കൊച്ചി: ക്രൈസ്തവര്‍ മാത്രമല്ല മുസ്ലിം സമുദായവും ബിജെപിയിലേക്ക് ചായുന്നു. മുത്തലാഖ് വിഷയത്തില്‍ കര്‍ശന നിയമം കൊണ്ടുവന്നതാണ് മുസ്ലിങ്ങളിലെ സ്ത്രീകള്‍ ബിജെപിയിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ കാരണം. മോദി ഭരണം മൂലം ലഭിച്ച നേട്ടങ്ങളും മനസ് ബിജെപിയിലേക്ക് തിരിയാന്‍ കാരണമായിട്ടുണ്ട്.
ഇക്കുറി 117 മുസ്ലിം സമുദായാംഗങ്ങളാണ് ബിജെപിക്കു വേണ്ടി കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങിയിരിക്കുന്നത്. ഇവരില്‍ ഏഴുപേര്‍ വനിതകളാണ്. അവരില്‍ ഒരാള്‍ മുത്തലാഖിന്റൈ ദുരന്തം അനുഭവിച്ചയാളും. മുന്‍പൊക്കെ പല കാരണങ്ങളാല്‍ ബിജെപിയോട് അകലം പാലിച്ചവരാണ് അനാവശ്യ ഭയം വേണ്ടെന്ന് തിരിച്ചറിഞ്ഞു തുടങ്ങിയത്.
സ്വന്തം മതത്തിലെ തീവ്രവാദികളുടെ ഭീഷണിയും ഉപദേശങ്ങളും കടുത്ത നിലപാടുകളും പലപ്പോഴും ബിജെപിയോട് താല്‍പ്പര്യം തോന്നിയവരെപ്പോലും അകറ്റിയിട്ടുണ്ട്. പക്ഷെ തീവ്രവാദം രാജ്യത്തിനു മാത്രമല്ല സ്വസമുദായത്തിനു പോലും വെല്ലുവിളിയാണെന്ന് അവര്‍ക്ക് ഇന്ന് അറിയാം. പല രാജ്യങ്ങളിലും മുസ്ലീം സമുദായം മൊത്തം അനഭിമതരാണെന്നചിന്ത ശക്തമാണ്, ഒരിക്കല്‍ മുസ്ലിം അഭയാര്‍ഥികളെ വലിയ തോതില്‍ സ്വീകരിച്ച ഫ്രാന്‍സും ജര്‍മ്മനിയും അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ഥിതി ഭിന്നമല്ല. എന്നാല്‍ ഇന്ത്യയില്‍ ഇന്നും അത്തരം അവസ്ഥ വന്നിട്ടില്ല. മാത്രമല്ല മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ ഗുണഫലം വലിയ അളവില്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും അവര്‍ തിരിച്ചറിഞ്ഞു. സമൂഹമാധ്യമങ്ങളും ഇക്കാര്യത്തില്‍ വലിയ തോതില്‍ അവരെ സഹായിച്ചിട്ടുണ്ട്. പ്രധാനമ്രന്തി ആവാസ് യോജന, സൗജന്യ പാചക വാതക വിതരണ പദ്ധതിയായ പ്രധാനമന്ത്രി ഉജ്വല യോജന, മുദ്ര യോജന, ജന്‍ധന്‍ അക്കൗണ്ടുകള്‍, സബ്സിഡി അക്കൗണ്ടിലേക്ക് നേരിട്ട് എത്തിക്കുന്ന സംവിധാനം, കര്‍ഷക സമ്മാന്‍ പദ്ധതി, ഗര്‍ഭിണികള്‍ക്കുള്ള മാതൃ യോജന എന്നിവയെല്ലാം മതജാതിക്കപ്പുറം സകലര്‍ക്കും ലഭിച്ചിട്ടുണ്ട്.
മുസ്ലീം സമുദായത്തില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റം ക്രമണേ രാഷ്ട്രീയ സമവാക്യങ്ങളിലും പരിവര്‍ത്തനം കൊണ്ടുവരും. യുഡിഎഫും എല്‍ഡിഎഫും തങ്ങളോട് അനീതിയാണ് കാണിക്കുന്നതെന്നും തങ്ങളെ വോട്ട് ബാങ്കായാണ് കാണുന്നതെന്നും ക്രൈസ്തവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. അത് സമുദായാംഗങ്ങളുടെ ചിന്തയിലും സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകളിലും പ്രകടമാണ്.
ഇതേ മാറ്റമാണ്, ഇപ്പോള്‍ മുസ്ലിം സമുദായത്തിലും സംഭവിക്കുന്നത്. ഇത് അധികം വൈകാതെ രാഷ്ട്രീയത്തിലും പ്രതിഫലിക്കും.
പ്യാരിജാന്റെ പോരാട്ടം ബിജെപിക്കൊപ്പം
പാലക്കാട്: പത്ത് വര്‍ഷം മുമ്പാണ് കൊല്ലങ്കോട് മണ്ണാര്‍കുണ്ട് സ്വദേശിനി എ. പ്യാരിജാന് എന്ന വീട്ടമ്മയെ ഭര്‍ത്താവ് മൊഴിചൊല്ലിയത്. മുത്തലാഖ് ജീവിതം തകര്‍ത്തപ്പോള്‍ പറക്കമുറ്റാത്ത രണ്ട് പെണ്മക്കളുമായി പെരുവഴിയിലേക്കിറങ്ങേണ്ടി വന്ന പ്യാരിജാന് അന്ന് മനസില്‍ കുറിച്ചതാണ് ഈ കരിനിയമം ഇല്ലാതാക്കാന്‍ നട്ടെല്ലുള്ള ഒരാള്‍ വരുമെന്ന്. മുത്തലാഖ് ക്രിമനില്‍ കുറ്റമാക്കിക്കൊണ്ട് തന്റെയും ആയിരക്കണക്കിന് സ്ത്രീകളുടെയും കണ്ണുനീരിനും ദുഃഖത്തിനും അറുതി വരുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാരിന്റെ ധീരമായ തീരുമാനങ്ങളിലും പ്രഖ്യാപനങ്ങളിലും ആകൃഷ്ടയായാണ് പ്യാരിജാന് ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായത്. നിസാരകാരണങ്ങള്‍ പറഞ്ഞാണ് പെണ്‍കുട്ടികളെയും സ്ത്രീകളെയും മൊഴിചൊല്ലിയിരുന്നതെന്നും അവരുടെ കണ്ണീരൊപ്പാന്‍ മോദിക്ക് മാത്രമാണ് കഴിഞ്ഞത്. ഇനിയൊരു സ്ത്രീക്കും ഇത്തരമൊരു അവസ്ഥ വരരുതെന്നും പ്യാരിജാന് പറയുന്നു.
മോദിസര്‍ക്കാരിന്റെ ഭരണത്തിലും, ബിജെപിയെന്ന ദേശീയ പ്രസ്ഥാനത്തിലും ആകൃഷ്ടയായി താമര ചിഹ്നത്തതില്‍ മത്സരിക്കുകയാണ് പ്യാരിജാന്. തന്നെപ്പോലെ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായംനല്‍കണമെന്ന തീരുമാനത്തോടെയാണ് മണ്ണാര്‍കുണ്ട് 13-ാം വാര്‍ഡ് ചീരണിയിലില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. ജീവിതം വഴിമുട്ടിയപ്പോള്‍ വഴികാണിച്ചത് ബിജെപിയാണ്. രണ്ട് മക്കളെ പഠിപ്പിച്ചതും, മൂത്തമകളുടെ വിവാഹം നടത്തിയതും ബിജെപിക്കാരുടെ സഹായത്തോടെയാണെന്ന് പറയുമ്പോള്‍ പ്യാരിജാന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധീരമായ പ്രഖ്യാപനങ്ങളും സാധാരണക്കാരുടെ ഉന്നമനത്തിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കിയതും തന്നെ ബിജെപിയേക്ക് കൂടുതല്‍ അടുപ്പിച്ചതായി പ്യാരിജാന് പറയുന്നു.
തൊഴിലുറപ്പ് പണിക്ക് പോയി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന പ്യാരിജാന് സ്വന്തമായി വീടില്ല. പ്രായമായ അച്ഛനോടൊപ്പമാണ് താമസം. ജയിച്ചാല്‍ കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ആനുകൂല്യം ജനങ്ങളിലേക്കെത്തിക്കണം. ജനങ്ങള്‍ക്ക് അവകാശപ്പെട്ട അടിസ്ഥാനസൗകര്യങ്ങള്‍ നടപ്പിലാക്കാന്‍ പോലും പഞ്ചായത്ത് ഭരണസമിതികള്‍ തയാറാകുന്നില്ല. കേന്ദ്രപദ്ധതികളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കി അവര്‍ക്ക് ആനുകൂല്യങ്ങള്‍ എത്തിക്കുകയാണ് ആദ്യലക്ഷ്യമെന്നും പ്യാരിജാന് ജന്മഭൂമിയോട് പറഞ്ഞു.
തന്റെ സമൂഹത്തില്‍ ഉള്ളവരുടെ ഉള്‍പ്പെടെ പൂര്‍ണപിന്തുണയുണ്ടെന്നും വിജയിക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും മോദി ആരാധിക കൂടിയായ പ്യാരിജാന് പറയുന്നു. ഹരിതകുങ്കുമകാവി ഷാളണിഞ്ഞ് ആവേശത്തോടെ ആത്മവിശ്വാസത്തോടെ വോട്ടുതേടി വീടുകള്‍ കയറിയിറങ്ങുകയാണ് പ്യാരിജാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: