കൊച്ചി: വിജിലന്‍സിനെക്കൊണ്ട് റെയ്ഡ് നടത്തിച്ച് കെഎസ്എഫ്ഇയെയും കെഎസ്എഫ്ഇയുടെ പദ്ധതികളെയും അട്ടിമറിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനോ? അഴിമതികള്‍ അന്വേഷിക്കുന്ന ഏജന്‍സികളെക്കൊണ്ട് കേന്ദ്രം കിഫ്ബിയടക്കമുള്ളവയെ അട്ടിമറിക്കുകയും തകര്ക്കുകയുമാണെന്നാണ് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞുനടക്കുന്നത്. അങ്ങനെയാണെങ്കില്‍ മുഖ്യമന്ത്രി സ്വന്തം വിജിലന്‍സിനെക്കൊണ്ട് കെഎസ്എഫ്ഇയെ അട്ടിമറിക്കുകയാണെന്നും ധനമന്ത്രിക്ക് പറയേണ്ടി വരും.
സ്വര്‍ണക്കടത്ത്, ലൈഫ്മിഷന്, കിഫ്ബി എന്നിവയിലെ ക്രമക്കേട് തുടങ്ങിയവ എന്‍ഫോഴ്സ്മെന്റ്, കസ്റ്റംസ്, സിബിഐ, എന്‍ഐഎ തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചു വരികയാണ്. വലിയ അഴിമതിയും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും നടന്നുവെന്ന് ബോധ്യമായതോടെയായിരുന്നു അന്വേഷണം തുടങ്ങിയത്. കിഫ്ബിയെ തകര്‍ക്കാനും വികസന പദ്ധതികള്‍ അട്ടിമറിക്കാനും കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും ഇതിന് അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്നുമാണ് ധനമന്ത്രി ഡോ. തോമസ് ഐസക് ആവര്‍ത്തിക്കുന്നത്. കേന്ദ്രം കേരള സര്‍ക്കാരിന്റെ പദ്ധതികള്‍ മനപ്പൂര്‍വ്വം തകര്‍ക്കുന്നുവെന്നാണ് ആരോപണം.
കെഎസ്എഫ്ഇ കേരളത്തിലെ വളരെ പ്രധാനപ്പെട്ട ധനകാര്യ സ്ഥാപനങ്ങളില്‍ ഒന്നാണ്. ജനങ്ങളുടെ വിശ്വാസം ആര്‍ജിച്ച അവരുടെ ആശ്രയമായ സ്ഥാപനവും. അവിടെ വന്‍തോതില്‍ അഴിമതിയും ക്രമക്കേടും നടക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് വിജിലന്‍സ് വ്യാപകമായി റെയ്ഡ് നടത്തുകയാണ്. അനവധി ബ്രാഞ്ചുകളില്‍ വലിയ തട്ടിപ്പും തിരിമറിയും ബിനാമി ചിട്ടികളും കണ്ടെത്തിയിട്ടുണ്ടെന്നും ചിലയിടങ്ങളില്‍ മാനേജര്‍മാര്‍ക്കു പോലും ഇതില്‍ പങ്കുണ്ടെന്നുമാണ് വിജിലന്‍സ് നല്കുന്ന സൂചന. വിജിലന്‍സ് റെയ്ഡിനെതിരെ ധനമന്ത്രി ഡോ. തോമസ് ഐസക് തന്നെ പ്രതികരിച്ചിട്ടുണ്ട്. റെയ്ഡ് തെറ്റാണെന്നും അനാവശ്യമാണെന്നും അഴിമതിയില്ലെന്നുമാണ് ധനമന്ത്രിയുടെ വാദം.
അങ്ങനെയെങ്കില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ഇവിടെയും ബാധകമാണ്. മുഖ്യമന്ത്രി സ്വന്തം കീഴിലുള്ള വിജിലന്‍സിനെക്കൊണ്ട് റെയ്ഡ് നടത്തിച്ചുവെന്നും ധനവകുപ്പിന്റെ നടപടികളും ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും അട്ടിമറിക്കുന്നുവെന്നും ധനമന്ത്രി ആരോപിക്കുമോ? അളവുകോല്‍ ഒന്നാണെങ്കില് ധനമന്ത്രി ഇങ്ങനെ പറയേണ്ടതുതന്നെയാണ്. സ്വന്തം സര്‍ക്കാരിന്റെ ഏജന്‍സിയാണ് കെഎസ്എഫ്ഇയില്‍ ക്രമക്കേട് കണ്ടെത്തിയതും അന്വേഷണം ആരംഭിച്ചതും. അതിനെ ധനമന്ത്രിക്ക് തള്ളിപ്പറയാന്‍ കഴിയില്ല. അതല്ലെങ്കില്‍ ഈ ക്രമക്കേടുകളില്‍ പങ്കുണ്ടെന്ന് ആരോപണം ഉന്നയിച്ചാല്‍ അതിനെ എതിര്‍ക്കാനും ധനമന്ത്രിക്ക് കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: