തൃശൂര്‍: മലയോര-കര്‍ഷക മേഖലയായ ജില്ലാ പഞ്ചായത്ത് പുത്തൂര്‍ ഡിവിഷനില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നത് വിരളം. കൃഷിയ്‌ക്കും കര്‍ഷകര്‍ക്കും ഉപകാരപ്രദമായ പദ്ധതികളൊന്നും തന്നെ ഡിവിഷനില്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കിയിട്ടില്ലെന്ന് ജനങ്ങള്‍. പുത്തൂര്‍ ഗ്രാമപഞ്ചായത്ത്, തൃക്കൂര്‍ പഞ്ചായത്ത് (17 വാര്‍ഡുകള്‍), പാണഞ്ചേരി പഞ്ചായത്ത് (രണ്ടു വാര്‍ഡുകള്‍), നെന്മണിക്കര പഞ്ചായത്ത് (ഒരു വാര്‍ഡ്) എന്നിവ ഉള്‍പ്പെടുന്നതാണ് പുത്തൂര്‍ ഡിവിഷന്‍. സുവോളജിക്കല്‍ പാര്‍ക്ക് സ്ഥാപിക്കുന്നത് കണക്കിലെടുത്ത് പുത്തൂര്‍ ഡിവിഷനില്‍ വളരെയധികം വികസനം നടക്കേണ്ടതാണ്.
നിരവധി വിനോദ സഞ്ചാരികളെത്തുന്ന സാഹചര്യത്തില്‍ യാത്രാസൗകര്യം മെച്ചെപ്പെടുത്തണം. എന്നാല്‍ പുത്തൂര്‍ പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും യാതൊരു വികസനവും ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടില്ലെന്ന് ജനങ്ങള്‍ പറയുന്നു. കാര്‍ഷിക മേഖലയെ തീര്‍ത്തും അവഗണിച്ചു. കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനുള്ള പദ്ധതികളുണ്ടായില്ല.
പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന്‍ പദ്ധതി ആനുകൂല്യം മാത്രമാണ് കര്‍ഷകര്‍ക്ക് ലഭിച്ചത്. വനമേഖല ഉള്‍പ്പെടുന്ന പ്രദേശമായതിനാല്‍ ഡിവിഷനില്‍ ഇക്കോ ടൂറിസത്തിന് വളരെ സാധ്യതയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു വികസന പദ്ധതികളും ജില്ലാപഞ്ചായത്ത് നടപ്പാക്കിയില്ല. മരത്താക്കര ഉള്‍പ്പെടെ പ്രളയബാധിത പ്രദേശങ്ങളിലൊന്നും പ്രത്യേക പദ്ധതികളുണ്ടായില്ലെന്ന് ജനങ്ങള്‍ പറയുന്നു. ഡിവിഷനിലെ നൂറുക്കണക്കിന് കര്‍ഷകരുടെ കൃഷി പ്രളയത്തില്‍ നശിച്ചെങ്കിലും ഇവര്‍ക്കൊന്നും സാമ്പത്തിക സഹായം അനുവദിച്ചില്ല. സുവോളജിക്കല്‍ പാര്‍ക്ക് വരുന്നതോടെ ജില്ലയ്‌ക്കകത്തും പുറത്തുനിന്നുമുള്ള സഞ്ചാരികള്‍ പുത്തൂരിലേക്കെത്തുമെന്നതിനാല്‍ ഈ റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. യുഡിഎഫിലെ ഇ.എ ഓമനയാണ് പുത്തൂര്‍ ഡിവിഷനെ നിലവില്‍ പ്രതിനിധീകരിക്കുന്നത്.
ജനാഭിപ്രായം
* പുത്തൂര്‍ സെന്റര്‍ റോഡ് വികസനം വര്‍ഷങ്ങളായി അനിശ്ചിതത്വത്തില്‍. വര്‍ഷങ്ങളായി അളവെടുപ്പ് മാത്രം
* പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് വരുന്ന സ്ഥിതിക്ക് യാത്രാസംവിധാനങ്ങള്‍ വിപുലമാക്കണം. പുത്തൂരില്‍ പുതിയ ബസ് സ്റ്റാന്റ് നിര്‍മ്മിക്കാന്‍ നടപടിയുണ്ടായില്ല
* പീച്ചി ഡാമിനേയും ചിമ്മിനി ഡാമിനേയും ബന്ധിപ്പിക്കുന്ന റോഡ് കടന്നുപോകുന്ന ഡിവിഷനായതിനാല്‍ പീച്ചി ഡാം-സുവോളജിക്കല്‍ പാര്‍ക്ക്-ചിമ്മിനി ഡാം ടൂറിസം പദ്ധതിയ്‌ക്കായി ശ്രമങ്ങളുണ്ടായില്ല
* ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ യാതൊരു പദ്ധതികളും നടപ്പാക്കിയില്ല
* ഫോറസ്റ്റ് അധികൃതര്‍ അടച്ചുപൂട്ടിയ മരോട്ടിച്ചാല്‍ ഓലക്കയം വെള്ളച്ചാട്ടം തുറന്നു കൊടുക്കാന്‍ നടപടിയെടുത്തില്ല. പ്രത്യേക അതോറിറ്റിയെ ചുമതലപ്പെടുത്തി ഇവിടേക്ക് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി ലഭ്യമാക്കിയില്ല
* പുത്തൂര്‍ കായല്‍ ടൂറിസം പദ്ധതി കടലാസില്‍ മാത്രമൊതുങ്ങി. ഇതുവരെയും ഇതിന് വേണ്ടി നടപടിയെടുത്തില്ല
* വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന മരോട്ടിച്ചാല്‍-വെള്ളാനിക്കോട് റോഡിന്റെ അറ്റകുറ്റപണിയ്‌ക്കായി ഫണ്ട് വകയിരുത്തിയില്ല
* പട്ടിക ജാതി കോളനികളിലെ സ്ഥിതി വളരെ ശോചനീയം. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാല്‍ കോളനിവാസികള്‍ ദുരിതത്തില്‍
* കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കൊണ്ട് ഭക്ഷ്യ വസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള നിര്‍മ്മാണ കമ്പനികളോ, യൂണിറ്റുകളോ സ്ഥാപിക്കാന്‍ ശ്രമമുണ്ടായില്ല
* ഡിവിഷനിലെ വിവിധ മേഖലകളില്‍ കടുത്ത കുടിവെള്ള ക്ഷാമം രൂക്ഷം. കുടിവെള്ള പദ്ധതികളൊന്നും നടപ്പാക്കിയില്ല
* ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും അക്കാദമിക് നിലവാരമുയര്‍ത്താനും ശ്രമമുണ്ടായില്ല
* റബര്‍, നേന്ത്രവാഴ കര്‍ഷകരെ സഹായിക്കാന്‍ കാര്‍ഷിക വിപണന സഹകരണ സംഘം രൂപീകരിക്കണമെന്നാവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കം. കാര്‍ഷിക വിപണന കേന്ദ്രം സ്ഥാപിക്കാന്‍ നടപടിയുണ്ടായില്ല
* ആരോഗ്യ കേന്ദ്രങ്ങളുടെ സ്ഥിതി പരിതാപകരം. പുത്തൂര്‍, തൃക്കൂര്‍ പ്രാഥിമാരോഗ്യ കേന്ദ്രങ്ങളില്‍ കിടത്തി ചികിത്സ ആരംഭിക്കണമെന്ന ആവശ്യം അവഗണനയില്‍
* കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് ഡിവിഷനിലെ യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള പദ്ധതികളുണ്ടായില്ല
* മൃഗസംരക്ഷണ മേഖലയില്‍ പദ്ധതികള്‍ നടപ്പാക്കിയില്ല. നിരവധി ക്ഷീരകര്‍ഷകരുള്ള ഡിവിഷനില്‍ ക്ഷീരകര്‍ഷക സൊസൈറ്റികള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ അനുവദിച്ചില്ല
* കായിക വികസനത്തിന് പദ്ധതികളില്ല. പരിശീലനത്തിന് ഗ്രൗണ്ട് ഇല്ലാത്തതിനാല്‍ കായിക വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടുന്നു.
യുഡിഎഫ് അവകാശവാദം
* മലയോര മേഖലയില്‍ റോഡ്, കുടിവെള്ളം എന്നിവ സജ്ജമാക്കി. മലയോര കര്‍ഷകര്‍ക്ക് പട്ടയം ലഭിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി
* ഡിവിഷനിലെ വിവിധ മേഖലകളിലായി ഒന്നര കോടി രൂപയോളം ചെലവില്‍ 8 കുടിവെള്ള പദ്ധതികള്‍ നടപ്പാക്കി
* നിരവധി ഗ്രാമീണ റോഡുകളുടെ വികസനം പൂര്‍ത്തിയാക്കി. മരോട്ടിച്ചാല്‍ കട്ടിങ് റോഡ് നിര്‍മ്മാണത്തിന് 60 ലക്ഷവും ആശാരിക്കാട് റോഡിന് 60 ലക്ഷവും ആശാരിക്കാട് ചെമ്പംകണ്ട് റോഡ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയും അനുവദിച്ചു
* കാര്‍ഷിക മേഖലയില്‍ മണ്ണ്-ജല സംരക്ഷണ പദ്ധതി നടപ്പാക്കി
* 20 ലക്ഷം രൂപ ചെലവില്‍ പാണഞ്ചേരി താമരവെള്ളച്ചാല്‍ കോളനി റോഡ് നിര്‍മ്മിച്ചു
* തൃക്കൂര്‍ പഞ്ചായത്തിലെ റോഡ് നിര്‍മ്മാണത്തിന് 60 ലക്ഷം രൂപ നല്‍കി
* വെട്ടൂക്കാട് പട്ടികജാതി കോളനി സമഗ്ര വികസനത്തിന് 25 ലക്ഷവും കുണ്ടുക്കാരന്‍ പട്ടികജാതി കോളനി സമഗ്ര വികസനത്തിന് 15 ലക്ഷവും വിനിയോഗിച്ചു
* മണലിപ്പുഴ സംരക്ഷണ പദ്ധതി നടപ്പാക്കി
* തൃക്കൂരില്‍ പട്ടികജാതി കോളനിയില്‍ സാംസ്‌കാരിക നിലയം നിര്‍മ്മിച്ചു
* വിവിധ സ്‌കൂളുകളുടെ നവീകരണത്തിന് ഒരു കോടിയിലേറെ രൂപ നല്‍കി
* തമ്പുരാട്ടിമൂല അങ്കണവാടി റോഡ് നവീകരണത്തിന് 20 ലക്ഷവും മാന്ദാമംഗലം ദര്‍ബാര്‍ റോഡിന് 15 ലക്ഷവും ചെമ്പംകണ്ടം വരദ റോഡിന്് 20 ലക്ഷം രൂപയും നല്‍കി
* ഇളംതുരുത്തിയില്‍ 25 ലക്ഷം രൂപ വിനിയോഗിച്ച് കുടിവെള്ള പദ്ധതി നടപ്പിലാക്കി
* തൃക്കൂര്‍ പഞ്ചായത്തില്‍ പാലത്തുപറമ്പ് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്ക് 20 ലക്ഷം രൂപ അനുവദിച്ചു
* മരോട്ടിച്ചാലില്‍ പുതിയ അങ്കണവാടി നിര്‍മ്മിച്ചു. വിവിധ സ്ഥലങ്ങളിലെ അങ്കണവാടികളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കി
* പള്ളം കോളനിയില്‍ സമഗ്ര വികസനം നടപ്പാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക