കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ ഭിന്നത രൂക്ഷമായതോടെ സംസ്ഥാന ഗതാഗതമന്ത്രി സുവേന്ദു അധികാരി രാജിവച്ചു. മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷയുമായ മമതാ ബാനര്‍ജിയുമായി കഴിഞ്ഞ കുറച്ചുദിവസങ്ങളായി നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്നാണ് രാജി. നേതൃത്വവുമായി യോജിച്ചുപോകാനില്ലെന്ന നിലപാട് പരസ്യമായി സ്വീകിരിച്ച അദ്ദേഹം മന്ത്രിസഭായോഗങ്ങളില്നിന്ന് അടക്കം വിട്ടുനിന്നിരുന്നു.
ബംഗാളില്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാന്‍ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് സുവേന്ദു അധികാരി. വിവിധ സംഘടനകളെ ഏകോപിപ്പിച്ച് നന്ദിഗ്രാമിലെ പ്രതിഷേധങ്ങളെ ഭൂസമരങ്ങളാക്കി മാറ്റാനും അന്നത്തെ ഇടതുസര്‍ക്കാരിനെതിരെ വലിയ ജനവികാരം ഉയര്‍ത്തിവിടാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഗ്രാമങ്ങളില്‍ തൃണമൂലിന്റെ സ്വാധീനം വര്‍ധിപ്പിക്കാനും ഇത് സഹായിച്ചു. മന്ത്രിസഭയില്‍നിന്നുള്ള സുവേന്ദുവിന്റെ രാജി വലിയ തിരിച്ചടിയാണ് തൃണമൂല്‍ കോണ്‍ഗ്രസിനുണ്ടാക്കിയിരിക്കുന്നത്.
പാര്‍ട്ടിയിലെ കലഹം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമാകുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. ബിജെപിയിലെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ടെങ്കിലും യാതൊരു പ്രതികരണവും സുവേന്ദു നടത്തിയിട്ടില്ല. ബംഗാളിലെ വിവിധ ഗ്രാമങ്ങളില്‍ നേരിട്ടെത്തി ജനങ്ങളെ സംഘടിപ്പിച്ച് പുതിയ രാഷ്ട്രീയ നീക്കത്തിന് സുവേന്ദു തുടക്കം കുറിച്ചിട്ടുണ്ട്. ഹുഗ്ലി റിവര്‍ ബ്രിഡ്ജ് കമ്മിഷന്റെ ചെയര്മാന് സ്ഥാനം സുവേന്ദു ഒഴിഞ്ഞതിനു പിന്നാലെ അദ്ദേഹത്തിന്റെ രാജിയുമായി ബന്ധപ്പെട്ട ചില സൂചനകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: