Categories: Football

ഫുട്‌ബോള്‍ ലോകം സ്തംഭിച്ച ഒരു നിമിഷം

മറഡോണ ഇല്ലാത്ത കാലത്തിലേക്കു ലോക ഫുട്‌ബോള്‍ കടന്നിരിക്കുന്നു. എന്നെങ്കിലും വരും എന്ന് ഉറപ്പുണ്ടെങ്കിലും ചില കാര്യങ്ങള്‍ സംഭവിച്ചു കഴിയുമ്പോള്‍ മനസ്സും സിരകളും വല്ലാതെ ഉലഞ്ഞു പോകും. അങ്ങനെയൊരാള്‍ ഇനി ഇല്ല എന്ന യാഥാര്‍ഥ്യത്തിലേക്കു വരാന്‍ മനസ്സ് സമയമെടുക്കും. അത്തരമൊരു സംഭവമാണ് മറഡോണയുടെ മരണം. പ്രായത്തിനു മുന്നേ എത്തിയ രോഗം ആ ശരീരത്തെ തളര്‍ത്തുമ്പോഴും, പോയകാലത്തെ ഓര്‍മകളുടെ പൂക്കാലം ഒട്ടും വാടിയിരുന്നില്ല. എത്ര വേനല്‍ കഴിഞ്ഞാലും അതങ്ങനെ തന്നെ നില്‍ക്കും; സുഗന്ധം പരത്തുന്ന വാടാമല്ലികയായിട്ട്. വിസ്മയങ്ങളുടെ ആ ലോകത്തെ വര്‍ണിക്കാന്‍ ഭാഷകളില്‍ ഇന്നുള്ള വാക്കുകള്‍ മതിയാവില്ല. സുന്ദരം, മനോഹരം, മാന്ത്രികം എന്നൊന്നും പറഞ്ഞാല്‍ മറഡോണയുടെ കളിയാകില്ല. അതിനുള്ള വാക്കുകള്‍ കരുതിവയ്ക്കാന്‍, ഇത്തരമൊരാള്‍ അവതരിക്കുമെന്ന് ഭാഷകള്‍ മുന്‍കൂട്ടി അറിഞ്ഞിരിക്കില്ലല്ലോ !

സുന്ദരം, മനോഹരം, മാന്ത്രികം എന്നൊന്നും പറഞ്ഞാല്‍ മറഡോണയുടെ കളിയാകില്ല. അതിനുള്ള വാക്കുകള്‍ കരുതിവയ്‌ക്കാന്‍, ഇത്തരമൊരാള്‍ അവതരിക്കുമെന്ന് ഭാഷകള്‍ മുന്‍കൂട്ടി അറിഞ്ഞിരിക്കില്ലല്ലോ!

മറഡോണ ഇല്ലാത്ത കാലത്തിലേക്കു ലോക ഫുട്‌ബോള്‍ കടന്നിരിക്കുന്നു. എന്നെങ്കിലും വരും എന്ന് ഉറപ്പുണ്ടെങ്കിലും ചില കാര്യങ്ങള്‍ സംഭവിച്ചു കഴിയുമ്പോള്‍ മനസ്സും സിരകളും വല്ലാതെ ഉലഞ്ഞു പോകും. അങ്ങനെയൊരാള്‍ ഇനി ഇല്ല എന്ന യാഥാര്‍ഥ്യത്തിലേക്കു വരാന്‍ മനസ്സ് സമയമെടുക്കും. അത്തരമൊരു സംഭവമാണ് മറഡോണയുടെ മരണം. പ്രായത്തിനു മുന്നേ എത്തിയ രോഗം ആ ശരീരത്തെ തളര്‍ത്തുമ്പോഴും, പോയകാലത്തെ ഓര്‍മകളുടെ പൂക്കാലം ഒട്ടും വാടിയിരുന്നില്ല. എത്ര വേനല്‍ കഴിഞ്ഞാലും അതങ്ങനെ തന്നെ നില്‍ക്കും; സുഗന്ധം പരത്തുന്ന വാടാമല്ലികയായിട്ട്. വിസ്മയങ്ങളുടെ ആ ലോകത്തെ വര്‍ണിക്കാന്‍ ഭാഷകളില്‍ ഇന്നുള്ള വാക്കുകള്‍ മതിയാവില്ല. സുന്ദരം, മനോഹരം, മാന്ത്രികം എന്നൊന്നും പറഞ്ഞാല്‍ മറഡോണയുടെ കളിയാകില്ല. അതിനുള്ള വാക്കുകള്‍ കരുതിവയ്‌ക്കാന്‍, ഇത്തരമൊരാള്‍ അവതരിക്കുമെന്ന് ഭാഷകള്‍ മുന്‍കൂട്ടി അറിഞ്ഞിരിക്കില്ലല്ലോ !

എവിടെയാണു മറഡോണ എന്ന കളിക്കാരനെ സ്‌നേഹിക്കാന്‍ തുടങ്ങിയത്്? അത് ഏതു തലംവരെ പോയി?  പറയാനാവില്ല. ജനപ്രീതികൊണ്ട് കളികളിലെ രാജാവാണ് ഫുട്‌ബോള്‍. അതില്‍ രാജകുമാരന്മാര്‍ പലരുണ്ട്. പക്ഷേ, അതിനെ സ്വന്തം കലയാക്കി മാറ്റിയവര്‍ ചുരുങ്ങും. അതിലൊരാളാണ് ഡീഗോ അര്‍മാന്‍ഡോ മറഡോണ എന്ന അര്‍ജന്റീനക്കാരന്‍. മറഡോണ പന്തുകളിക്കുകയല്ല, പന്തിനെ താലോലിക്കുകയാണെന്നു തോന്നും. പന്തിനു വേദനിക്കാത്ത വിധം അതിനെ ദുര്‍ഘടങ്ങളിലൂടെ തഴുകിക്കയറ്റി ഗോള്‍വലയത്തിലേക്കു വഴികാണിച്ചുകൊടുക്കുന്ന ആ ശൈലി, ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ ഫ്‌ളോവിങ് സ്‌റ്റൈലിന്റെ (ഒഴുകുന്ന ശൈലിയുടെ) മൂര്‍ത്തരൂപമാണ്.  

പവര്‍ ഫുട്‌ബോള്‍ കളംവാണിരുന്ന കാലത്തും മറഡോണയുടെ കാലുകള്‍ക്കു പന്തു വഴങ്ങി. ചുറ്റും വട്ടമിട്ടു നില്‍ക്കുന്നവരുടെ നിര കണ്ണുചിമ്മുന്നതിനിടെ പന്ത് മറഡോണ നിശ്ചയിച്ചിടത്ത് എത്തും. ലോകകപ്പില്‍ ആറു പേരെ മറികന്ന് ഇംഗ്ലണ്ടിനെ വീഴ്‌ത്തിയ ആ സെവന്‍ ഡൗണ്‍  ഗോള്‍ പോലെ ഒന്നിനെ ലോകം പാടിപ്പുകഴ്‌ത്തുമ്പോള്‍ എത്രയെത്ര ഗോളുകള്‍ അതിന് അകമ്പടിയായി കടന്നു പോയിരിക്കുന്നു?  ലിയോണി ഡാസ് ഡാ സില്‍വ എന്ന ബ്രസീലുകാരന്, മൈതാനത്തിന്റെ ഏതുമൂലയില്‍ നിന്നും നേരെ ഗോളിലേക്കു നിറയൊഴിക്കാന്‍ കഴിയുമായിരുന്നു എന്നത് ഒരു ഐതിഹ്യംപോലെ ബ്രസീലുകാര്‍ ഇന്നും പറഞ്ഞു നടക്കുന്ന കാര്യമാണ്. എന്നാല്‍, എതുമൂലയില്‍ നിന്നും  ഏതു പ്രതിബന്ധത്തേയും മറികടന്നു പന്തിനെ ഗോളില്‍ കൊണ്ടെത്തിക്കാന്‍ കഴിയുന്നവന്‍ മറഡോണ എന്ന് കാലം നമുന്നു മുന്നില്‍ തെളിയിച്ചു കാണിച്ചു തന്നിരിക്കുന്നു. കരുത്തല്ല, അയത്‌ന ലളിതമായ ചലനങ്ങളാണ് മറഡോണയുടെ ശക്തി. ഉയരക്കുറവിനെ ഭാവനകൊണ്ടും പന്തടക്കംകൊണ്ടും ബുദ്ധികൊണ്ടും മറികടന്ന താരം.

 പെലെ മൂന്നു തവണ ബ്രസീലിനെ ലോകകിരീടം അണിയിക്കുമ്പോഴും മികച്ചൊരു താരനിര ഒപ്പമുണ്ടായിരുന്നു. പ്രക്ഷേ, 1986ല്‍ മറഡോണയ്‌ക്ക് അതില്ലായിരുന്നു. മിക്കവാറും രണ്ടാം നിരക്കാരടങ്ങിയ ടീമുമായി ലോകകപ്പു ജയിച്ച ഈ നായകന്‍ ഒരു ടീമിനെയാകെയാണു ചുമലിലേറ്റിയത്. യൂറോപ്യന്‍ ലീഗില്‍ അയാക്‌സ് ആംസ്റ്റര്‍ഡാമിനു വേണ്ടി ഹോളണ്ടിന്റെ യോഹാന്‍ ക്രൈഫ് അതു ചെയ്തിട്ടുണ്ട്. സ്വന്തം ബൂട്ടുകൊണ്ടു ടീമിനെ യൂറോപ്യന്‍ ചാംപ്യന്മാരാക്കി. പക്ഷേ, ലോകകപ്പില്‍ ഈ മറഡോണയല്ലാതെ ആരും അതു ചെയ്തിട്ടില്ല. 74ലെ ഫൈനലില്‍ ക്രൈഫിനു കഴിയാത്തതാണ് 86ല്‍ മറഡോണ ചെയ്തത്. കളമറിഞ്ഞു കളിക്കാന്‍ കളിയില്‍ നിന്നു കിട്ടിയ അനുഭവ പാഠം മറഡോണ അന്നു മൈതാനത്തു ശരിക്ക് ഉപയോഗിച്ചു. 82ലെ ആദ്യ വരവില്‍ എതിരാളികളുടെ നോട്ടപ്പുള്ളിയായിരുന്നതിന്റെ ഫലം ശരിക്ക് അനുഭാവിച്ചു. ഫൗളുകളുടെ പെരുമഴ.  

അഞ്ചും ആറും പേര്‍ ചേര്‍ന്നു വളഞ്ഞ് ആക്രമിക്കുന്ന എതിര്‍ തന്ത്രം. അതിനിടയില്‍ ഗതികെട്ട് ഒരിക്കല്‍ പ്രതിരോധിച്ചപ്പോള്‍ ചുവപ്പുകാര്‍ഡും മാര്‍ച്ചിങ് ഓര്‍ഡറും. കള്ളത്തരം അറിയാത്തവന്റെ നിസ്സഹായത.

പക്ഷെ, 86ലെ മറഡോണ ഏറെ മാറിയിരുന്നു. വല്‍ഡോനൊ, ബുര്‍ഷാഗ എന്നീ രണ്ട് സ്‌ട്രൈക്കര്‍മാരെ ആരാച്ചാര്‍ മാരാക്കി മുന്നില്‍ നിര്‍ത്തി പിന്നില്‍ നിന്നുകൊണ്ട് അവര്‍ക്കു വഴിയൊരുക്കുകയും നിറതോക്കുകള്‍ കൃത്യമായി എത്തിച്ചുകൊടുക്കുകയുമാണ് പ്രധാനമായും ചെയ്തത്. അതിനിടയിലും പടികൊടുക്കാതെ, പരല്‍മീന്‍ പോലെ വഴുതിക്കയറി നേടിയത് അഞ്ചു ഗോളുകള്‍.

വിവാദങ്ങളുടേയും കളിക്കൂട്ടുകാരനായിരുന്നല്ലോ. അതുപ്രകൃതിക്കു പറ്റിയ കൈപ്പിഴകൂടിയാവാം. ഇത്ര കുറിയ ശരീരത്തിന് ഉള്‍ക്കൊള്ളാനാവാത്ത മികവുകളാവാം ആ ശരീരത്തില്‍ നിറച്ചിരുന്നത്. അതിന്റെ സമ്മര്‍ദ്ദം മനസ്സിനെ പലതിനും അടിമപ്പെടുത്തിയിട്ടുണ്ടാവും. കളിക്കളത്തിലെ നിയന്ത്രണം ജീവിതത്തില്‍ പകര്‍ത്താന്‍ കഴിയാതെ പോയി. മയക്കുമരുന്നിന്റെ പേരില്‍ പുറത്താക്കപ്പെട്ടപ്പോഴും ഞാന്‍ തെറ്റു ചെയ്തിട്ടില്ല. ഞാന്‍ പാവമാണ് എന്ന് വിളിച്ചു പറയാറുണ്ടല്ലോ ഈ താരം.  

പെലെയോ മറഡോണയോ കേമന്‍ എന്ന വാദപ്രതിവാദങ്ങള്‍ ഉത്തരം കിട്ടാതെ നില്‍ക്കുന്നു. ആ ചര്‍ച്ചയില്‍ കഴമ്പില്ലെന്നു പെലെ തന്നെ പറഞ്ഞിട്ടുണ്ടല്ലോ.  ഞങ്ങള്‍ ജീവിച്ചതും കളിച്ചതുമായ കാലഘട്ടം വ്യത്യസ്തമാണ്. അതുകൊണ്ട് അത്തരം താരതമ്യത്തിനു പ്രസക്തിയില്ല. ഞാന്‍ പെലെയാണ്. മറഡോണ മറഡോണയാണ് എന്നാണ് പെലെയുടെ വാക്കുകള്‍.

അതെ, മറഡോണ എന്നും മറഡോണയാണ്. ക്രൈഫും റൊണാള്‍ഡോയും ബക്കാമും മെസിയും ക്രിസ്റ്റ്യാനോയും സിദാനും ഒക്കെ ഇനിയും വരുമായിരിക്കാം. പക്ഷെ, മറഡോണ മറഡോണ തന്നെയായി നില്‍ക്കും.

വാലറ്റം: മറഡോണയുടെ ഹൃദയം സ്തംഭിച്ച അതേ നിമിഷം ലോകഫുട്‌ബോളും പൊടുന്നനെ ചലനമറ്റു നിന്നിട്ടുണ്ടാവും – കിക്ക് ഓഫ് പ്രതീക്ഷിച്ചു സെന്റര്‍ സര്‍ക്കിളില്‍  നിശ്ചലമായി കിടക്കുന്ന പന്തുപോലെ

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക