ശ്ലോകം 269
അഹം മമേതി യോ ഭാവോ
ദേഹാക്ഷാദാവനാത്മനി
അദ്ധ്യാസോളയം നിരസ്തവ്യോ
വിദുഷാ സ്വാത്മനിഷ്ഠയാ
ദേഹം ഇന്ദ്രിയം തുടങ്ങിയ അനാത്മ വസ്തുക്കളില്‍ വെച്ചു പുലര്‍ത്തുന്ന അഹന്താ മമതാ രൂപത്തിലുള്ള അദ്ധ്യാസത്തെ സ്വസ്വരൂപമായ പരമാത്മാവിലുള്ള നിഷ്ഠ കൊണ്ട് വിവേകി ഇല്ലാതാക്കണം. വാസനകളില്‍ നിന്ന് വിമുക്തനാവാന്‍ നോക്കുമ്പോള്‍ പല തടസ്സങ്ങളും ഉണ്ടാകും. അവയെ എങ്ങനെ നീക്കണമെന്ന് ഇവിടെ വിവരിക്കുന്നു.
ഞാന്‍ എന്നും എന്റെ എന്നും ഉള്ള തോന്നലുകളാണ് പ്രധാന തടസ്സം. അഹന്തയും മമതയും. സ്വന്തം ശരീരത്തിലുള്ള അഭിമാനമാണ് അഹന്ത അഥവാ ഞാന്‍ എന്ന ഭാവം. ശരീരത്തിന് വെളിയിലെ വസ്തുക്കളിലുള്ള അഭിനിവേശമാണ് മമത എന്റെ എന്ന ഭാവം. ഞാന്‍ എന്ന തോന്നലുണ്ടായാല്‍ അത് എന്റെ എന്ന ഭാവത്തിലേക്ക് നയിക്കും.
അഹം ഭാവം മൂലം ദേഹ, ഇന്ദ്രിയ, മനോ ബൃദ്ധികളുമായി തന്മയീഭാവം പ്രാപിക്കും. അവയൊക്കെ ഞാന്‍ തന്നെയെന്ന തോന്നലുണ്ടാക്കും. അപ്പോള്‍ പുറംലോകവുമായി ബന്ധപ്പെട്ടത് എന്റെ എന്ന തോന്നലായ മമതാബന്ധത്തിനും ഇടയാക്കും.
ഇത് ഞാന്‍…. ഇത് ഞാന്‍… എന്ന അഹന്തയുടെ തോന്നല്‍ അദ്ധ്യാസമാണ്. അഹന്താ അദ്ധ്യാസത്തെ ഇല്ലാതാക്കണം. ജഡമായ ഒന്നിനും വാസ്തവത്തില്‍ ചേതനയില്ല. പരമ ചൈതന്യം തന്നെയാണ് എല്ലാറ്റിനേയും പ്രകാശിപ്പിക്കുന്നത്. കരണങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഞാന്‍ ഒന്നും ചെയ്യുന്നില്ല കേവലം സാക്ഷി മാത്രമാണ്. ദേഹമാണ് ഞാന്‍ എന്ന തെറ്റിദ്ധാരണയെ നീക്കി വിവേകികള്‍ അദ്ധ്യാസത്തില് നിന്ന് മുക്തരാവണം.
ശ്ലോകം 269
ജ്ഞാത്വാ സ്വം പ്രത്യഗാത്മാനം
ബുദ്ധി തദ്വൃത്തി സാക്ഷിണം
സോളഹമിത്യേവ സദ്വൃത്യാ-
നാത്മന്യാത്മ മതിം ജഹി
ബുദ്ധിക്കും ബുദ്ധി വൃത്തികള്‍ക്കും സാക്ഷിയായ പ്രത്യഗാത്മാവാണ് ഞാന്‍ എന്നറിഞ്ഞ് ഞാന്‍ അതു തന്നെ സോളഹം എന്ന സദ് വൃത്തിയെ അവലംബിച്ച് ശരീരം മുതലായവയിലുള്ള അഹം ബുദ്ധി വെടിയണം.
ജ്ഞാത്വാ എന്നത് ശാസ്ത്ര പരിജ്ഞാനത്തെ കുറിക്കുന്നു. ശാസ്ത്രജ്ഞാനം നേടിയ ആള് ബുദ്ധിക്കും ബുദ്ധി വൃത്തികള്‍ക്കും സാക്ഷിയായ അന്തരാത്മാവാണ് താന്‍ എന്ന് ബോധിക്കണം. ഞാന്‍ ബ്രഹ്മം തന്നെ എന്ന ഭാവന നിലനിര്‍ത്തലാണ് ആത്മോന്മുഖമായ നീക്കം. ഇത് അവനവന്റെ ശരിയായ സ്വരൂപത്തെ അനുസന്ധാനം ചെയ്യലാണ്. നിരന്തര അഭ്യാസം കൊണ്ട് ഞാന്‍ ബ്രഹ്മമാണ് എന്ന ഭാവന ഉറയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: