ന്യൂദല്‍ഹി/കൊച്ചി: ലക്ഷങ്ങളുടെ കോഴയിടപാടില്‍ ടൂറിസം മന്ത്രാലയത്തിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റു ചെയ്തു. അഴിമതിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശക്തമായ നീക്കങ്ങളുടെ ഭാഗമായാണ് റെയ്ഡും അറസ്റ്റും. റെയ്ഡില്‍ 55 ലക്ഷം രൂപയും പിടിച്ചെടുത്തു. കേന്ദ്രടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ചെന്നൈയിലെ ഇന്ത്യ ടൂറിസം ഡയറക്ടര്‍ സഞ്ജയ് വാട്സ്, അസിസ്റ്റന്റ് ഡയറക്ടര്‍ എസ്. രാമകൃഷ്ണ എന്നിവരാണ് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകുമ്പോള്‍ അറസ്റ്റിലായത്. ഹോട്ടലുകള്‍ക്ക് നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റാര്‍ പദവി നല്‍കുന്നതിന് നിയോഗിച്ചിരുന്നവരാണ് ഇവര്‍. രാമകൃഷ്ണയില്‍ നിന്ന് ഏഴു ലക്്ഷം രൂപ പിടിച്ചു. ഇവരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചെന്നൈ, കൊച്ചി, കൊല്ലം തുടങ്ങിയ പത്തോളം സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി 55 ലക്ഷത്തോളം രൂപ പിടിച്ചെടുത്തു.
ഹോട്ടലുകളുടെ സ്റ്റാര്‍ പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട കൈക്കൂലി വാങ്ങാനാണ് ഇവര്‍ കൊച്ചിയില്‍ എത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. മുന്‍കൂട്ടി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അതീവ രഹസ്യമായായിരുന്നു സിബിഐയുടെ അറസ്റ്റും റെയ്ഡുകളും. രണ്ട് ഉദ്യോഗസ്ഥരുടേയും ഫോണുകളും മറ്റും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്. സ്റ്റാര്‍ പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട നിരവധി നിര്‍ണ്ണായക വിവരങ്ങള്‍ ഫോണുകളില്‍ പരിശോധിച്ചതില്‍ നിന്ന് സിബിഐക്ക് ലഭിച്ചു. ഇടനിലക്കാര്‍ വഴി കൈക്കൂലി എത്തിച്ച ഹോട്ടല്‍ ഉടമകളെയും സിബിഐ തിരിച്ചറിഞ്ഞിട്ടുണ്ട്. പതിവ് പരിശോധനകളുടെ ഭാഗമായി ഹോട്ടലുകള്‍ സന്ദര്‍ശിച്ച് പണം വാങ്ങുകയായിരുന്നു ഇരുവരുടേയും രീതി. ഇങ്ങനെ വിവിധ ഹോട്ടലുകളില്‍ നിന്ന് ശേഖരിച്ച ഏഴുലക്ഷം രൂപയാണ് രാമകൃഷ്ണയില്നിന്ന് കണ്ടെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: