ജെറുസലേം: ആണവ ശാസ്ത്രജ്ഞനായ മൊഹ്സെന്‍ ഫക്രിസാദെയുടെ കൊലപാതകത്തിനു പിന്നില്‍ ഇസ്രയേലാണെ ഔദ്യോഗികമായി ഇറാന് വെളിപ്പെടുത്തിയതോടെ രാജ്യത്തെ സുരക്ഷ ശക്തിപ്പെടുത്തി ഇസ്രയേല്‍. പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു സൈനിക നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന് പ്രസിഡന്റ് ഹസന് റുഹാനി ഇന്നു രാവിലെ ഇസ്രയേലിനും മൊസാദിനുമെതിരെ രംഗത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് തിരക്കിട്ട നീക്കങ്ങള്‍ നെതന്യാഹു നടത്തിയത്.
മൊഹ്സെന്റെ മരണത്തിന് തെരഞ്ഞെടുത്ത സമയത്ത് ഇറാന് മറുപടി നല്‍കുമെന്നും റുഹാനി ഭീഷണി മുഴക്കിയിരുന്നു. മെസാദിന്റെ രഹസ്യസന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് സുരക്ഷ ശക്തമാക്കിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൊഹ്സെന്റെ കൊലയ്ക്കു പിന്നില്‍ ഇസ്രയേലാണെന്നും സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നും ചുണ്ടിക്കാട്ടി ഇറാന് ഐക്യരാഷ്ട്ര സംഘടനയ്ക്കു കത്തു നല്‍കിയിട്ടുണ്ട്. ഇരട്ടത്താപ്പ് അവസാനിപ്പിച്ച് കൊലപാതകത്തെ അപലപിക്കാന്‍ രാജ്യാന്തര സമൂഹം തയാറാകണമെന്നും ഇറാന് വിദേശകാര്യമന്ത്രി മുഹമ്മദ് ജാവദ് ഷരീഫ് പറഞ്ഞു.
ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്റെ ഹിറ്റ് ലിസ്റ്റിലെ ഒന്നാമനായിരുന്നു മൊഹ്സെന്‍. ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡിലെ ഉദ്യോഗസ്ഥനും ടെഹ്റാനിലെ ഇമാം ഹുസൈന് സര്‍വകലാശാലയിലെ പ്രഫസറുമായിരുന്നു മൊഹ്സെന്‍. ഇറാന്റെ ആണവപദ്ധതിയുടെ ചുക്കാന്‍ പിടിച്ചിരുന്നത് ഇദ്ദേഹമാണ്. 2010നും 2012നും ഇടയില്‍ ഇറാനില്‍ നാല് ആണവശാസ്ത്രജ്ഞരാണു കൊല്ലപ്പെട്ടത്.
ഇസ്രയേലിന് തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപനത്തിനു പിന്നാലെ ഇറാന് തീരത്തേക്ക് യുദ്ധക്കപ്പലുകള്‍ അമേരിക്ക നീക്കിയിരുന്നു. ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ് ആണ് കൊലയ്ക്കു പിന്നിലെന്നാണ് ഇറാന്റെ വാദം. അങ്ങനെയെങ്കില്‍ ഇസ്രയേലിനു നേരേ ഏതെങ്കിലും ഒരു തരത്തില്‍ നീക്കമുണ്ടായാല്‍ കനത്ത തിരിച്ചടി ലഭിക്കുമെന്ന താക്കീതുമായാണു യുഎസിന്റെ പടനീക്കം. ഇസ്രയേലിന്റെ വാക്കിനു വഴങ്ങിയാണ് ട്രംപിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. ഏതെങ്കിലും തരത്തില്‍ ഇറാന് തിരിച്ചടിക്കു മുതിര്‍ന്നാല്‍ ഇറാന്റെ ആണവ പരീക്ഷണ കേന്ദ്രങ്ങള്‍ തകര്‍ക്കാനാണ് തീരുമാനമെന്നും വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: