ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി മന്ത്രിപത്നിക്കും കൂട്ടര്‍ക്കും സുഖദര്‍ശനം. നാലമ്പലത്തിലേക്ക് ഭക്തര്‍ക്കുള്ള ദര്‍ശന നിയന്ത്രണ നിയമങ്ങള്‍ മറികടന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് അഡ്വ.കെ.ബി. മോഹന്‍ദാസ്, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പത്നി സുലേഖ സുരേന്ദ്രനും മരുമകള്‍ക്കും ദര്‍ശന സൗകര്യമൊരുക്കികൊടുത്തത് വിവാദമായി.
ഇന്നലെ പുലര്‍ച്ചെ മൂന്നു മണിക്ക് ശേഷമാണ് ചെയര്മാന്, ഭരണസമിതി അംഗങ്ങളായ കെ.വി. ഷാജി, കെ. അജിത്, ദേവസ്വം കമ്മീഷണര്‍ പി. വേണുഗോപാല്‍ അദ്ദേഹത്തിന്റെ ഭാര്യ മീന, ദേവസ്വം ചെയര്‍മാന്റെ ഭാര്യാസഹോദരി തുടങ്ങിയവരോടൊപ്പം മന്ത്രിപത്നിയും മരുമകളും നാലമ്പലത്തിനകത്തേക്ക് പ്രവേശിച്ചത്. പുറത്തുനിന്നുള്ള ഒരു ഭക്തനും ക്ഷേത്രത്തിനകത്തില്ലാത്ത സമയത്താണ് മന്ത്രിപത്നിയും മരുമകളും ദര്‍ശനം നടത്തിയത്. ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ സി. ശങ്കറും, ക്ഷേത്രം മാനേജര്‍ ഷാജുശങ്കറും നാലമ്പലത്തിനകത്തുണ്ടായിരുന്നു. ഒരുമണിക്കൂറിലധികം സോപാനപ്പടിക്കരികിലും, വാതില്‍മാടത്തിലുമായി ചിലവഴിച്ച മന്ത്രിപത്നിയും മരുമകളും അഭിഷേകവും മലര് നിവേദ്യവും കഴിഞ്ഞ്, പുറത്ത് ദ്വാദശിപ്പണം സമര്‍പ്പിച്ചാണ് മടങ്ങിയത്. ചൊവ്വാഴ്ച്ച വൈകീട്ട് ഗുരുവായൂരിലെത്തി ശ്രീവത്സം ഗസ്റ്റ്ഹൗസില്‍ താമസിച്ച ഇവര്‍ ഏകാദശി ദിവസമായ ബുധനാഴ്ച്ച രണ്ടുനേരവും നാലമ്പലത്തിനകത്തുകയറി ദര്‍ശനം നടത്തി.
ഒരു ഭക്തനെപ്പോലും നാലമ്പലത്തിനകത്തേക്ക് ഇപ്പോള്‍ പ്രവേശിപ്പിക്കുന്നില്ല എന്നിരിക്കെയാണ് മന്ത്രി പത്നിയേയും മറ്റും അകത്ത് കയറ്റിയത്. രാവിലെ 4.30 മുതല്‍ 8.30 വരെയാണ് പുറമേനിന്നുള്ള ഭക്തര്‍ക്ക് ചുറ്റമ്പലത്തില്‍, കിഴക്കേ വാതില്‍മാടത്തില്‍ ദര്‍ശനത്തിനുള്ള സൗകര്യം. അതും പ്രദേശത്തുള്ളവര്‍ക്ക്. രാവിലെ 9.30 മുതലാണ് ഓണ്‍ലൈന്‍ വഴി ദര്‍ശനം ഒരുക്കിയിട്ടുള്ളത്. രണ്ടിനും മുമ്പാണ് മന്ത്രിപത്നിയും മരുമകളും ദര്‍ശനം നടത്തിയത്. കീഴ്ശാന്തിക്കാര്‍ക്കും, പ്രവര്‍ത്തിക്കാര്‍ക്കും, കഴകക്കാര്‍ക്കും പോലും ഡ്യൂട്ടിയില്ലാത്ത സമയത്ത് നാലമ്പലത്തിനകത്തേക്ക് പ്രവേശനമില്ലെന്നിരിക്കെയാണ് മന്ത്രിപത്നിക്കും മരുമകള്‍ക്കും പ്രത്യേക പരിഗണന നല്കി നാലാമ്പലത്തില്‍ കയറ്റിയത്.
ഏകാദശി ദിവസം രാവിലെ ചെയര്മാന് നാലമ്പലത്തിനകത്തുനിന്ന് പുറത്തുവരാന്‍ വൈകിയതിനാല്‍ അന്നത്തെ ശീവേലി വൈകി. ഉച്ചപൂജ കഴിഞ്ഞ് ചെയര്മാന് പുറത്തുകടക്കാന്‍ വൈകുന്നതുമൂലം പല ദിവസങ്ങളിലും ക്ഷേത്രത്തില്‍ ഉച്ചപൂജ കഴിഞ്ഞുള്ള നടയടയ്ക്കലും വൈകാറുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് അഷ്ടമിരോഹിണി നാളില്‍ ക്ഷേത്രത്തിനകത്ത് കടന്ന് ദര്‍ശനം നടത്തി, വഴിപാടുകള്‍ ശീട്ടാക്കി കടകംപള്ളി സുരേന്ദ്രന് വിവാദം സൃഷ്ടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: