വിളപ്പില്‍: മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പൂജാ വേളകളിലെ കൊട്ടിപ്പാടല്‍ സേവയ്ക്ക് ഇടയ്ക്കയുടെ താളം മതി. എന്നാല്‍ കഴിഞ്ഞ 20 വര്‍ഷമായി ഒരു ക്ഷേത്ര ജീവനക്കാരന് ഇടയ്ക്ക കൊട്ടുന്നതിനൊപ്പം ഗീതാഗോവിന്ദത്തിലെ ഈരടികളും പാടുന്നു.
ക്ഷേത്ര പഞ്ചവാദ്യ കലാകാരന് മലയിന്‍കീഴ് മേലെ കരിപ്രവിളാകം ശ്രീഗോപാലത്തില് ഗോപാലകൃഷ്ണന് നായര്‍ (54) സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ല. ക്ഷേത്ര കലാപീഠത്തില്‍ ആദ്യ ബാച്ചുകാരനായി ഇടയ്ക്ക വാദ്യം അഭ്യസിച്ചു. 34 വര്‍ഷം മുമ്പ് ദേവസ്വം ബോര്‍ഡില്‍ വാദ്യകലാകാരനായി ജോലിയില്‍ പ്രവേശിച്ചു. മലയിന്‍കീഴ് ക്ഷേത്രത്തില്‍ നിയമനം കിട്ടിയതോടെയാണ് കരുനാഗപ്പള്ളി ആദിനാട്സ്വദേശിയായ ഗോപാലകൃഷ്ണന് നായര്‍ മലയിന്‍കീഴില്‍ സ്ഥിരതാമസമാക്കിയത്.
നാലമ്പലത്തിനുള്ളില്‍ സോപാന പടിക്കരികില്‍ നിന്ന് ഗോപാലകൃഷ്ണന് വന്ദേ, മുകുന്ദ ഹരേ… ഈണത്തില്‍ പാടുമ്പോള്‍ അത് ശ്രീവല്ലഭന് അഷ്ടപദിയാകുന്നു. പൊതു സ്ഥലംമാറ്റത്തിലൂടെ ഗോപാലകൃഷ്ണന് മറ്റേതെങ്കിലും ക്ഷേത്രത്തിലേക്ക് മാറിപ്പോകുമ്പോള്‍ തിരുവല്ലാഴപ്പന് പൂജയ്ക്ക് ഇടയ്ക്കത്താളം മാത്രം. ഇക്കാലയളവില്‍ മൂന്നു തവണ ഗോപാലകൃഷ്ണന് സ്ഥലംമാറ്റമുണ്ടായി. പക്ഷേ അധികം വൈകാതെ മലയിന്‍കീഴിലേക്ക് മടങ്ങിയെത്തുകയാണ് പതിവ്.മലയിന്‍കീഴിലെ 250 ല്‍പ്പരം യുവാക്കളെ സൗജന്യമായി പഞ്ചവാദ്യം പഠിപ്പിച്ചിട്ടുണ്ട് ഗോപാലകൃഷ്ണന്. ജയയാണ് ഗോപാലകൃഷ്ണന്റെ ഭാര്യ. മക്കളായ ജയകൃഷ്ണനും ഉണ്ണികൃഷ്ണനും അച്ഛനെ പിന്തുടരാന് വാദ്യകല പഠിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: