കോഴിക്കോട്: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ബിനാമി ഇടപാടുണ്ടെന്ന് സംശയിക്കുന്ന വടകരയിലെ മൂന്ന് കച്ചവടസ്ഥാപനങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) പരിശോധന നടത്തി. പ്രാഥമിക വിവരശേഖരണം എന്ന നിലയിലാണ്ഇഡി പരിശോധന നടത്തിയത്. ചുരുങ്ങിയ സമയംകൊണ്ട് ഓരോ സ്ഥലങ്ങളിലെയും പരിശോധന പൂര്‍ത്തിയാക്കി. സ്ഥാപന നടത്തിപ്പ്, കാലയളവ്, സാമ്പത്തിക ഇടപാടുകള്‍ എന്നിവ സംബന്ധിച്ചാണ് ഇഡി പ്രധാനമായും ആരാഞ്ഞത്.
രേഖകളോ, കൂടുതല്‍ അന്വേഷണമോ നടത്തിയില്ലെന്ന് സ്ഥാപന നടത്തിപ്പുകാര്‍ പറയുന്നു. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി എം രവീന്ദ്രന് ഇഡി നോട്ടിസ് നല്‍കിയിരുന്നു. പിന്നാലെ കോവിഡ് അനന്തര ചികിത്സയ്ക്കായി അദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചിരുന്നു.
സര്‍ക്കാരിന്റെ വലിയ പദ്ധതികളില്‍ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കിയിട്ടുണ്ട്. ഇടപാടുകളിലൂടെ നേട്ടമുണ്ടായവരില് ഒരാള്‍ മാത്രമാണ് എം ശിവശങ്കറെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. ഈ പശ്ചാത്തത്തിലാണ് സി എം രവീന്ദ്രന് അടക്കമുള്ള മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് ഇഡി അന്വേഷണം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: