തിരുവനന്തപുരം: ബുധനാഴ്ച കേരളത്തില്‍ കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം കൂടുതല്‍ ശക്തി കൈവരിച്ച പശ്ചാത്തലത്തിലാണ് അറിയിപ്പ്. ഇടുക്കിയില്‍ റെഡ് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്തിരിക്കുന്ന ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്രാപിച്ച് ശ്രീലങ്കയ്ക്ക് മുകളിലൂടെ തെക്കന്‍ തമിഴ്നാട്ടിലേക്ക് എത്തുമെന്നുള്ളതാണ് ഇപ്പോള്‍ കാലാവസ്ഥ വകുപ്പ് നല്കുന്ന മുന്നറിയിപ്പ്.
ഇത് കേരളത്തെയും ലക്ഷദ്വീപിനെയും ബാധിച്ചേക്കാം. കേരളത്തിന്റെ തീരത്ത് മണിക്കൂറില്‍ 75 കീലോമീറ്റര്‍ വേഗത്തില്‍വരെ കാറ്റിനും അതിശക്തവും തീവ്രവുമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു. നാളെ രാത്രി മുതല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് നിരോധനമേര്‍പ്പെടുത്തി.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെ മത്സത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല. ഇപ്പോള്‍ ആഴക്കടലില്‍ മത്സബന്ധനത്തിന് പോയിട്ടുള്ളവര്‍ ഏറ്റവും അടുത്തുള്ള തീരപ്രദേശത്തേക്ക് മടങ്ങണമെന്നുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാര അതോറിറ്റി ജില്ലാ കളക്ടര്‍മാരോടും സംസ്ഥാനതലത്തിലുള്ള ഉദ്യോഗസ്ഥരോടും ജാഗ്രത പാലിക്കാനും ദുരന്തനിവാരണത്തിനുള്ള മുന്‍കരുതല്‍ നടപടികളെടുക്കാനും നിര്‍ദേശിച്ചു.
അപകട സാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവര്‍, കെട്ടുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവര്‍ എന്നിവരെ ആവശ്യമെങ്കില്‍ സുരക്ഷിത സ്ഥാനത്തേക്ക് നീക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: