ടെഹ്റാന്: ഇറാന്റെ ഉന്നത ആണവശാസ്ത്രജ്ഞന്‍ മൊഹ്സിന്‍ ഫക്രിസാദെ കൊല്ലപ്പെട്ടു. തലസ്ഥാനമായ ടെഹ്റാനിലൂടെ മൊഹ്സിന്‍ സഞ്ചരിച്ച കാറിന് നേരെ ആക്രമികള്‍ ബോംബെറിഞ്ഞ ശേഷം വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ ഇസ്രയേല്‍ ചാരസംഘടന മൊസാദാണെന്ന് ആരോപണവുമായി ഇറാന് രംഗത്തെത്തി. കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തി, ഉടന്‍ തിരിച്ചടി നല്‍കുമെന്ന് ഇറാന് പ്രതികരിച്ചു.
മൊഹ്സീനെ അംഗരക്ഷകര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായിരുന്നതിനാല്‍ ജീവന് രക്ഷിക്കാനായില്ല. മൊഹ്സിന്‍ ഫക്രിസാദെയുടെ കൊലപാതകം ഏറ്റവും വലിയ പ്രകോപനമായാണ് കണക്കാക്കുന്നതെന്ന് ഇറാന് റെവല്യൂഷനറി ഗാര്‍ഡ് തലവന്‍ ഹൊസെയിന് സലാമി പറഞ്ഞു. പശ്ചിമേഷ്യയിലെ സങ്കീര്‍ണമായ രാഷ്ട്രീയ സാഹചര്യത്തിനിടയിലാണ് മൊഹ്സിന്റെ കൊലപാതകം സംഭവിച്ചിരിക്കുന്നത്. ഇസ്ലാമിക് റവലൂഷനറി ഗാര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഫക്രിസാദെഹ് ഫിസിക്സ് പ്രൊഫസറായിരുന്നു. 2018ല്‍ ഇറാന്റെ ആണവപദ്ധതികളെപ്പറ്റിയുളള ചര്‍ച്ചയില്‍ ഫക്രിസാദെഹിന്റെ പേര് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രത്യേകം പരാമര്‍ശിച്ചിരുന്നു.
ഇറാന് ആണവ, മിസൈല്‍ പദ്ധതികളുടെ ബുദ്ധികേന്ദ്രമായിരുന്ന മൊഹ്സീന് ഫക്രിസദെ അമേരിക്കയുടെയും ഇസ്രയേലിന്റെയും ഹിറ്റ്ലിസ്റ്റിലുണ്ടായിരുന്നു. അണുബോംബ് ഉണ്ടാക്കാനുളള ഇറാന്റെ രഹസ്യപദ്ധതിയുടെ നേതൃത്വം ഫക്രിസാദെ ആണെന്ന് ഇസ്രയേല്‍ ഉള്‍പ്പെടെ രാജ്യങ്ങള്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇറാന്റെ നാല് ആണവശാസ്ത്രജ്ഞര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: