കൊല്ലം: വിവിധ പദ്ധതികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക ചെലവഴിക്കാതെ കൊല്ലം കോര്പ്പറേഷന് വിവിധ ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്നു. സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളില്‍ ആണ് ഈ പണം നിക്ഷേപിച്ചിരിക്കുന്നതെന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നു. 2018-19 വര്‍ഷത്തെ ലോക്കല്‍ ഫണ്ട് ആഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
അമൃത് പദ്ധതിക്കായി അനുവദിച്ച തുകയില്‍ നിന്ന് 13,83,67,495 രൂപയാണ് പോളയത്തോടുള്ള ഇന്ത്യന്‍ ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നത്. എന്യുഎല്എമ്മിനുള്ള 3,25,12,632 രൂപയും നിക്ഷേപിച്ചിരിക്കുന്നത് ഇവിടെ തന്നെ. സ്വച്ഛ ഭാരതിനുള്ള 2,30,97,516 രൂപയും ശുചിത്വ മിഷന്റെ 2,28,72,191 രൂപയും ആക്സിസ് ബാങ്കിലാണ് സൂക്ഷിച്ചിട്ടുള്ളത്. അയ്യങ്കാളി പദ്ധതിക്കുള്ള 45,98,895 രൂപ പഞ്ചാബ് നാഷണല്‍ ബാങ്കിലും ആശ്രയ പദ്ധതിക്കുള്ള 21,05,663 രൂപ എസ്ബിഐയിലും സൂക്ഷിച്ചിട്ടുണ്ട്.
പണം കൃത്യമായി ചെലവഴിച്ച് അതിന്റെ കൃത്യമായ കണക്കും നല്കിയാല് മാത്രമേ പദ്ധതിക്കുള്ള അടുത്തവിഹിതം കേന്ദ്രം അനുവദിക്കുകയുള്ളൂ. ഫണ്ട് കൃത്യമായി ചെലവഴിക്കാതിരിക്കുന്നതു മൂലം അടുത്തവിഹിതത്തില് കേന്ദ്രം വെട്ടിക്കുറയ്ക്കല്‍ വരുത്തുകയോ അനുവദിക്കാതിരിക്കുകയോ ചെയ്യും. ഇത് കോര്‍പ്പറേഷന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കും.
എന്നാല്‍ ഇത്രകാലവും നഗരസഭ ഭരിച്ചവര്‍ക്ക് കണക്കുകള്‍ കൃത്യമായി നല്കി അടുത്തവിഹിതം കേന്ദ്രത്തില്‍ നിന്ന് വാങ്ങിച്ചെടുക്കണമെന്ന ഉദ്ദേശ്യം തീരെയില്ലെന്ന് ആഡിറ്റ് റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ മനസ്സിലാകും. കേന്ദ്രപദ്ധതികളുടെ ഫണ്ട് വിനിയോഗം സംബന്ധിച്ച കണക്ക് പ്രത്യേകം സോഫ്റ്റ് വെയറില്‍ സൂക്ഷിക്കാത്തതുകൊണ്ട് പരിശോധിക്കാനാകുന്നില്ലെന്നും ആഡിറ്റ് വിഭാഗം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: