോദിച്ചു.
കര്‍ഷക സമരങ്ങള്‍ രാഷ്ട്രീയ വേദിയാക്കി മാറ്റുന്നത് കടുത്ത വിമര്‍ശനത്തിന് കാരണമായതോടെ തങ്ങളുടെ സമരവേദിയിലേക്ക് രാഷ്ട്രീയ നേതാക്കളെ പ്രവേശിപ്പിക്കേണ്ടതില്ലെന്നും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു.ദല്‍ഹി-ഹരിയാന അതിര്‍ത്തികളായ സിങ്ഗു, തിക്രി മേഖലകളിലാണ് കര്‍ഷകരുടെ പ്രതിഷേധം ശക്തമായി തുടരുന്നത്. യുപിയില്‍ നിന്ന് ദല്‍ഹിയിലേക്കുള്ള വഴി ഉപരോധിക്കാനുള്ള ഇടത് കര്‍ഷക സംഘടനകളുടെ നീക്കം യുപി പോലീസും ദല്‍ഹി പോലീസും തടഞ്ഞു.
പഞ്ചാബില്‍ നിന്നുള്ള കര്‍ഷക സംഘടനകള്‍ക്കൊപ്പം ചേര്‍ന്ന് ദല്‍ഹിയിലേക്കുള്ള മുഴുവന്‍ വഴികളും ഉപരോധിക്കാനുള്ള നീക്കമാണ് ഇടതു സംഘടനകള്‍ നടത്തുന്നത്. എന്നാല്‍, പ്രധാന റോഡുകള്‍ ഉപരോധിക്കാനുള്ള നീക്കം തുടര്‍ച്ചയായ നാലാം ദിവസവും പോലീസ് പൊളിച്ചു. ദല്‍ഹിയിലേക്കുള്ള ചരക്കുനീക്കം തടയാനുള്ള ശ്രമങ്ങളും പോലീസ് തകര്‍ത്തു.
അഞ്ഞൂറോളം കര്‍ഷക യൂണിയനുകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയായ അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് സമിതിയുമായി ചര്‍ച്ചയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ തയാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറും അറിയിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സമര സ്ഥലത്ത് എത്തണമെന്നും ഉപാധികളോടെയുള്ള ചര്‍ച്ചകള്‍ക്ക് തയാറല്ലെന്നുമാണ് കര്‍ഷക സംഘര്‍ഷ സമിതിയുടെ നിലപാട്. ഡിസംബര്‍ മൂന്നിനാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സംഘടനകളുമായി ചര്‍ച്ചയ്ക്ക് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.
കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാറാവണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു. ദല്‍ഹിയിലേക്കുള്ള എല്ലാ വഴികളും ഉപരോധിക്കുകയെന്ന തീരുമാനം തെറ്റാണ്. കര്‍ഷകര്‍ പോലീസ് തയാറാക്കിയ ബുറാഡിയിലെ സമരവേദിയിലേക്ക് മാറാന്‍ തയാറാവണമന്നും പഞ്ചാബ് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രശ്നപരിഹാരത്തിന് ഇതാണ് മാര്‍ഗ്ഗം, അമരീന്ദര്‍ പറഞ്ഞു.
ഡിസംബര്‍ മൂന്നിന് മുമ്പ് ചര്‍ച്ച വേണമെന്നാണ് കര്‍ഷക സംഘടനകളുടെ ആവശ്യമെങ്കില്‍ റോഡുകള്‍ ഉപരോധിച്ചുള്ള സമരം അവസാനിപ്പിച്ച് ബുറാഡിയിലേക്ക് മാറണമെന്ന് അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്. ബുറാഡിയിലേക്ക് കര്‍ഷകര്‍ മാറിയാല്‍ തൊട്ടടുത്ത ദിവസം ചര്‍ച്ചയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ തയാറാണ്, അമിത് ഷാ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഏതു നിമിഷവും ചര്‍ച്ചകള്‍ക്ക് തയാറാണെന്നും അതിനുള്ള അന്തരീക്ഷം ഒരുക്കേണ്ടത് കര്‍ഷക സംഘടനകളാണെന്നും കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമറും വ്യക്തമാക്കി. എന്നാല്‍ ജനങ്ങളെ ബന്ദിയാക്കിയുള്ള സമരം അനുവദിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: