ന്യൂദല്‍ഹി: രാജ്യത്ത് കൊറോണ പ്രതിരോധ വാക്സിന് വിതരണത്തിനുള്ള നടപടിക്രമങ്ങള്‍ ഊര്‍ജിതമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വിവിധ സംസ്ഥാനങ്ങളിലെ കൊറോണ വ്യാപനത്തെക്കുറിച്ച് മുഖ്യമന്ത്രിമാരുമായി, പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് വാക്സിന് വിതരണത്തിനുള്ള നടപടിക്രമങ്ങള്‍ മന്ത്രാലയം ഊര്‍ജിതമാക്കിയത്.
അടുത്ത വര്‍ഷം ആദ്യ പാദത്തില്‍തന്നെ വാക്സിന് ജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് പദ്ധതി. ജൂലൈയോടെ 25-30 കോടി ജനങ്ങള്‍ക്ക് വാക്സിന് ലഭ്യമാക്കും. കൊറോണ പ്രതിരോധത്തിലെ മുന്‍ നിര പോരാളികളായ മൂന്ന് കോടി ആരോഗ്യ പ്രവര്‍ത്തകരാണ് ഇതില്‍ ഉള്‍പ്പെടുക. ഇവര്‍ക്കെല്ലാമായി 600 ഡോസ് വാക്സിനാണ് ആദ്യഘട്ടത്തില്‍ വേണ്ടി വരിക, ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വാക്സിന് വിതരണം വിജയകരമായി നടപ്പാക്കാന്‍ സംസ്ഥാനങ്ങളുമായി കേന്ദ്രം നിരന്തരം ബന്ധപ്പെടുന്നുണ്ട്. അടിയന്തര ഉപയോഗങ്ങള്‍ക്കായുള്ള വാക്സിന് ആദ്യം അംഗീകാരം നല്‍കും. എന്നാല്‍, എല്ലാ പരീക്ഷണങ്ങള്‍ക്കും ശേഷം മാത്രമേ പൊതുജനങ്ങള്‍ക്ക് വാക്സിന് ലഭ്യമാക്കൂ.
വാക്സിന് ലഭ്യമാക്കേണ്ടവരെ കണ്ടെത്തുകയാണ് ഇതിലെ നിര്‍ണായക ഘട്ടം. ഇതിനായി അവരുടെ പട്ടിക തയാറാക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍, 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, 50നും 65നും ഇടയിലുള്ളവര്‍, മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ള 50ന് താഴെയുള്ളവര്‍ എന്നിവര്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്, മന്ത്രാലയം അറിയിച്ചു.
വാക്സിന് വിതരണത്തിന് തടസങ്ങളൊന്നും ഉണ്ടാവരുതെന്നും ഇതിനായി സംസ്ഥാന-ജില്ലാ തലങ്ങളില്‍ ഉപദേശക-ഏകോപന പ്രക്രിയ നടപ്പാക്കണമെന്നും നേരത്തെ തന്നെ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: