കൊച്ചി: രാജ്യത്തെ മുഴുവന്‍ തൊഴിലാളികള്‍ക്കും മിനിമം വേതനം ലഭ്യമാക്കുന്ന കോഡ് ഓണ്‍ വേജസ് നിയമം കൊണ്ടുവന്ന മോദി സര്‍ക്കാര്‍ ചരിത്രപരമായ തൊഴില്‍ പരിഷ്‌കാരമാണ് നടപ്പാക്കുന്നതെന്ന് ബിഎംഎസ്. 1948ല്‍ മിനിമം വേജസ് നിയമം വരികയും 1957ല്‍ ഉത്തരവ് ഇറക്കുകയും ചെയ്തിട്ട് 72 വര്‍ഷമായെങ്കിലും 10 ശതമാനം തൊഴിലാളികള്‍ക്കേ ഗുണം കിട്ടിയിട്ടുള്ളൂ എന്ന് കേന്ദ്ര തൊഴില്‍ നയത്തില്‍ പണിമുടക്കു സമരം നടത്തിയവര്‍ തിരിച്ചറിയണമെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. രാജീവ് വിശദീകരിച്ചു.
എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ വ്യവസായ ബില്ലിലെ ചില വ്യവസ്ഥകളില്‍ ബിഎംഎസിന് എതിര്‍പ്പുണ്ടെന്ന് വിശദീകരിച്ച ജനറല്‍ സെക്രട്ടറി പരിഹാരം കാണാനുള്ള ശ്രമത്തില്‍ പ്രതിഷേധത്തിന്റെ പാതയിലാണെന്ന് പറഞ്ഞു. 26ന് പണിമുടക്കു സമരം നടത്തിയവര്‍ക്ക് വാര്‍ഷിക പരിപാടി നടത്തിയെന്നതിനപ്പുറം പരിഹാരങ്ങള്‍ ലക്ഷ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അന്ധമായ രാഷ്‌ട്രീയ ലക്ഷ്യമാണ് അവര്‍ക്ക്. അതുകൊണ്ടാണ് ബിഎംഎസ് പണിമുടക്കില്‍ പങ്കെടുക്കാഞ്ഞതെന്നും രാജീവ് പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിനെതിരെ പണിമുടക്കിയവര്‍ക്ക് കേരളത്തില്‍ 85 വര്‍ഷം കഴിഞ്ഞിട്ടും 1939ലെ പേമെന്റ് ഓഫ് വേജസ് ആക്ടിന് ഒരു ചട്ടം രൂപീകരിക്കാന്‍ കഴിയാത്തത് ബിഎംഎസ് നേതാവ് ചൂണ്ടിക്കാട്ടി. ഇക്കാരണത്താല്‍ അണ്‍ എയ്ഡഡ് മേഖലയിലെ ആയിരക്കണക്കിന് അധ്യാപകരുടെ ശമ്പളം ഇപ്പോഴും നാമമാത്രമായി തുടരുകയാണ്. അവര്‍ക്ക് കുറഞ്ഞ വേതനം പോലും കിട്ടുന്നില്ല. മറ്റു സംസ്ഥാനങ്ങളിലാകട്ടെ എയ്ഡഡ് സ്‌കൂളുകളിലെ ശമ്പളം നല്‍കാത്ത അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ അംഗീകാരം റദ്ദാക്കുന്ന സാഹചര്യമുണ്ടെന്നും പ്രസ്താവന പറയുന്നു.
സുപ്രീം കോടതി നഴ്സുമാര്‍ക്ക് പ്രഖ്യാപിച്ച 18,000 രൂപ എന്ന അടിസ്ഥാന വേതനം കേരളത്തില്‍ നടപ്പാക്കാന്‍ പിണറായി സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കേരളത്തിലെ 60 ശതമാനത്തോളം വരുന്ന മിനിമം വേജസ് കമ്മിറ്റിയുടെ കാലാവധി കാലഹരണപ്പെട്ടിട്ട് 15 വര്‍ഷമായി. ഇക്കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല.
ഈ സര്‍ക്കാരാണ് തൊഴിലാളികളുടെ ശമ്പളം നീതിമത്കരണമില്ലാതെ പിടിച്ചെടുക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിതം തകര്‍ക്കും വിധം ചുമട്ടുതൊഴിലാളി രംഗത്ത് ഓര്‍ഡിനന്‍സിലൂടെ കരിനിയമം കൊണ്ടുവന്നത് ഈ സര്‍ക്കാരാണ്.
21,000 രൂപയ്‌ക്കുവേണ്ടി കേന്ദ്രവിരുദ്ധ സമരം ചെയ്യുമ്പോള്‍ കേരളത്തിലെ പ്ലാന്റേഷന്‍ തൊഴിലാളികളുടെ കൂലി 330 രൂപയാണ്. കയര്‍ കശുവണ്ടി മേഖലയും ദുരിതപൂര്‍ണമാക്കി ഈ സര്‍ക്കാര്‍. കെഎസ്ആര്‍ടിസിയില്‍ 4500 എംപാനല്‍ ജീവനക്കാരെ നീതിയില്ലാതെ പിരിച്ചു വിട്ടു. പിഎസ്സിയെ നോക്കുകുത്തിയാക്കി ഇഷ്ടക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും ഈ സര്‍ക്കാര്‍ ജോലി നല്‍കിയതില്‍ അഭ്യസ്തവിദ്യര്‍ പ്രതിഷേധത്തിലാണ്. അഴിമതിയില്‍ മുങ്ങിനില്‍ക്കുന്ന സര്‍ക്കാര്‍ തൊഴിലാളി വിരുദ്ധ നടപടികളെ തുടര്‍ന്ന് ഒറ്റപ്പെട്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിനെതിരെ പണിമുടക്കുകളും സമരങ്ങളും നടത്താനല്ല, കേരളത്തിലെ തൊഴില്‍ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്ന് എം.പി. രാജീവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക