കൊല്ലം: കെഎസ്എഫ്ഇ ബ്രാഞ്ചുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ക്രമക്കേടുകള്‍ കണ്ടെത്തി.
കരുനാഗപ്പള്ളി ടൗണ്‍ ബ്രാഞ്ചിലും കൊല്ലം വടയാറ്റുകോട്ട ബ്രാഞ്ചിലുമാണ് കൊല്ലം വിജിലന്‍സ് ടീം പരിശോധിച്ചത്. പരിശോധനയില്‍ രണ്ട് ബ്രാഞ്ചുകളിലും ചിറ്റാളന്മാരുടെ പണം കെഎസ്എഫ്ഇയുടെ അക്കൗണ്ടില്‍ വരും മുമ്പേ തന്നെ ചിറ്റാളന്മാരെ നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തിയതായി കണ്ടെത്തി. കരുനാഗപ്പള്ളി ബ്രാഞ്ചില്‍ കണ്ടെത്തിയ മറ്റൊരു ക്രമക്കേട് അവിടുത്തെ ജീവനക്കാരുടെ പേരിലും ബന്ധുക്കളുടെ പേരിലും ചിട്ടി തുടങ്ങിയശേഷം പണം അടയ്ക്കാതെ ചിട്ടി മുടക്കി ഇട്ടതാണ്.
പരിശോധനയില്‍ കൊല്ലം വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അശോക്കുമാര്, ഇന്‍സ്പെക്ടര്‍മാരായ അജയ് നാഥ്, സുധീഷ്, അബ്ദുല്‍ റഹ്മാന് എന്നിവരും കൊല്ലം കോപ്പറേറ്റീവ് ആഡിറ്റ് ഡിപ്പാര്‍ട്മെന്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ തുളസീധരന്‍നായര്‍, നവീന്‍ ചന്ദ്രന് എന്നിവരും പങ്കെടുത്തു.
രണ്ട് ബ്രാഞ്ചുകളിലും ചിറ്റാളന്മാരുടെ ആദ്യഗഡു ബ്രാഞ്ചിന് അക്കൗണ്ടുകളില്‍ എത്തും മുന്നേ ചിട്ടി രജിസ്റ്റര്‍ ചെയ്തു നറുക്കെടുപ്പ് നടത്തിയതായി കണ്ടെത്തി. ഇത്തരത്തില്‍ അനധികൃതമായി ചിട്ടി നടത്തിയത് വഴി സാമ്പത്തികനഷ്ടം ഉണ്ടായിട്ടുണ്ടോ എന്നും മറ്റും തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിശദമായ പരിശോധന നടത്തിയാല്‍ മാത്രമേ കണ്ടെത്താന്‍ സാധിക്കൂ എന്നും വിജിലന്‍സ് ഡിവൈഎസ്പി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: