ബിജെപി മുന്നേറ്റമുണ്ടാക്കും: ബി.ബി. ഗോപകുമാര്‍
കൊല്ലം: തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരം ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎയും ബിജെപി വിരുദ്ധരും തമ്മിലാണെന്ന് ജില്ലാപ്രസിഡന്റ് ബി.ബി. ഗോപകുമാര്‍.
ഇടതും വലതും കാലങ്ങളായി ജനങ്ങളെ കബളിപ്പിക്കുകയാണ്. കേന്ദ്രാവിഷ്കൃതജന ക്ഷേമപദ്ധതികള്‍ വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മുന്നൂറോളം പദ്ധതികളിലൂടെ സമൂഹത്തിലെ നാനാതുറകളിലുള്ളവര്‍ക്കും ഗുണഫലമെത്തിച്ചു. ഒരുപൈസ പോലും നഷ്ടപ്പെടുത്താതെ കേന്ദ്രം അനുവദിച്ച തുക മൊത്തമായി തന്നെ ഗുണഭോക്താവിന് എത്തിച്ചത് മോദിസര്‍ക്കാരാണ്.
ജില്ലയില്‍ ബിജെപിക്ക് അനുകൂലമാണ് വോട്ടര്‍മാരുടെ മനസ്. ഇരുമുന്നണികളുടെയും അഴിമതിയില്‍ മനം മടുത്തിരിക്കുന്നു. ഇനി ബിജെപിക്ക് അവസരം നല്‍കാമെന്ന ചിന്ത വളര്‍ന്നു. സംശുദ്ധഭരണവും വികസിതകേരളവുമാണ് ബിജെപി മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം. ജില്ലയില്‍ മൂന്നുമാസത്തിനിടെ ആറായിരം പേരാണ് സിപിഎമ്മും കോണ്‍ഗ്രസും മറ്റുപാര്‍ട്ടികളും വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഇതെല്ലാം കേരളം മാറുന്നതിന്റെ തെളിവാണ്. ദേശീയതാത്പര്യം മുന്‍നിര്‍ത്തിയല്ലാതെ ഇടതുവലതു അപവാദപ്രചാരണത്തില്‍ പെട്ടുപോകാതിരിക്കാനാണ് ഇപ്പോള്‍ ജനങ്ങള്‍ ശ്രദ്ധിക്കുന്നതെന്നും ബി.ബി. ഗോപകുമാര്‍ പറഞ്ഞു.
കൊല്ലം കോര്‍പ്പറേഷനിലെ അഴിമതികള്‍ എണ്ണിയാലൊടുങ്ങില്ല. 2018-19 ആഡിറ്റ് റിപ്പോര്‍ട്ടില്‍ കൃത്യമായി സാമ്പത്തികതിരിമറി അടയാളപ്പെടുത്തുന്നു. കേന്ദ്രം ഓരോപദ്ധതിക്കായും അനുവദിച്ച കോടികള്‍ സ്വകാര്യബാങ്കിലും പൊതുമേഖലാ ബാങ്കിലും നിക്ഷേപിച്ച് പലിശ തിന്നുകയാണ് കൊല്ലം കോര്പ്പറേഷന്. നിരാലംബര്‍ക്ക് ആഹാരം കൃത്യമായി നല്‍കുന്നതിനായി ആശ്രയ പദ്ധതിയിലേക്ക് നല്കിയ 21 ലക്ഷം രൂപ പോലും ചെലവാക്കിയിട്ടില്ല. ബാങ്കില്‍ നിക്ഷേപിച്ച് പലിശ വാങ്ങാനല്ല കേന്ദ്രഫണ്ട്. അത് ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. പ്രസന്ന ഏണസ്റ്റ് മേയറായിരുന്ന കാലയളവില്‍ ആംബുലന്‍സ് വാങ്ങിയ ഇനത്തിലും ടൗണ്‍ഹാള്‍ നവീകരണത്തിന്റെ പേരിലും മാലിന്യനീക്കത്തിനുള്ള പെട്ടിയോട്ടോകളുടെ പേരിലും ലക്ഷങ്ങളാണ് വെട്ടിച്ചത്. ഇത്തവണ ശക്തമായ ജനവികാരം കോര്‍പ്പറേഷനെതിരെ പ്രതിഫലിക്കും. ജില്ലയിലെമ്പാടും ബിജെപിയുടെ മുന്നേറ്റവുമുണ്ടാകുമെന്ന് ബി.ബി. ഗോപകുമാര്‍ പറഞ്ഞു.
ത്രികോണമത്സരം: സുദേവന്
ജില്ലയില്‍ ശക്തമായ ത്രികോണമത്സരമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ. സുദേവന്. കോണ്‍ഗ്രസും സിപിഎമ്മും ബിജെപിയും തമ്മിലുള്ള മത്സരത്തില്‍ വിജയം ഇടതുമുന്നണിക്കായിരിക്കും. കാരണം കൊല്ലം കോര്‍പ്പറേഷനിലും ഭരിക്കുന്ന പഞ്ചായത്തുകളിലും നടത്തിയിട്ടുള്ള വികസനപ്രവര്‍ത്തനങ്ങള്‍ തന്നെ. കോര്പ്പറേഷന് അടുത്തതവണയും എല്‍ഡിഎഫ് തന്നെ പിടിക്കും. ഇപ്പോള്‍ 37 സീറ്റാണ്. അത് വര്‍ധിക്കുമെന്നല്ലാതെ കുറയില്ല. എല്‍ഡിഎഫില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കുമെല്ലാം സീറ്റ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിലാകട്ടെ ഗ്രൂപ്പ് തിരിഞ്ഞുള്ള അടിയാണ്. ജില്ലയില്‍ യുഡിഎഫ് ശിഥിലമാണ്. വിമതസ്ഥാനാര്ഥികളോട് പിന്മാറണമെന്ന് അപേക്ഷിക്കേണ്ട ഗതികേടിലാണവര്‍. കോര്‍പ്പറേഷനില്‍ 9 ഇടത്തും നാലു നഗരസഭകളിലായി 35 വാര്‍ഡുകളിലും കോണ്‍ഗ്രസിന് റിബലുകളുണ്ട്.
അഴിമതി വ്യവസായമാക്കി: ബിന്ദുകൃഷ്ണ
കോര്‍പ്പറേഷനെയും ജില്ലാ പഞ്ചായത്തിനെയും വിവിധ ഗ്രാമപഞ്ചായത്തുകളെയും അഴിമതിയുടെ ഈജിയന്‍ തൊഴുത്താക്കി മാറ്റിയതാണ് എല്‍ഡിഎഫിന്റെ നേട്ടമെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ. കാല്‍നൂറ്റാണ്ടായി ഭരിക്കുന്ന കൊല്ലം കോര്‍പ്പറേഷനില്‍ അഴിമതി വ്യവസായവത്കരിച്ചവരാണ് സിപിഎം. ഹൈക്കോടതിയില്‍ നിന്നും സ്റ്റേ വാങ്ങിയാണ് സിപിഎമ്മിന്റെ മേയര്‍ സ്ഥാനാര്‍ഥി മത്സരിക്കുന്നത്. ശ്മശാനത്തില്നിന്ന ആഞ്ഞിലിമരം പോലും വെട്ടിവിറ്റ വിരുതനായ കൗണ്‍സിലര്‍ക്ക് വീണ്ടും മത്സരിക്കാന്‍ സീറ്റു നല്കിയിരിക്കുന്നു.
കോര്‍പ്പറേഷന്റെ ഭരണനേട്ടം രാത്രിയില്‍ റോഡിലിറങ്ങിയാല്‍ കാണാം. വെട്ടവുമില്ല, വെളിച്ചവുമില്ല. തെരുവുവിളക്കുകള്‍ പോലും പ്രകാശിപ്പിക്കാനാകാത്തവരാണ് ഭരിക്കുന്നത്. സര്‍വത്ര അഴിമതിയാണ്. മത്സ്യബന്ധനം, കശുവണ്ടി, തൊഴിലുറപ്പ്, വിദ്യാഭ്യാസം, വ്യവസായം, യുവജനക്ഷേമം എന്നുവേണ്ട എല്ലാമേഖലയിലും പരാജയപ്പെട്ട മുന്നണിയാണ് ഇടതുപക്ഷമെന്നും ബിന്ദുകൃഷ്ണ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: