ചവറ: ചവറ പാലത്തിനു സമീപം കണ്ടൈനര്‍ ലോറിക്കു പിന്നില്‍ മറ്റൊരു കണ്ടൈനര്ലോറി ഇടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ആറുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം. ഇടിച്ച കണ്ടൈനര്‍ ഓടിച്ചിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി സദാബി(35)ന് തലയ്ക്ക് ഗുരുതര പരിക്ക്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു.
കൊല്ലത്തുനിന്നും ആലപ്പുഴയിലേക്ക് പോകുന്നതിനിടെയാണ് കണ്ടൈനര്‍ ലോറികള്‍ അപകടത്തില്‍പ്പെട്ടത്. മറ്റൊരു വാഹനം പാലത്തിലേക്ക് എതിരെ വരുന്നതുകണ്ട് ആദ്യം പോയ കണ്ടൈനര്‍ വേഗം കുറച്ചു. ഇതിനിടയില്‍ പിന്നാലെ വന്ന കണ്ടൈനര്‍ മുമ്പേപോയ ലോറിയുടെ പുറകിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പിന്നാലെ വന്ന കണ്ടൈനര്‍ ലോറിയുടെ മുന്‍ഭാഗം തകര്‍ന്നു.
അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ചവറ വഴിയുള്ള ഗതാഗതം സ്തംഭിച്ചു. ചവറ പോലീസും അഗ്നിശമനസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ചവറ കെഎംഎംഎല്ലില്‍ നിന്നും ക്രെയിനും ജെസിബിയും ജീവനക്കാരും എത്തി അപകടത്തില്‍പ്പെട്ട വാഹനത്തെ മണിക്കൂറുകള്‍ ശ്രമിച്ച് മാറ്റി. രാവിലെ 8.30 ഓടെ ഭാഗികമായും10 ഓടെ പൂര്‍ണമായും ഗതാഗതം പുനഃസ്ഥാപിച്ചു. പരിക്കേറ്റ ഡ്രൈവര്‍ സദാബിനെ ആംബുലന്‍സില്‍ ആദ്യം നീണ്ടകര താലൂക്ക് ആശുപത്രിയിലാണ് എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: