തൊടുപുഴ : കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും സ്വര്‍ണക്കടത്ത് കേസില്‍ പങ്കുണ്ട്. ഉദ്യോഗസ്ഥരില്‍ ചിലര്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ ബന്ധുക്കളാണ്. അവരാണ് കേസില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അറിയിച്ചു. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.എം രവീന്ദ്രന് കൊറോണ വൈറസ് രോഗം ബാധിച്ചതില്‍ ദുരൂഹതയുണ്ട്. അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത് എവിടെ നിന്നാണ്, അദ്ദേഹത്തിന്റെ പരിശോധന നടന്നത് എവിടെയാണ്. ശ്വാസ തടസമുണ്ടെന്ന് പറഞ്ഞ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് അടക്കം എല്ലാ കാര്യങ്ങളിലും ദുരൂഹതയുണ്ട്. കോവിഡാനന്തര ചികിത്സയ്‌ക്കായി രവീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളേിജില്‍ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചത് അട്ടിമറി നീക്കത്തിന്റെ ഭാഗമായാണിത്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കൊറോണ സ്ഥിരീകരിച്ചിട്ടും അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന ആരും നിരീക്ഷണത്തില്‍ പോയിട്ടില്ല. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചാല്‍ നടത്തേണ്ട നടപടി ക്രമങ്ങളൊന്നും ആ ഓഫീസിനകത്ത് ഉണ്ടായിട്ടില്ലെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.
പത്താം ക്ലാസുകാരനായ സിഎം രവീന്ദ്രന്‍ പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരുന്ന കാലത്തും പിന്നീട് മുഖ്യമന്ത്രിയായിരുന്ന കാലത്തും ആ ഭരണ സ്വാധീനം ഉപയോഗിച്ച് നേടിയ കോടിക്കണക്കിന് രൂപയുടെ നിക്ഷേപങ്ങളെ സംബന്ധിച്ചും അദ്ദേഹത്തിന്റെ ബിനാമി ബന്ധങ്ങളെ പറ്റിയും വ്യക്തമായ വിവരങ്ങളാണ് പുറത്തുവന്നത്. എന്‍ഫോഴ്‌സ്‌മെന്റ് തെരച്ചില്‍ നടത്തിയിരിക്കുന്ന പല സ്ഥാപനങ്ങളും സി.എം. രവീന്ദ്രന്‍ പണം മുടക്കിയ സ്ഥാപനങ്ങളാണ്. ഇത് അദ്ദേഹത്തിന്റെ തന്നെ പണമാണോ ബിനാമി ഇടപാട് നടത്തിയതാണോ എന്നും അന്വേഷിക്കണം.
ആരോഗ്യ വകുപ്പും ഇതിനെല്ലാം കൂട്ട് നില്‍ക്കുകയാണ്. വകുപ്പിന് ഒട്ടും എത്തിക്‌സ് ഇല്ലാതായി. ശൈലജ ടീച്ചര്‍ അറിഞ്ഞു കൊണ്ടാണ് ഇതെല്ലാം നടക്കുന്നത്. സിഎം രവീന്ദ്രനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയുടെ പങ്ക് പുറത്ത് വരും. എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം തടസ്സപ്പെടുത്തുന്നതിനായാണ് ആരോഗ്യവകുപ്പ് ഇതിന് കൂട്ട് നില്‍ക്കുന്നത്.
സിപിഎമ്മിനുള്ളില്‍ തന്നെ മുഖ്യമന്ത്രിയെക്കുറിച്ച് സംശയം തോന്നിത്തുടങ്ങി. വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കൂട്ട് നില്‍ക്കുന്നതായി സംശയമുണ്ട്. പാര്‍ട്ടിക്ക് അകത്ത് പോലും പിണറായി വിജയനെ വിശ്വാസമില്ലാത്ത അവസ്ഥയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. അദ്ദേഹം ഇനി മുഖ്യമന്ത്രി കസേരയില്‍ അള്ളിപ്പിടിച്ച് ഇരിക്കാന്‍ പാടില്ലെന്നും കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: