കൊല്ലം: സംസ്ഥാനത്ത് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളായി പ്രവര്‍ത്തിച്ച സ്കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്റ് പരീക്ഷ നടത്താനാകാതെ പ്രിന്‍സിപ്പല്‍മാര്‍ വെട്ടിലായി. ഓരോ ജില്ലയിലും ശരാശരി പത്ത് സ്കൂളെങ്കിലും ഇത്തരത്തിലുണ്ടെന്നാണ് കണക്ക്. തങ്ങളുടെ ബുദ്ധിമുട്ടുകള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മറ്റേതെങ്കിലും സ്കൂളില്‍ സ്വന്തം നിലയില്‍ പരീക്ഷ നടത്തിയാലും മതിയെന്ന മറുപടിയാണ് പ്രിന്‍സിപ്പല്‍മാര്‍ക്ക് ലഭിച്ചത്. എന്നാല്‍, സാമ്പത്തികചെലവിന്റെ കാര്യത്തില്‍ വ്യക്തതയില്ല. മറ്റൊരു സ്കൂളില്‍ പരീക്ഷ നടത്താനായി വേണ്ടത്ര സഹകരണം ഉറപ്പാക്കാന്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ സാധിക്കുമോയെന്നതും ആശങ്ക സൃഷ്ടിക്കുന്നു.
സാധാരണഗതിയില്‍ അതാത് സ്കൂളുകളുടെ ഇംപ്രൂവ്മെന്റ് പരീക്ഷ അതാത് സ്കൂളുകളില്‍ തന്നെയാണ് നടത്തുക. ഏതെങ്കിലും കാരണത്താല്‍ പരീക്ഷ നടത്താന്‍ ബുദ്ധിമുട്ടുള്ള സ്കൂള്‍ ഉണ്ടെങ്കില്‍ പകരം സംവിധാനം അതാത് പ്രിന്‍സിപ്പലിന്റെ ഉത്തരവാദിത്വത്തില്‍ ചെയ്യേണ്ടതും സമീപ സ്കൂളുകള്‍ തെരഞ്ഞെടുക്കുന്ന പക്ഷം മാതൃസ്കൂളിലെ ചീഫും ഡെപ്യൂട്ടിമാരും ഇന്‍വിജിലേറ്റര്‍മാരും തന്നെ പുതുതായി തെരഞ്ഞെടുക്കുന്ന സ്കൂളിലെത്തി മാതൃസ്കൂളിന്റെ കോഡില്‍ തന്നെ പരീക്ഷ നടത്തുകയും വേണം. ഇത്തരത്തില്‍ സ്കൂള്‍ മാറ്റം അനിവാര്യമെങ്കില്‍ വിവരം മുന്‍കൂട്ടിയറിയിക്കണമെന്നും ഉത്തരവ് വാങ്ങേണ്ടതുമാണെന്നുമാണ് ഇപ്പോള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. ഈ തീരുമാനം വിചിത്രവും പ്രതിഷേധാര്‍ഹവുമാണെന്ന് പ്രിന്‍സിപ്പല്‍മാര്‍ പറയുന്നു.
ഇതുകൂടാതെ പല സ്കൂളുകളും തെരഞ്ഞെടുപ്പ് കാലമായതിനാല്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ്. 16ന് വോട്ടെണ്ണല്‍ കഴിഞ്ഞാലുടന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് സ്കൂളിന്റെ താക്കോല്‍ തിരിച്ചുവാങ്ങണം. 18നകം അഡ്മിഷന് ടിക്കറ്റ് എടുത്തു നല്‍കണം. കൂടാതെ പരീക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തണം. രണ്ടുദിവസം കൊണ്ട് ഇതെല്ലാം സങ്കീര്‍ണവും അസാധ്യവുമാണെന്ന് പ്രിന്‍സിപ്പല്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
വിദ്യാര്‍ഥികളിലും ആശങ്ക
അതേസമയം, ഡിസംബര്‍ 18 മുതല്‍ മുതല്‍ 23വരെ നടക്കുന്ന ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പരീക്ഷണമായേക്കും. ഓരോ ദിവസവും രാവിലെയും ഉച്ചയ്ക്കും പരീക്ഷയുണ്ട്. ഒരു കുട്ടിക്ക് മൂന്നു വിഷയം ഇംപ്രൂവ് ചെയ്യാം. പരാജയപ്പെട്ട് എഴുതുന്ന കുട്ടികള്‍ക്ക് എല്ലാ വിഷയവും എഴുതാം.
പരീക്ഷ പഠനദിനങ്ങള്‍ അപഹരിക്കുന്നത് ഒഴിവാക്കാനാണ് മുമ്പ് രാവിലെയും ഉച്ചയ്ക്കുമായി പരീക്ഷ നടത്തിയിരുന്നത്. എന്നാലിപ്പോള്‍ സ്കൂള്‍ പഠനം മുടങ്ങിയ സാഹചര്യത്തില്‍ ദിവസം ഒരു വിഷയം വീതം നടത്തിയാല്‍ മതിയാകുമെന്ന് അധ്യാപകരും പറയുന്നു. 9.30 മുതല്‍ 11.45 വരെയുള്ള രാവിലത്തെ പരീക്ഷ കഴിഞ്ഞ് വീണ്ടും ഉച്ചയ്ക്ക് രണ്ടിനുള്ള പരീക്ഷയ്ക്കുവേണ്ടി കുട്ടികള്‍ സ്കൂളില്‍ തങ്ങുന്നത് കൊവിഡ് മാനദണ്ഡ ലംഘനത്തിനും വ്യാപനത്തിനും കാരണമാകുമെന്നും ആശങ്കയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: